Categories
Uncategorized

ഏഷ്യ കപ്പ് പരിശീലന സെഷനിലും ചേട്ടാ ചേട്ടാ വിളികൾ; രോഹിത്തിന്റെ മറുപടി കേട്ടോ

ലോകത്തിന്റെ ഏത് ഭാഗത്ത് ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടാകും എന്നാണ് നമ്മൾ പൊതുവെ പറയാറ്. അത് ഏറെക്കുറെ സത്യവുമാണ്. എന്തിന് ചന്ദ്രനിൽ പോയാലും അവിടെ ഒരു ചായക്കട നടത്തുന്ന മലയാളി ഉണ്ടായിരിക്കും എന്നാണ് തമാശരൂപേണ നമ്മുടെ പഴമക്കാർ പറഞ്ഞിരുന്നത്. മലയാളി താരം സഞ്ജു വി സാംസൺ ഇന്ത്യൻ ടീമിൽ കളിക്കുമ്പോഴെല്ലാം മികച്ച ആരാധകപിന്തുണയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽവെച്ച് ലഭിക്കുന്നത്.

ഇപ്പോഴിതാ ഏഷ്യ കപ്പ് പരിശീലന സെഷനിൽ നിന്നുമുള്ള ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ നായകൻ രോഹിത് ശർമയും മറ്റൊരു കോച്ചിംഗ് സ്റ്റാഫും കൂടി പരിശീലനം നടത്തുമ്പോൾ തുടർച്ചയായി ചേട്ടാ… ചേട്ടാ.. വിളികൾ ഉയരുന്നുണ്ട്. ഇന്ത്യൻ ടീമിന്റെ പരിശീലനം കാണാനായി എത്തിയ ചില ദുബായ് മലയാളികൾ ആണെന്ന് തോന്നുന്നു. ഇത് കേൾക്കുന്ന രണ്ടുപേരും ആദ്യം പരസ്പരം ചിരിക്കുന്നു.

പിന്നീടും ആരാധകർ സഞ്ജു ബാബ… സഞ്ജു ബാബാ… എന്ന് ഒച്ചവെച്ചപ്പോൾ രോഹിത് അവർക്ക് നേരെ തിരിഞ്ഞ് നിങ്ങളുടെ സഞ്ജു ബാബ ഇന്ത്യയുടെ സ്വത്താണെന്ന് പറയുന്നതും കാണികൾ വൻ ഹർഷാരവത്തോടുകൂടി അത് ഏറ്റെടുക്കുന്നതും കേൾക്കാം. ഏഷ്യ കപ്പ് റിപ്പോർട്ട് ചെയ്യാൻ എത്തിയ ഇന്ത്യൻ ജേർണലിസ്റ്റ് വിമൽ കുമാർ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച രോഹിത് ശർമയുടെ പരിശീലന വീഡിയോയിലേതാണ് ഈ രംഗങ്ങൾ. ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിന് ഇടം പിടിക്കാൻ സാധിച്ചില്ല. എങ്കിലും വരുന്ന ട്വന്റി ട്വന്റി ലോകകപ്പ് ടീമിലെങ്കിലും തങ്ങളുടെ പ്രിയ താരത്തിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സഞ്ജു ആരാധകർ ഇപ്പോഴുള്ളത്.

കഴിഞ്ഞ ഏതാനും പരമ്പരകളായി സഞ്ജുവിന് ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിൽ സ്ഥിരമായ അവസരങ്ങൾ കിട്ടുന്നുണ്ട്. ഈ വർഷം തനിക്ക് ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലാക്കാൻ ഒരുപരിധി വരെയെങ്കിലും അദ്ദേഹത്തിന് കഴിഞ്ഞിട്ടുമുണ്ട്. അയർലൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തിൽ 77 റൺസ് നേടി തന്റെ കന്നി T20 അർദ്ധ സെഞ്ചുറിയും വെസ്റ്റിൻഡീസ് പര്യടനത്തിൽ കന്നി ഏകദിന അർദ്ധ സെഞ്ചുറിയും സ്വന്തമാക്കിയ സഞ്ജു, സിംബാബ്‌വെ പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ പുറത്താകാതെ 43 റൺസ് നേടി തന്റെ കരിയറിലെ ആദ്യത്തെ രാജ്യാന്തര പ്ലേയർ ഓഫ് ദി മാച്ച് പുരസ്കാരവും നേടിയിരുന്നു.

ഈ അവസരങ്ങളിലെല്ലാം സഞ്ജുവിന് വളരെ മികച്ച രീതിയിൽ ഉള്ള ആരാധക പിന്തുണയാണ് ഗാലറിയിൽ ഉണ്ടായിരുന്നത്. ചേട്ടാ… ചേട്ടാ… സഞ്ജു… സഞ്ജു… എന്നുള്ള വിളികളായിരുന്നു അധികവും. ഇതേക്കുറിച്ച് സഞ്ജു തന്നെ സിംബാബ്‌വെ പര്യടനത്തിൽവെച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സത്യം പറയാമല്ലോ ഈ ആരാധകപിന്തുണ തന്നെ ശരിക്കും അമ്പരപ്പിച്ചുവെന്നും ഒരുപാട് മലയാളികളും ഇക്കൂട്ടത്തിൽ ഉണ്ടെന്ന് താൻ അറിയുന്നു, കാരണം കുറെയേറെ ചേട്ടാ… ചേട്ടാ… വിളികൾ തനിക്ക് എല്ലായിടത്തും കേൾക്കാൻ സാധിക്കുന്നുവെന്നും സഞ്ജു പറഞ്ഞു.

അയർലൻഡ് പര്യടനത്തിലെ ആദ്യ മത്സരത്തിൽ സഞ്ജുവിന് ടീമിൽ ഇടം നേടാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും രണ്ടാം മത്സരത്തിൽ പരുക്കേറ്റ ഋതുരാജ് ഗയിക്വാദിന് പകരം ഓപ്പണറായി സഞ്ജു ടീമിലെത്തിയിരുന്നു. അന്ന് ടോസിന്റെ സമയത്ത് നായകൻ ഹർദിക് പാണ്ഡ്യ സഞ്ജുവിന്റെ പേര് പറഞ്ഞപ്പോൾ ഗാലറിയിൽ നിന്നും ഉയർന്ന കരഘോഷം സമീപകാലത്ത് മറ്റൊരു ഇന്ത്യൻ താരത്തിനും അവകാശപ്പെടാനില്ല. ആ വീഡിയോ ഇന്നും സമൂഹ മാധ്യമങ്ങളിൽ വൻ തരംഗമാണ്.

https://twitter.com/cricket82182592/status/1563453873582653441?t=jufJpUzvziwyWF_Nx5PC3w&s=19

Leave a Reply

Your email address will not be published. Required fields are marked *