Categories
Cricket Latest News

അവസാന ചിരി സിറാജിൻ്റെ ആയിരുന്നു ! സ്ലെഡ്ജ് ചെയ്തു സിറാജും കരുണരത്‌നെയും,അടുത്ത ബോളിൽ റൺ ഔട്ടാക്കി സിറാജ്

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ 317 റൺസിന്റെ കൂറ്റൻ വിജയവുമായി ശ്രീലങ്കയുമായുള്ള പരമ്പര ഇന്ത്യ തൂത്തുവാരി. 166 റൺസ് എടുത്ത് പുറത്താകാതെ നിന്ന വിരാട് കോഹ്‌ലിയുടെയും സെഞ്ചുറി നേടിയ ശുഭ്മൻ ഗില്ലിന്റേയും നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെയും മികവിലാണ് ഇന്ത്യയുടെ ചരിത്രവിജയം. ഏകദിനക്രിക്കറ്റ് ചരിത്രത്തിലെ റൺ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയമാണിത്. 2008ൽ അയർലൻഡിന് എതിരെ ന്യൂസിലൻഡ് നേടിയ 290 റൺസ് വിജയത്തിന്റെ റെക്കോർഡാണ് ഇവിടെ പഴങ്കഥയായത്.

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 390 റൺസ് നേടിയപ്പോൾ ശ്രീലങ്കയുടെ മറുപടി 22 ഓവറിൽ 73 റൺസിൽ അവസാനിക്കുകയായിരുന്നു. ഫീൽഡിംഗിനിടെ പരുക്കേറ്റ ഒരു ശ്രീലങ്കൻ താരം ബാറ്റിങ്ങിന് ഇറങ്ങിയതുമില്ല. കുൽദീപ് യാദവ്, മൊഹമ്മദ് ഷമി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ പേസർ മുഹമ്മദ് സിറാജ് നാല് വിക്കറ്റും ഒരു റൺഔട്ടും സ്വന്തം പേരിലാക്കി. വിരാട് കോഹ്‌ലി കളിയിലെയും പരമ്പരയിലെയും താരമായി തിരഞ്ഞെടുക്കപ്പെട്ടു.

മത്സരത്തിന്റെ പന്ത്രണ്ടാം ഓവറിൽ ഓൾറൗണ്ടർ ചമിക കരുണരത്നെയെ പുറത്താക്കാൻ പേസർ മുഹമ്മദ് സിറാജ് കാണിച്ച ധൈര്യത്തിന് നൂറുമാർക്ക്‌ നൽകണം. ഒരു കളിക്കാരന് അത്യാവശ്യം വേണ്ട മത്സരാവബോധത്തിന്‌ ഉത്തമമാതൃകയായി ഈ പുറത്താക്കൽ. ഓവറിലെ മൂന്നാം പന്തിൽ കവറിലെക്ക് തട്ടിയിട്ട് സിംഗിൾ എടുക്കാൻ ശ്രമിച്ചപ്പോൾ നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന നായകൻ ശനാക താൽപര്യം കാണിച്ചില്ല. തുടർന്ന് താരത്തിന് തിരികെ ബാറ്റിംഗ് ക്രീസിലേക്ക്‌ ഓടി രക്ഷപ്പെടേണ്ടിവന്നു.

അന്നേരം സിറാജ് വന്ന് കരുണരത്‌നെയെ സ്ലെഡ്ജ് ചെയ്യുന്നത് കാണാമായിരുന്നു. പന്ത് ബാറ്റിൽ കൊള്ളിച്ച ശേഷം ക്രീസിൽ നിന്നും ഇറങ്ങി ഓടുമ്പോൾ ഇനി ഒന്നുകൂടി ശ്രദ്ധിക്കണം എന്നമട്ടിൽ ഒരു ഉപദേശം. തൊട്ടടുത്ത പന്തിൽ അദ്ദേഹം പന്തിൽ മുട്ടിയിട്ടപ്പോൾ നേരെ പന്ത് കയ്യിൽ കിട്ടിയ സിറാജ് വിക്കറ്റിൽ നോക്കി ഒരേറുവച്ചുകൊടുത്തു. ചമികയുടെ നിർഭാഗ്യം എന്നുപറയട്ടെ, അദ്ദേഹത്തിന്റെ ഇരുകാലുകളും ക്രീസിന് വെളിയിൽ ആയിരുന്നു. അതോടെ ഇന്ത്യക്ക് അപ്രതീക്ഷിത വിക്കറ്റ് ലഭിക്കുകയായിരുന്നു.

വീഡിയോ :

Leave a Reply

Your email address will not be published. Required fields are marked *