Categories
Uncategorized

ഇനിയും ഇത് തുടർന്നാൽ നിങ്ങൾ മറ്റൊരു ക്യാപ്റ്റന് കീഴിൽ കളിക്കേണ്ടിവരും; ധോണി പറഞ്ഞതുകേട്ടോ.. വീഡിയോ കാണാം

ഐപിഎല്ലിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ 12 റൺസിന് തോൽപ്പിച്ച ചെന്നൈ സൂപ്പർ കിംഗ്സ് സീസണിലെ ആദ്യജയം കുറിച്ചിരുന്നു. ചെന്നൈയിൽവെച്ച് അരങ്ങേറിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സിഎസ്കെ നിശ്ചിത 20 ഓവറിൽ 217/7 എന്ന കൂറ്റൻ ടോട്ടൽ കണ്ടെത്തി. ഓപ്പണർമാരായ ഋതുരാജ് ഗായക്വാദിന്റെയും (57) ഡേവോൺ കോൺവെയുടെയും (47) മികച്ച തുടക്കമാണ് അവരെ നയിച്ചത്. ലഖ്നൗ നിരയിൽ മാർക് വുഡ്, രവി ബിഷ്നോയി എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ നന്നായി തുടങ്ങിയെങ്കിലും മൊയീൻ അലി പന്തെറിയാൻ എത്തിയതോടെ ലഖ്നൗ താരങ്ങൾ ബാറ്റിംഗ് മറന്നു. എറിഞ്ഞ നാലോവറിലും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ അലി, വെറും 26 റൺസ് മാത്രം വിട്ടുകൊടുത്ത് ലഖ്നൗവിന്റെ അന്തകനായിമാറി. ഓപ്പണർ കൈൽ മയേഴ്സ്‌ 22 പന്തിൽ 53 റൺസ് നേടി ടോപ് സ്കോററായി. 18 പന്തിൽ 32 റൺസെടുത്ത നിക്കോളാസ് പൂരൻ വിജയത്തിനായി പരിശ്രമിച്ചെങ്കിലും അവരുടെ ഇന്നിങ്സ് 20 ഓവറിൽ 205/7 എന്ന നിലയിൽ അവസാനിക്കുകയായിരുന്നു.

ഇന്നലത്തെ മത്സരത്തിൽ ചെന്നൈ ബോളർമാർ 13 വൈഡുകളും 3 നോ ബോളുകളും എറിഞ്ഞത് വിജയത്തിനിടയിലും കല്ലുകടിയായിമാറി. അമ്പാട്ടി റായിഡുവിന് പകരം ഇംപാക്ട് പ്ലേയറായി ടീമിലെത്തിയ പേസർ തുഷാർ ദേശ്പാണ്ഡെ തന്റെ ആദ്യ ഓവർ പൂർത്തിയാക്കാൻ 11 പന്തുകളാണ് ഏറിയേണ്ടിവന്നത്. ആ ഓവറിൽ 18 റൺസ് വഴങ്ങുകയും ചെയ്തു. മറ്റൊരു പേസർ ദീപക് ചഹാർ പതിനേഴാം ഓവറിൽ ഹാട്രിക് വൈഡുകൾ എറിഞ്ഞിരുന്നു. പത്തൊമ്പതാം ഓവർ എറിഞ്ഞ യുവതാരം രാജ്വർദ്ധൻ ഹംഗർഗേക്കരും മൂന്നു വൈഡ് ബോളുകൾ എറിഞ്ഞു.

മത്സരശേഷം പ്രസന്റേഷനിൽവെച്ച് ധോണി ഇതേക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ബോളർമാരുടെ ശ്രദ്ധക്ക്, ഇനി നിങ്ങളുടെ നോബോൾ, എക്സ്ട്രാ വൈഡ് ബോളുകൾ എന്നിവ എറിയുന്നത് നിർത്തണം. അല്ലെങ്കിൽ നിങ്ങൾക്ക് മറ്റൊരു ക്യാപ്റ്റന്റെ കീഴിൽ കളിക്കേണ്ടതായിവരും… ഇനി തനിക്കൊരു രണ്ടാമത്തെ താക്കീത് കൂടി ലഭിക്കും. അതുകഴിഞ്ഞാൽ പിന്നെ താൻ പുറത്തുപോകേണ്ടിവരുമെന്നാണ് ധോണി പറഞ്ഞത്. കുറഞ്ഞ ഓവർനിരക്ക് വരുന്നതുകൊണ്ടാണ് ധോണി ഇപ്രകാരം പറഞ്ഞത്. ആദ്യ താക്കീത് ലഭിക്കുമ്പോൾ ബോളിങ് ടീമിന്റെ നായകന് 12 ലക്ഷം രൂപ പിഴയും രണ്ടാമത് ആവർത്തിച്ചാൽ 24 ലക്ഷം രൂപ പിഴയും വീണ്ടും ഒരിക്കൽകൂടി അങ്ങനെ സംഭവിച്ചാൽ 30 ലക്ഷം രൂപ പിഴയും ഐപിഎല്ലിൽ ഒരു കളിയിൽ വിലക്കും വരും.

Leave a Reply

Your email address will not be published. Required fields are marked *