Categories
Cricket India

അന്ന് ഓസ്ട്രേലിയയെ തകർത്തത് സഞ്ജുവിന്റെ രാജതന്ത്രം; വെളിപ്പെടുത്തലുമായി മുൻ ഫീൽഡിംഗ് കോച്ച്

2020 ഡിസംബറിൽ നടന്ന ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ട്വന്റി ട്വന്റി പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരം തലസ്ഥാനമായ കാൻബറയിലും ബാക്കി രണ്ട് മത്സരങ്ങൾ സിഡ്നിയിലുമാണ് നടന്നത്. അതിനുമുൻപ് സമാപിച്ച ഏകദിന പരമ്പരയിൽ 2-1ന് പരാജയപ്പെട്ട ഇന്ത്യക്ക് ട്വന്റി ട്വന്റി പരമ്പരയിൽ ഭേദപ്പെട്ട പ്രകടനം നടത്തേണ്ടത് അനിവാര്യമായിരുന്നു. കാൻബറയിലെ മനൂക ഓവലിൽ നടന്ന മത്സരത്തിൽ ഇന്ത്യ 11 റൺസിന്റെ വിജയം നേടിയിരുന്നു. മത്സരത്തിൽ മലയാളി താരം സഞ്ജു വി സാംസൺ 23 റൺസ് എടുത്തിരുന്നു.

വിരാട് കോഹ്‌ലി നായകനായിരുന്ന അന്നത്തെ പോരാട്ടത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. അർദ്ധസെഞ്ചുറി നേടിയ ഓപ്പണർ രാഹുലിന്റെയും 23 പന്തിൽ 44 റൺസോടെ പുറത്താകാതെ നിന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെയും മികവിൽ ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് 7 വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നർ ചഹലും പേസർ നടരാജനും ചേർന്നാണ് അവരെ തകർത്തത്.

ചഹൽ ഇന്ത്യയുടെ ആദ്യ പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്നില്ല. ജഡേജയും വാഷിങ്ടൺ സുന്ദറുമായിരുന്നു രണ്ട് സ്പിന്നർമാർ. എന്നാൽ ജഡേജക്ക് പകരം കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് ആയാണ് അദ്ദേഹം ഇറങ്ങിയത്. ഇന്ത്യൻ ടീമിന്റെ ബാറ്റിങ്ങിൽ മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ അവസാന ഓവറിനിടെ പന്ത് ജഡേജയുടെ ഹെൽമെറ്റിൽ പതിച്ചിരുന്നു. അന്നേരം ഗ്രൗണ്ടിൽവെച്ച് കൂടുതൽ വൈദ്യസഹായം തേടാതെയിരുന്ന ജഡ്ഡു ബാറ്റിംഗ് തുടർന്ന് നിർണായകമായ രണ്ട് ബൗണ്ടറി കൂടി നേടിയിരുന്നു. ബാറ്റിങ്ങിന് ഇടയിൽ പേശിവലിവ് നേരിട്ടിരുന്ന ജഡേജ വളരെ ബുദ്ധിമുട്ടിയാണ് ഇന്നിങ്സ് പൂർത്തിയാക്കിയത്. തുടർന്ന് ഡഗ് ഔട്ടിൽ മടങ്ങിയെത്തിയ ശേഷം തല കറങ്ങുന്നതായി അനുഭവപ്പെട്ട ജഡേജക്ക് പകരം കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ചാഹൽ ഇറങ്ങി.

ഇന്ത്യൻ ടീമിന്റെ മുൻ ഫീൽഡിംഗ് കോച്ചായ ആർ. ശ്രീധർ കഴിഞ്ഞ ആഴ്ച തന്റെ ആത്മകഥ പുറത്തിറക്കിയിരുന്നു. “കോച്ചിങ് ബിയോണ്ട്; മൈ ഡേയ്സ് വിത്ത് ദ് ഇന്ത്യൻ ക്രിക്കറ്റ് ടീം” എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിൽ, തന്റെ ഇന്ത്യൻ ടീം പരിശീലകനായുള്ള കാലഘട്ടത്തിലെ ഒരുപാട് അനുഭവങ്ങൾ വിവരിക്കുന്നുണ്ട്. അതിലൊരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. അന്ന് ഓസ്ട്രേലിയൻ പര്യടനത്തിലെ ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ജഡേജക്ക് കൺകഷൻ പകരക്കാരനായി ചഹലിനെ ഇറക്കിയത് മലയാളി താരം സഞ്ജു വി സാംസൺ നൽകിയ ഉപദേശത്തിന്റെ പുറത്തായിരുന്നു എന്നുള്ള വെളിപ്പെടുത്തൽ.

ഇന്ത്യൻ ടീമിന്റെ ബാറ്റിങ്ങിന് ശേഷം ഫീൽഡിംഗ് തന്ത്രങ്ങൾ പ്ലാൻ ചെയ്യുമ്പോഴാണ് തന്റെ അടുത്തിരിക്കുകയായിരുന്ന സഞ്ജു ആ നിർദേശം നൽകിയത്. ജഡേജക്ക് പേശിവലിവ് മൂലം നടക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട സഞ്ജു, നേരത്തെ ഹെൽമേറ്റിൽ പന്ത് കൊണ്ടിരുന്ന കാര്യം തന്നോട് ഓർമപ്പെടുത്തി. ജഡ്ഡുവിന്‌ പകരം എന്തുകൊണ്ട് കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് ആയി മറ്റൊരു ബോളറെ ഉൾപ്പെടുത്തിക്കൂടാ എന്ന സഞ്ജുവിന്റെ നിർദേശം താൻ കോച്ച് രവി ശാസ്ത്രിയോട് പറയാൻ ഉപദേശിക്കുകയും അദ്ദേഹവും ടീം മാനേജ്മെന്റും ചേർന്ന് അത് നടപ്പിലാക്കുകയും ചെയ്തു. അന്ന് താൻ ഒരു നായകന്റെ മികവ് യുവതാരമായ സഞ്ജുവിൽ കണ്ടെത്തി എന്നാണ് അദ്ദേഹം ഇപ്പോൾ വെളിപ്പെടുത്തുന്നത്.

ലഭിച്ച അവസരം കൃത്യമായി മുതലാക്കിയ ചഹാൽ, ഓസീസ് ടീമിലെ താരങ്ങളായ സ്റ്റീവൻ സ്മിത്ത്, ആരോൺ ഫിഞ്ച്, മാത്യൂ വൈഡ് എന്നിവരുടെ നിർണായക വിക്കറ്റുകൾ വീഴ്ത്തി മത്സരം ഇന്ത്യക്ക് അനുകൂലമാക്കി. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹം തന്നെയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ മാൻ ഓഫ് ദ് മാച്ച് ആകുന്ന ആദ്യത്തെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്‌ എന്നുള്ള റെക്കോർഡും ചാഹൽ സ്വന്തം പേരിലാക്കി. അന്ന് ചഹലിനെ ഇറക്കാൻ മാച്ച് റഫറി ഡേവിഡ് ബൂൺ അനുവാദം നൽകിയപ്പോൾ ഓസീസ് കോച്ച് ജസ്റ്റിൻ ലാൻഗർ നീരസം പ്രകടിപ്പിച്ച സംഭവവും ഉണ്ടായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും ക്രിക്കറ്റ് ലോകത്ത് ഇതൊരു വിവാദമായി നിലനിന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *