വൻ നാടകീയ സംഭവങ്ങൾക്ക് ഒടുവിൽ ബംഗ്ലാദേശിനെ വിറപ്പിച്ച് ഒടുവിൽ കീഴടങ്ങി സിംബാബ്‌വെ. അവസാന ഓവർ വരെ നീണ്ടു നിന്ന പോരാട്ടത്തിൽ 3 റൺസിനാണ് സിംബാബ്‌വെ തോൽവി ഏറ്റുവാങ്ങിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 150 റൺസ് നേടിയിരുന്നു.
ചെയ്‌സിങ്ങിൽ തകർച്ചയോടടെയായിരുന്നു സിംബാബ്‌വെയ്ക്ക് തുടക്കം. 11.2 ഓവറിൽ തന്നെ 5 വിക്കറ്റ് നഷ്ട്ടപ്പെട്ട സിംബാബ്‌വെ വെറും 69 റൺസ് മാത്രമാണ് നേടിയത്. പിന്നാലെ ആറാം വിക്കറ്റിൽ 63 കൂട്ടിച്ചേർത്ത് സീൻ വില്യംസും, റിയാൻ ബർലും സിംബാബ്‌വെയ്ക്ക് വിജയപ്രതീക്ഷ സമ്മാനിച്ചു. എന്നാൽ 19ആം ഓവറിലെ നാലാം പന്തിൽ 42 പന്തിൽ 64 റൺസ് നേടിയ സീൻ വില്യംസ് പുറത്തായതോടെ തിരിച്ചടിയായി. പന്തെറിഞ്ഞ ശാഖിബ് കിടിലൻ ത്രോയിൽ റൺഔട്ട് ആക്കുകയായിരുന്നു.
അവസാന 2 ഓവറിൽ ജയിക്കാൻ 26 റൺസ് വേണമായിരുന്ന സിംബാബ്‌വെ 19ആം ഓവറിൽ 10 റൺസ് നേടി ലക്ഷ്യം 16ൽ എത്തിച്ചു. ആദ്യ രണ്ടിൽ 1 വിക്കറ്റും 1 റൺസ് വിട്ട് കൊടുത്ത് ഹൊസൈൻ സിംബാബ്‌വെയെ സമ്മർദ്ദത്തിലാക്കി. മൂന്നാം പന്തിൽ ഫോറും നാലാം പന്തിൽ സിക്‌സും നേടി ങ്കരവ കളിയിലേക്ക് തിരിച്ചു കൊണ്ടുവന്നു.
2 പന്തിൽ 5 റൺസ് വേണമെന്നപ്പോൾ സ്റ്റെപ് ചെയ്ത് ബൗണ്ടറിക്ക് ശ്രമിച്ച ങ്കരവ സ്റ്റംപിങിലൂടെ പുറത്തായി. അവസാന പന്തിൽ ക്രീസിൽ എത്തിയ മൂസറബാനിയും സമാന രീതിയിൽ പുറത്തായി. ഇതോടെ ജയം ആഘോഷിക്കാൻ ബംഗ്ലാദേശ് താരങ്ങൾ തുടങ്ങി.
ഇവിടെയാണ് ട്വിസ്റ്റ് സംഭവിച്ചത്. സ്റ്റംപിങ് ചെയ്യുന്നതിനിടെ നൂറുൽ കൈ മുമ്പിലോട്ട് നീട്ടിയെന്ന് വ്യക്തമായതോടെ നോ ബോൾ വിധിച്ചു. ഇതോടെ 1 പന്തിൽ 4 റൺസ് എന്നായി മാറി. എന്നാൽ ലഭിച്ച സുവർണാവസരം മുതലാക്കാൻ സ്‌ട്രൈക്കിൽ ഉണ്ടായിരുന്ന മൂസറബാനിക്ക് സാധിച്ചില്ല. ആരാധകരെ മുൾമുനയിൽ നിർത്തിയ ആവേശപോരാട്ടത്തിൽ 3 റൺസിനാണ് ബംഗ്ലാദേശ് ജയം നേടിയത്.