Categories
Cricket Latest News

പണി പാളി ! ഗ്രൗണ്ടിൽ കോഹ്‌ലിയുടെ കാല് പിടിച്ച ആരാധകൻ പോലീസ് സ്റ്റേഷനിൽ ,ഒടുവിൽ സംഭവിച്ചത്

കാണികൾ പതിവിലും കുറവായിരുന്നിട്ടും വന്നവരെ വേണ്ടുവോളം തൃപ്തിപ്പെടുത്തിയ ഒരു മത്സരമായിരുന്നു ഇന്നലെ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്നത്. ബാറ്റ് കൊണ്ടും ബോൾ കൊണ്ടും അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച ടീം ഇന്ത്യ 317 റൺസിന് ശ്രീലങ്കയെ തകർത്ത് പരമ്പര തൂത്തുവാരിയാണ് മടങ്ങിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ റൺ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയത്തിന്റെ റെക്കോർഡും ഇന്ത്യ തങ്ങളുടെ പേരിലാക്കി.

166 റൺസ് എടുത്ത് പുറത്താകാതെ നിന്ന വിരാട് കോഹ്‌ലിയുടെയും 116 റൺസ് എടുത്ത ഗില്ലിന്റെയും മികവിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 390 എന്ന കൂറ്റൻ സ്കോർ കണ്ടെത്തി. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ പോന്ന പ്രകടനം ശ്രീലങ്കൻ ഭാഗത്തുനിന്നുണ്ടായില്ല. 22 ഓവറിൽ വെറും 73 റൺസിൽ അവരുടെ പോരാട്ടം അവസാനിച്ചു. നാല് വിക്കറ്റും ഒരു റൺഔട്ടുമായി പേസർ മുഹമ്മദ് സിറാജ് തിളങ്ങിയപ്പോൾ കുൽദീപ് യാദവ്, മുഹമ്മദ് ഷമി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി മികച്ച പിന്തുണ നൽകി.

സൂപ്പർ താരം വിരാട് കോഹ്‌ലിയാണ് കളിയിലേയും പരമ്പരയിലെയും താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെ മത്സരശേഷം താരങ്ങൾ ഗ്രൗണ്ടിൽ നിന്നും മടങ്ങുന്ന നേരത്ത് ഗാലറിയിൽ ഉണ്ടായിരുന്ന ഒരു യുവാവ് സുരക്ഷാവേലി ചാടിക്കടന്ന് ഗ്രൗണ്ടിലേക്ക് ഓടിയിരുന്നു. ഗ്രൗണ്ട് സ്റ്റാഫ് അദ്ദേഹത്തെ പിടിച്ചുമാറ്റാൻ എത്തുമ്പോഴേക്കും കോഹ്‌ലിയുടെ സമീപം എത്തിയ യുവാവ് അദ്ദേഹത്തിന്റെ കാൽക്കൽ വീഴുകയും ചെയ്തു. തുടർന്ന് കോഹ്‌ലിയുടെ അനുവാദത്തോടെ അദ്ദേഹത്തിനൊപ്പം നിൽക്കുന്ന ചിത്രം സൂര്യകുമാർ യാദവ് എടുത്തുകൊടുക്കുകയും ചെയ്‌തിരുന്നു.

എങ്കിലും അതിനുശേഷം ആ യുവാവിന് എന്തുപറ്റി എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു എല്ലാവരും. ലോകക്രിക്കറ്റിലെ തന്നെ ഒരു ഇതിഹാസതാരത്തിന്റെ കൂടെനിന്ന് ചിത്രം എടുക്കാനുള്ള അപൂർവഭാഗ്യം അയാൾക്ക് ലഭിച്ചുവെങ്കിലും പിന്നീട് അയാളെ കാത്തിരുന്നത് അത്ര നല്ല അനുഭവങ്ങൾ ആയിരുന്നില്ല. ഗ്രൗണ്ട് സ്റ്റാഫ് അദ്ദേഹത്തെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു ചെയ്തത്. അനുവാദമില്ലാതെ ഗ്രൗണ്ടിൽ പ്രവേശിച്ച കുറ്റത്തിന് കേസ് എടുത്തോ എന്ന കാര്യത്തിൽ വ്യകതതയില്ല. രാത്രിയിൽ സ്റ്റേഷനിൽ ഇരിക്കുന്ന യുവാവിന്റെ ചിത്രം പ്രചരിച്ചിരുന്നു. എങ്കിലും പിന്നീട് രാത്രി വൈകി പോലീസ് വിട്ടയച്ച അദ്ദേഹത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *