Categories
Cricket

എത്ര പെട്ടന്നാണ് റിയാക്ഷൻ മാറിയത് , നിർബന്ധിച്ചു റിവ്യൂ എടുപ്പിച്ച കുൽദീപിനോടുള്ള രോഹിത് ശർമയുടെ റിയാക്ഷൻ കാണാം

ചെന്നൈയിൽ നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ടീം ഇന്ത്യക്ക് 270 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ 49 ഓവറിൽ 269 റൺസിൽ ഓൾഔട്ടായി. ഇന്ത്യക്കായി ഹാർദ്ദിക്‌ പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ്, അക്ഷർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 47 റൺസ് എടുത്ത ഓപ്പണർ മിച്ചൽ മാർഷാണ് ഓസീസ് നിരയിലെ ടോപ് സ്കോറർ. സഹഓപ്പണർ ട്രാവിസ് ഹെഡ് 33 റൺസും വിക്കറ്റ് കീപ്പർ അലക്സ് കാരി 38 റൺസും എടുത്തു പുറത്തായി. പരമ്പരയിൽ ഇരു ടീമുകൾക്കും ഓരോ വിജയം വീതമാണുള്ളത്‌.

മത്സരത്തിൽ കുൽദീപ് യാദവ് എറിഞ്ഞ 39ആം ഓവറിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ശാന്തത നഷ്ടപ്പെടുന്നത് കാണാനിടയായി. ഓവറിന്റെ അവസാന പന്തിൽ സ്ട്രൈക്കിൽ ഉണ്ടായിരുന്ന ഇടംകൈയ്യൻ ബാറ്റർ ആഷ്ടൺ അഗറിന്റെ പാഡിൽ പന്ത് കൊണ്ടതോടെ ഇന്ത്യൻ താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും അമ്പയർ നിതിൻ മേനോൻ ഔട്ട് വിളിച്ചില്ല. കമന്റേറ്റർമാർ അത് ഇംപാക്ട് ഔട്‌സൈഡ് ഓഫ് സ്റ്റമ്പ് ആണെന്ന് പറയുന്നുണ്ടായിരുന്നു. ഇന്ത്യൻ നായകൻ രോഹിത് ശർമയും സഹതാരങ്ങളും കൂടിയാലോചിച്ച് റിവ്യൂ എടുക്കേണ്ടതില്ല എന്ന് തീരുമാനിച്ച് തിരികെ മടങ്ങാൻ തുടങ്ങുകയും ചെയ്തു.

പക്ഷേ പന്തെറിഞ്ഞ കുൽദീപ് യാദവ് മടങ്ങാൻ തയ്യാറായില്ല. തുടക്കം മുതലേ റിവ്യൂ എടുക്കാനായി സമ്മർദ്ദം ചെലുത്തുന്നത് കാണാമായിരുന്നു. സഹതാരങ്ങൾ മടങ്ങിയിട്ടും കുൽദീപ് അത് തുടർന്നു. ഒടുവിൽ സഹികെട്ട് രോഹിത് ഒന്നുരണ്ട് സെക്കൻഡ് ബാക്കിനിൽക്കെ റിവ്യൂ സിഗ്നൽ നൽകി. എങ്കിലും തേർഡ് അമ്പയർ പരിശോധിച്ചപ്പോൾ നേരത്തെ കമന്റേറ്റർമാർ പറഞ്ഞതുപോലെ ഇംപാക്ട് ഔട്‌സൈഡ്‌ ഓഫ് സ്റ്റാമ്പ് ആയിരുന്നു. അതോടെ പെട്ടെന്ന് രോഹിതിന്റെ മുഖഭാവം മാറി. അനാവശ്യമായി ഒരു റിവ്യൂ അവസരം നഷ്ടപ്പെടുത്തിയതിന്റെ നീരസം പ്രകടിപ്പിച്ച അദ്ദേഹം കുൽദീപിനെ നോക്കി, നിനക്ക് കണ്ണ് കണ്ടുകൂടെ എന്നുള്ള തരത്തിലുള്ള വാക്കുകൾ പറയുകയായിരുന്നു. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *