ഐപിഎൽ താരലേലം കഴിഞ്ഞദിവസം കൊച്ചിയിൽ നടന്നിരുന്നു. ഇത് ആദ്യമായാണ് കൊച്ചിയിൽ താരലേലം നടക്കുന്നത്. 2023 ഐപിഎൽ സീസൺ ഏപ്രിൽ മാസം തുടങ്ങാൻ ഇരിക്കുന്നതിന് മുന്നോടിയായാണ് ഇന്നലെ ഐപിഎൽ താര ലേലം നടന്നത്. ഐപിഎല്ലിലെ 10 ടീമുകളും താര ലേലത്തിൽ പങ്കെടുത്തു. ലേലത്തിനു മുമ്പ് സൺറൈസേഴ്സ് ഹൈദരാബാദ് ആയിരുന്നു ഏറ്റവും കൂടുതൽ തുക കൈവശമുണ്ടായിരുന്ന ടീം. കിംഗ്സ് ഇലവൻ പഞ്ചാബ് ആയിരുന്നു ഏറ്റവും തുക കൈവശമുണ്ടായിരുന്ന രണ്ടാമത്തെ ടീം. ലേലം ഇന്നലെ അവസാനിച്ചപ്പോഴും പഞ്ചാബിന്റെ കയ്യിൽ കോടികൾ ബാക്കിയുണ്ടായിരുന്നു.
സാം കറൺ ഏറ്റവും കൂടുതൽ തുകയ്ക്ക് ഐപിഎൽ ചരിത്രത്തിൽ വിറ്റു പോകുന്ന താരമായി. 18.5 കോടി രൂപയാണ് കറനായി കിംഗ്സ് ഇലവൻ പഞ്ചാബ് മുടക്കിയത്. കാമെറൂൺ ഗ്രീൻ 17.5 കോടിക്ക് മുംബൈ ഇന്ത്യൻസിൽ എത്തി. ഒരു താരം ഐപിഎൽ ലേലത്തിൽ നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയാണ് കാമെറൂൺ ഗ്രീനിന് ലഭിച്ചത്. ഓസ്ട്രേലിയൻ ഓൾറൗണ്ടറാണ് ഗ്രീൻ. ബെൻ സ്റ്റോക്സിനെ ചെന്നൈ സൂപ്പർ കിംഗ്സ് 16.25 കോടിക്ക് സ്വന്തമാക്കി. ഇതോടെ ബെൻസ്റ്റോക്സ്, രവീന്ദ്ര ജഡേജ, മോയിൻ അലി എന്നിങ്ങനെയുള്ള മൂന്ന് ലോകോത്തര ഓൾ റൗണ്ടർമാർ ചെന്നൈക്ക് വേണ്ടി കളിക്കും.
മലയാളി താരം വിഷ്ണു വിനോദിനെ മുംബൈ ഇന്ത്യൻസ് 20 ലക്ഷത്തിനാണ് സ്വന്തമാക്കിയത്. കേരള വിക്കറ്റ് കീപ്പർ ആയ വിഷ്ണു ഫിനിഷറായാണ് ഇപ്പോൾ കേരള ടീമിൽ കളിക്കുന്നത്. ഹാരി ബ്രൂക്കിനെ 13.25 കോടി രൂപയ്ക്ക് സൺറൈസഴ്‌സ് സ്വന്തമാക്കി. അപ്രതീക്ഷിതമായി ജോറൂട്ടിനെ അവസാനനിമിഷം രാജസ്ഥാൻ റോയൽ നേടി. നിക്കോളാസ് പൂരന് 16 കോടി ലഭിച്ചത് ഈ താര ലേലത്തിലെ അത്ഭുത കാഴ്ചയായി. ഐപിഎല്ലിൽ തന്റെ കഴിവിനൊത്ത് തിളങ്ങാൻ ഇതുവരെ നിക്കോളാസ് പൂരന് കഴിഞ്ഞിട്ടില്ല. ലക്നൗ സൂപ്പർ ജയന്റ്സ് ആണ് നിക്കോളാസ് പൂരനെ സ്വന്തമാക്കിയത്. മായങ്ക് അഗർവാൾ 8.25 കോടി രൂപയ്ക്ക് സൺറൈസഴ്സ് ഹൈദരാബാദിലെത്തി. അഭ്യൂഹങ്ങൾ പറയുന്നത് മായങ്ക് സൺറൈസേഴ്സിന്റെ ക്യാപ്റ്റൻ ആകുമെന്നാണ്.
മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽ സ്വന്തമാക്കിയ ഉയർന്ന മൂല്യമുള്ള താരം ജയ്സൺ ഹോൾഡറാണ്. 5.75 കോടിക്ക് ഹോൾഡറെ രാജസ്ഥാൻ സ്വന്തമാക്കി. കഴിഞ്ഞവർഷം മികച്ച ഒരു ഓർഡറൗണ്ടറുടെ അഭാവം രാജസ്ഥാൻ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ജയ്സൺ ഹോൾഡറിനെ ടീമിൽ എത്തിച്ചത് ഈ അഭാവം മറികടക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ്. ഓസ്ട്രേലിയൻ സ്പിന്നറായ ആദം സാംബയെയും രാജസ്ഥാൻ സ്വന്തമാക്കി. മുരുകൻ അശ്വിനിനെയും രാജസ്ഥാൻ സ്വന്തമാക്കി. ഇതോടെ രവിചന്ദ്രൻ അശ്വിനും, ചാഹലിനും പുറമേ രണ്ടു സ്പിന്നർ കൂടി രാജസ്ഥാൻ ടീമിലെത്തി. കഴിഞ്ഞവർഷം രാജസ്ഥാന്റെ ജെയ്സി അണിഞ്ഞ റസ്സി വാന്റർ ഡുസ്സനെയും ജിമ്മി നിഷത്തിനെയും ഇക്കുറി ആരും സ്വന്തമാക്കിയില്ല.
രാജസ്ഥാൻ റോയൽസിൽ ഇക്കുറി നാലു മലയാളികൾ കളിക്കും. സഞ്ജു സാംസന് പുറമേ കേരളത്തിന്റെ ഫാസ്റ്റ് ബോളറായ കെ എം ആസിഫ് ഇക്കുറി രാജസ്ഥാൻ റോയൽസിന്റെ ജേഴ്സി അണിയും. കഴിഞ്ഞ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരമായിരുന്നു ആസിഫ്. 140 നു മുകളിൽ പന്തെറിയാൻ കഴിവുള്ള മലയാളി പേസർ ആണ് ആസിഫ്. ദേവദത്ത് പടിക്കലും രാജസ്ഥാൻ റോയൽസ് ടീമിൽ ഉണ്ട്. ബാംഗ്ലൂരിലാണ് ഇപ്പോൾ കഴിയുന്നത് എങ്കിലും ദേവദത്ത് മലയാളിയാണ്. ഇപ്പോൾ ദേവദത്ത് പരിക്കിന്റെ പിടിയിലാണ് എങ്കിലും ഐപിഎൽ സമയം ആകുമ്പോഴേക്കും പരിക്ക് ഭേദമാകും എന്നാണ് ലഭിക്കുന്ന വിവരം.
മലയാളി താരം രോഹൻ കുന്നുമ്മലിനെ രാജസ്ഥാൻ റോയൽ സ്വന്തമാക്കും എന്ന വാർത്ത വന്നിരുന്നുവെങ്കിലും രോഹന് വേണ്ടി ലേലം വിളിക്കാൻ രാജസ്ഥാൻ റോയൽ തയ്യാറായില്ല. കേരള ഓൾ റൗണ്ടർ ആയ അബ്ദുൾ ബാസിത് പി എ ഇക്കുറി രാജസ്ഥാൻ റോയൽസിനായി കളിക്കും. ഇതോടെ നാല് മലയാളി താരങ്ങൾ രാജസ്ഥാൻ റോയൽസ് ജേഴ്സി അണിയും. ഇവർ ഒക്കെ തന്നെ ഒരുമിച്ച് ഒരു മത്സരത്തിൽ കളിക്കുമോ എന്നുള്ള ആകാംക്ഷയിലാണ് ആരാധകർ. അങ്ങനെ സംഭവിക്കുകയാണ് എങ്കിൽ അത് ഒരു ചരിത്ര നിമിഷമായി മാറും. സച്ചിൻ ബേബിക്കും രോഹൻ പ്രേമിനും അസറുദ്ദീനും, എസ് മിഥുനിനും ഇക്കുറി ആവശ്യക്കാർ ഉണ്ടായിരുന്നില്ല.