ഹാർദിക്ക് പാണ്ഡ്യ ക്രീസിൽ ഉള്ളപ്പോൾ ഇന്ത്യൻ ആരാധകർക്ക് അതൊരു പ്രതീക്ഷയാണ്, എത്ര വലിയ സമ്മർദ്ദഘട്ടം ആയാലും താരത്തിന്റെ ആത്മവിശ്വാസം അത് വേറെ തലത്തിൽ ഉള്ളതാണ്, അയാൾക്ക് തന്റെ കഴിവിൽ അത്രത്തോളം വിശ്വാസമുള്ളത് കൊണ്ട് ആകണം അത്, മുമ്പ് മഹേന്ദ്രസിംഗ് ധോണി ക്രീസിൽ ഉള്ളപ്പോൾ ഇന്ത്യൻ ആരാധകർക്ക് അവസാന ഘട്ടം വരെ തോന്നുന്ന ആ പ്രതീക്ഷ, ഇപ്പോൾ അത് ഇന്ത്യ നിറവേറ്റുന്നത് ഹർദിക്കിലൂടെ ആണ്.
ബാറ്റ് കൊണ്ടും ബോളും കൊണ്ടും ഹാർദിക്ക് ഇന്ത്യയെ നയിക്കുകയാണ്, ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ഏഷ്യകപ്പ്, വരാനിരിക്കുന്ന ട്വന്റി-20 ലോക കപ്പ് എന്നീ ടൂർണമെന്റിലൊക്കെ ഇന്ത്യക്ക് ഏറെ നിർണായകമാണ് താരത്തിന്റെ ഓൾ റൗണ്ട് മികവ്, പാകിസ്താനെതിരായ മത്സരത്തിൽ 4 ഓവറിൽ വെറും 25 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റും, ഓവറിൽ 10 റൺസിൽ കൂടുതൽ ജയിക്കാൻ വേണ്ടിയിരുന്ന സമയത്ത്, 17 പന്തിൽ 4 ഫോറും 1 സിക്സും ഉൾപ്പടെ പുറത്താകാതെ 33 റൺസും നേടിയാണ് ഹാർദിക്ക് ഇന്ത്യയെ ത്രസിപ്പിക്കുന്ന ജയത്തിലേക്ക് നയിച്ചത്, കളിയിലെ താരമായും ഹാർദിക്ക് തിരഞ്ഞടുക്കപ്പെട്ടു.
കളിക്കളത്തിൽ എതിരാളികളോട് ഒട്ടും ദയ കാണിക്കാറില്ലെങ്കിലും, എതിർ ടീമിലെ കളിക്കാരോട് പോലും വളരെ സൗഹൃദ മനോഭാവത്തോടെ പെരുമാറുന്നയാളാണ് ഹാർദിക്ക് പാണ്ഡ്യ, കളിക്കളത്തിൽ നമ്മൾ പലപ്പോഴും അത് കണ്ടിട്ടുള്ളതാണ്, പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ റിസ്‌വാനുമായി മത്സരത്തിന്റെ സമ്മർദ്ദഘട്ടത്തിൽ പോലും വളരെ ശാന്തനായി തമാശ രൂപേണെ ഇടപെടുന്ന താരത്തിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകുന്നത്.
അവസാന ഓവർ വരെ ആവേശത്തിന്റെ കൊടുമുടിയിൽ നിന്ന മത്സരത്തിൽ ഹർദിക്കിന്റെ ചിറകിലേറി ഇന്ത്യ പാകിസ്താനെ 5 വിക്കറ്റിനു തോൽപിക്കുകയായിരുന്നു.