ഇന്ന് വൈകീട്ട് കൊളംബോയിൽ നടന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിലെ കലാശപോരാട്ടത്തിൽ ശ്രീലങ്കയെ 10 വിക്കറ്റിന് തകർത്ത് ഇന്ത്യ കിരീടം ചൂടി. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അവരെ വെറും 50 റൺസിന് പുറത്താക്കിയ ഇന്ത്യൻ ബോളർമാർ ഞൊടിയിടയിൽ കളി തീർത്തു. ഒരോവറിൽ നാല് വിക്കറ്റ് അടക്കം ആകെ 6 വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് സിറാജായിരുന്നു കൂടുതൽ അപകടകാരി.
ഹർദിക് പാണ്ഡ്യ മൂന്നും ബൂംറ ഒരു വിക്കറ്റും വീഴ്ത്തി. വെറും 15.2 ഓവറിൽ അവരുടെ ഇന്നിങ്സ് അവസാനിച്ചു. കുശാൽ മെൻഡിസിനും(17) ദുഷൻ ഹേമന്തയ്ക്കും(13*) മാത്രമാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കാണാൻ കഴിഞ്ഞത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വെറും 6.1 ഓവറിൽ വിജയലക്ഷ്യം മറികടന്നു. നായകൻ രോഹിത് ശർമയ്ക്ക് പകരം ഇശാൻ കിഷനാണ് ഗില്ലിനൊപ്പം ഓപ്പൺ ചെയ്തത്. കിഷൻ 18 പന്തിൽ 23 റൺസും ഗിൽ 19 പന്തിൽ 27 റൺസും എടുത്തു.
ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് ഈ വർഷത്തെ ഏഷ്യ കപ്പ് ടൂർണമെൻ്റിൻ്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് ഏഴോവറിൽ 21 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ് ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. അതിനിടെ തനിക്ക് പാരിതോഷികമായി ലഭിച്ച തുക ശ്രീലങ്കയിലെ ഗ്രൗണ്ട്സ്റ്റാഫിന് സമർപ്പിച്ച് സിറാജ് മാതൃകയായി.
ടൂർണമെൻ്റിൽ ഇടയ്ക്കിടെ കളികൾ മഴമൂലം തടസ്സപ്പെടുകയും, അവരുടെ ഉചിതമായ ഇടപെടലും കഠിനാധ്വാനവും പല മത്സരങ്ങളും പൂർത്തീകരിക്കാൻ സഹായിക്കുകയും ചെയ്തിരുന്നു. സിറാജിൻ്റെ ഈ പ്രഖ്യാപനം കയ്യടികളോടെയാണ് ഇന്ത്യൻ ടീം സ്വാഗതം ചെയ്തത്.
വീഡിയോ..