ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ചെന്നൈയിലെ ചുട്ടുപൊള്ളുന്ന വെയിലിൽ പുരോഗമിക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ ഓസീസ് നായകൻ സ്റ്റീവൻ സ്മിത്ത് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓസ്ട്രേലിയൻ ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കാമറൂൺ ഗ്രീൻ, നതാൻ എല്ലിസ് എന്നിവർക്ക് പകരം ഡേവിഡ് വാർണർ, അഷ്ടൺ അഗർ എന്നിവർ ടീമിലെത്തി. ഇന്ത്യൻ നിരയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പരമ്പരയിൽ ഇരു ടീമുകൾക്കും ഓരോ വിജയം വീതമാണുള്ളത്.
ഓസീസ് ഇന്നിങ്സ് പകുതി ദൂരം പിന്നിട്ടപ്പോൾ അവർ 25 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് എന്ന നിലയിലാണ്. ഓപ്പണർമാരായി ഇറങ്ങിയ മിച്ചൽ മാർഷും ട്രവിസ് ഹെഡും ഒന്നാം വിക്കറ്റിൽ 68 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കമാണ് അവർക്ക് സമ്മാനിച്ചത്. എങ്കിലും 33 റൺസ് എടുത്ത ഹെഡിനെയും 47 റൺസ് എടുത്ത മാർഷിനെയും പിന്നീടെത്തിയ നായകൻ സ്‌മിത്തിനെ പൂജ്യത്തിലും പുറത്താക്കിയ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഇന്ത്യയെ മത്സരത്തിൽ തിരികെയെത്തിച്ചു. 23 റൺസ് എടുത്ത ഡേവിഡ് വാർണർ കുൽദീപ് യാദവ് എറിഞ്ഞ പന്തിൽ പുറത്താവുകയും ചെയ്തു.
മത്സരത്തിൽ കനത്ത ചൂടിൽ താരങ്ങൾ പലർക്കും ക്ഷീണം നേരിടേണ്ടി വന്നിരിക്കുകയാണ്. ഇന്ത്യൻ താരങ്ങളിൽ ചിലർ സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളെ ഇറക്കി അൽപസമയം ഗ്രൗണ്ടിൽ നിന്നും വിട്ടുനിൽക്കുന്ന കാഴ്ച കാണാൻ കഴിഞ്ഞു. ഇതിനിടയിലും സൂപ്പർ താരം വിരാട് കോഹ്‌ലി ഗ്രൗണ്ടിൽ വളരെ സജീവമാണ്. അക്ഷർ പട്ടേൽ എറിഞ്ഞ പന്ത്രണ്ടാം ഓവറിന്റെ മൂന്നാം പന്തിൽ ഓസീസ് ഓപ്പണർ മിച്ചൽ മാർഷ് ഓഫ് സൈഡിലൂടെ കളിച്ച് ബൗണ്ടറി നേടാൻ ശ്രമിച്ചിരുന്നു. എങ്കിലും ഷോർട്ട് കവറിൽ നിൽക്കുകയായിരുന്ന കോഹ്‌ലി ഒരു ചീറ്റപ്പുലിയെപ്പോലെ, തന്റെ ഇടതുവശത്തുകൂടി പോകുകയായിരുന്ന പന്തിനെ പറന്നുപിടിക്കുകയായിരുന്നു. കാണികൾ വൻ ആർപ്പുവിളികളുമായാണ് ഈ മികച്ച ശ്രമത്തെ പ്രോത്സാഹിപ്പിച്ചത്.