അഞ്ചാം ഐപിഎൽ കിരീടം നേടിയ ചെന്നൈ നായകൻ ധോണിയെയും, വിജയമൊരുക്കിയ ജഡേജയെയും, മറ്റ് സഹതാരങ്ങളെയും പ്രശംസകൾകൊണ്ട് മൂടുകയാണ് ചെന്നൈ ആരാധകർ. തിങ്കളാഴ്ച രാത്രി വൈകി നടന്ന പതിനാറാം ഐപിഎൽ സീസൺ കലാശപോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് കീഴടക്കിയാണ് ചെന്നൈ കിരീടം ചൂടിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ ബാറ്റിങ്ങിന് ഇറങ്ങിയസമയം മഴ പെയ്യുകയും, തുടർന്ന് വിജയലക്ഷ്യം 15 ഓവറിൽ 171 റൺസായി പുനർനിർണയിക്കുകയും ചെയ്തിരുന്നു. മോഹിത് ശർമ എറിഞ്ഞ ഇരുപതാം ഓവറിന്റെ അവസാന രണ്ട് പന്തുകളിൽ നിന്നും 10 റൺസായിരുന്നു ചെന്നൈയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. അഞ്ചാം പന്തിൽ സിക്സും, അവസാന പന്തിൽ ഫോറും അടക്കം 6 പന്തിൽ 15 റൺസോടെ പുറത്താകാതെ നിന്ന ജഡേജ, ചെന്നൈയുടെ വീരനായകനായി.
ഇന്നലെത്തെ മത്സരം കഴിഞ്ഞ് എല്ലാവരും നായകൻ ധോണിയുടെയും വിജയം നേടിയെടുത്ത ജഡേജയുടെയും പുറകെ പോയപ്പോൾ, വിട്ടുപോയ ഒരാൾ ഉണ്ടായിരുന്നു. പതിനാറാം ഐപിഎൽ ഫൈനൽ മത്സരം തന്റെ വിടവാങ്ങൽ മത്സരം ആയിരിക്കുമെന്ന് നേരത്തെതന്നെ പ്രഖ്യാപിച്ച അമ്പാട്ടി റായിഡു. ഈ സീസണിൽ അദ്ദേഹത്തിൽ നിന്നും, ടീം പ്രതീക്ഷിച്ചപോലെ പ്രകടനമുണ്ടായില്ലെങ്കിലും, ഫൈനലിലെ നിർണായക നിമിഷത്തിൽ 8 പന്തിൽ 19 റൺസ് എടുത്ത റായിഡു, വിജയത്തിൽ മികച്ചൊരു സംഭാവന നൽകുകയും ചെയ്തു.
ഇതോടെ ഏറ്റവും കൂടുതൽ തവണ ഐപിഎൽ കിരീടം നേടിയ കളിക്കാരുടെ പട്ടികയിൽ റായിഡു, രോഹിത് ശർമയ്ക്കൊപ്പം ഇടം നേടുകയും ചെയ്തു. മുംബൈ ഇന്ത്യൻസിനൊപ്പവും ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പവും മൂന്നുവീതം കിരീടനേട്ടങ്ങളോടെ ആകെ 6 ട്രോഫികൾ. മത്സരശേഷം നിറകണ്ണുകളോടെയാണ് അദ്ദേഹം മൈതാനത്ത് നടക്കുന്നുണ്ടായിരുന്നത്. ഫൈനൽ ജയത്തിന്റെ സന്തോഷവും വിരമിക്കലിന്റെ സങ്കടവും ഒത്തുചേർന്ന നിമിഷങ്ങൾ.
വീഡിയോ കാണാം..