ഞായറാഴ്ച ദുബായിൽ നടക്കുന്ന 2022 ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ പാകിസ്ഥാനുമായി ഏറ്റുമുട്ടും. പാകിസ്ഥാനെതിരെ ഇന്ത്യ ഇറങ്ങുമ്പോൾ എല്ലാവരും ഉറ്റു നോക്കുന്ന താരങ്ങളിൽ ഒരാളായിരിക്കും വിരാട് കോഹ്‌ലി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം കളത്തിലിറങ്ങുകയാണ്. മോശം ഫോമിനെ തുടർന്ന് ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ കോഹ്ലി വിശ്രമം ആവശ്യപ്പെടുകയായിരുന്നു.
അതേസമയം പാകിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായുള്ള
കോഹ്ലിയുടെ പരിശീലന വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരുന്നു. ഈ ലിസ്റ്റിൽ ഏറ്റവും ഒടുവിൽ എത്തിയിരിക്കുന്നത് പരിശീലനത്തിനിടെ കോഹ്ലി റിവേഴ്സ് സ്വീപിന് ശ്രമിക്കുന്ന വീഡിയോയാണ്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ കോഹ്ലി ഇത്തരം ഷോട്ടുകൾ കളിക്കുന്നത് വിരളമായിട്ടാണ് കണ്ടിട്ടുള്ളത്.
പരിശീലനത്തിനിടെ ചാഹലിന്റെ ഡെലിവറിയിലാണ് കോഹ്ലി റിവേഴ്സ് സ്വീപിന് ശ്രമിച്ചത്. കോഹ്ലിയുടെ ഷോട്ട് കണ്ട് നെറ്റ്സിൽ ഉണ്ടായിരുന്ന ജഡേജ ഉൾപ്പെടെയുള്ള മറ്റ് താരങ്ങൾ ചിരിക്കുന്നതും വീഡിയോയിൽ കാണാം. പിന്നാലെ പന്തെറിഞ്ഞ ചാഹലിന് ഫിസ്റ്റ് ബംബ് നൽകുന്നുമുണ്ട്. കോഹ്ലി 2.0 യ്ക്കുള്ള തയ്യാറെടുപ്പിലാണോയെന്നാണ് ആരാധകരുടെ ചോദ്യം.
അതേസമയം 2021 ടി20 ലോകക്കപ്പിന് ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. ദയനീയ തോൽവിയായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. കോഹ്ലി അന്ന് അർധ സെഞ്ചുറി നേടിയിരുന്നുവെങ്കിലും ടീമിന് ഡിഫെൻഡ് ചെയ്യാവുന്ന സ്‌കോർ കെട്ടിപാടുക്കാൻ ആയിരുന്നില്ല. അന്ന് ഇന്ത്യൻ ബാറ്റിങ്ങിൽ നാശം വിതച്ച പാക് പേസർ ഷഹീൻ അഫ്രീദി ഇത്തവണ കളത്തിൽ ഇറങ്ങില്ല. കാലിനേറ്റ പരിക്ക് കാരണം ടീമിൽ നിന്ന് പുറത്താണ്.
നിലവിലെ ഏഷ്യ കപ്പ് ജേതാക്കളാണ് ഇന്ത്യ, ഏറ്റവും കൂടുതൽ തവണ(7) കപ്പ് നേടിയതും ഇന്ത്യ തന്നെയാണ്, ശ്രീലങ്ക 5 തവണ ജേതാക്കൾ ആയപ്പോൾ, 2 തവണ പാക്കിസ്ഥാൻ കപ്പുയർത്തി, 3 തവണ ഫൈനലിലെത്താൻ സാധിച്ചെങ്കിലും ഇത് വരെ ബംഗ്ലാദേശിന് ഏഷ്യ കപ്പിൽ മുത്തമിടാൻ സാധിച്ചിട്ടില്ല.