Categories
Cricket Latest News Malayalam

4 4 6 ഇതെന്താ ടി20 ആണോ ! ഹെൻറിയെ പഞ്ഞിക്കിട്ട് വാഷിങ്ടൺ സുന്ദർ ; വീഡിയോ കാണാം

ഓക്ക്‌ലാൻഡിൽ നടക്കുന്ന ഇന്ത്യ ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ടീം ഇന്ത്യക്ക് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് എടുത്തിട്ടുണ്ട്. അർദ്ധസെഞ്ചുറി നേടിയ ശ്രേയസ് അയ്യരും ഓപ്പണർമാരായ നായകൻ ശിഖർ ധവാനും ശുഭ്മാൻ ഗില്ലും ഇന്ത്യക്കായി തിളങ്ങി. മലയാളി താരം സഞ്ജു സാംസൺ 38 പന്തിൽ 36 റൺസ് എടുത്ത് പുറത്തായി. വാഷിങ്ടൺ സുന്ദർ 16 പന്തിൽ മൂന്നു വീതം ഫോറും സിക്സും അടക്കം 37 റൺസ് എടുത്ത് പുറത്താകാതെ നിന്നു.

പതിഞ്ഞ താളത്തിൽ ആയിരുന്നു ഇന്ത്യൻ ഇന്നിംഗ്സിന്റെ തുടക്കം. ഗില്ലും ധവാനും ശ്രദ്ധയോടെ ബാറ്റ് വീശി തങ്ങളുടെ അർദ്ധസെഞ്ചുറി പൂർത്തിയാക്കി. 50 റൺസ് എടുത്ത ഗിൽ ആണ് ആദ്യം പുറത്തായത്. ഒന്നാം വിക്കറ്റിൽ 124 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഉടനെത്തന്നെ 72 റൺസ് എടുത്ത ധവാനെയും ഇന്ത്യക്ക് നഷ്ടമായി. പിന്നീട് വന്ന സൂര്യകുമാർ യാദവും റിഷഭ് പന്തും പെട്ടെന്നുതന്നെ മടങ്ങിയപ്പോൾ 160-4 എന്ന നിലയിൽ പ്രതിസന്ധിയിലായ ഇന്ത്യയെ സഞ്ജുവും അയ്യരും ചേർന്ന 94 റൺസിന്റെ കൂട്ടുകെട്ടാണ് കരകയറ്റിയത്. സഞ്ജു പുറത്തായശേഷവും തന്റെ ഇന്നിങ്സ് തുടർന്ന അയ്യർ 80 റൺസുമായി അവസാന ഓവറിലെ രണ്ടാം പന്തിലാണ് പുറത്തായത്. ന്യൂസിലൻഡിനായി ടിം സൗത്തിയും ലോക്കീ ഫെർഗൂസനും 3 വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തിൽ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് കാഴ്ച്ചവെച്ചത്. മാറ്റ് ഹെൻറി എറിഞ്ഞ നാൽപ്പത്തിയൊമ്പതാം ഓവറിലെ അവസാന മൂന്ന് പന്തുകളിൽ 4, 4, 6 എന്നിങ്ങനെ നേടി അദ്ദേഹം ഇന്ത്യൻ സ്കോർ 300 കടത്താൻ സഹായിച്ചു. നാലാം പന്തിൽ പുൾ ഷോട്ട് കളിച്ച് ഡീപ് മിഡ് വിക്കറ്റിലേക്ക് ബൗണ്ടറി നേടിയ സുന്ദർ, അഞ്ചാം പന്തിൽ പിച്ചിൽ വീണുകിടന്നുകൊണ്ട് ഒരു മനോഹര സ്കൂപ്പ് ഷോട്ടിലൂടെ ലോ ഫുൾ ടോസ് ബോൾ, ഷോർട്ട് ഫൈൻ ലെഗിന് മുകളിലൂടെ കോരിയിട്ട് ബൗണ്ടറി കടത്തി. അവസാന പന്തിൽ വീണ്ടുമൊരു തകർപ്പൻ പുൾ ഷോട്ട് സിക്സ്!!

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സീനിയർ താരങ്ങളായ മാർട്ടിൻ ഗപ്ട്ടിൽ, ട്രെന്റ് ബോൾട്ട്, ഇഷ് സോദി എന്നിവരാരും പരമ്പരയിൽ കളിക്കുന്നില്ല. ശിഖർ ധവാൻ നായകനായി എത്തുന്ന ഇന്ത്യൻ ടീമിൽ പേസർമാരായ ഉമ്രാൻ മാലിക്കിനും അർഷദീപ് സിംഗിനും ഇന്ന് തങ്ങളുടെ ഏകദിനഅരങ്ങേറ്റം സാധ്യമായി. വിക്കറ്റ് കീപ്പർമാരായ മലയാളി താരം സഞ്ജു വി സാംസണും റഷഭ് പന്തും ഒരുമിച്ച് ടീമിൽ ഇടം നേടിയതും ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *