Categories
Cricket Latest News Malayalam

ഈ സീസണിലെ ഏറ്റവും നീളം കൂടിയ സിക്സ് ഇനി ശിവം ദുബെയുടെ പേരിൽ ! നീളം കൂടിയ സിക്സ് കാണാം

ഇന്നലെ ചെന്നൈ ചെപ്പോക്കിൽ നടന്ന അത്യന്തം ആവേശകരമായ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ്, 12 റൺസിന് ലഖ്നൗ സൂപ്പർ ജയന്റ്സിനെ പരാജയപ്പെടുത്തി ഈ സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് നേടിയപ്പോൾ ലഖ്നൗവിന്റെ മറുപടി 20 ഓവറിൽ 7 വിക്കറ്റിന് 205 റൺസിൽ ഒതുങ്ങി. ബോളർമാർ നിരന്തരം പ്രഹരം ഏറ്റുവാങ്ങിയപ്പോൾ 4 ഓവറിൽ വെറും 26 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ സ്പിന്നർ മൊയീൻ അലിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തെ ആദ്യ ബാറ്റിങ്ങിൽ ഓപ്പണർമാരായ കോൺവെയുടെയും ഋതുരാജിന്റെയും വെടിക്കെട്ട് ബാറ്റിംഗ് മികവിൽ മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ 9 ഓവറിൽ 110 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. ഋതുരാജ് 57 റൺസും കോൺവേ 47 റൺസും എടുത്തു പുറത്തായി. പിന്നീട് ഇത്രയും മികച്ച പ്രകടനം ഉണ്ടായില്ലെങ്കിലും എല്ലാവരും ചെറിയ ചെറിയ സംഭാവനകൾ നൽകിയിരുന്നു. ശിവം ദുബെ 16 പന്തിൽ 27 റൺസും, മൊയീൻ അലി 13 പന്തിൽ 19 റൺസും, റായുടു 14 പന്തിൽ 27* റൺസും നായകൻ ധോണി 3 പന്തിൽ 12 റൺസും എടുത്തു. 8 റൺസെടുത്ത ബെൻ സ്റ്റോക്സ്, 3 റൺസെടുത്ത ജഡേജ എന്നിവർ നിരാശപ്പെടുത്തി. ലഖ്നൗവിനായി മാർക് വുഡ്, രവി ബിഷ്‌നോയി എന്നിവർ മൂന്നുവിക്കറ്റ് വീതം വീഴ്ത്തി.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗവിനും വെടിക്കെട്ട് തുടക്കമാണ് ലഭിച്ചത്. നായകൻ രാഹുലിനെ ഒരറ്റത്ത് കാഴ്ചക്കാരനായി നിർത്തി കൈൽ മയേഴ്‌സ്‌ തകർത്തടിച്ചതോടെ ചെന്നൈ ബോളർമാർ പ്രതിരോധത്തിലായി. ഒടുവിൽ സ്പിന്നർ മൊയീൻ അലി പന്തെടുത്തതോടെയാണ് കളിമാറിയത്. 22 പന്തിൽ 53 റൺസെടുത്ത മയേഴ്‌സിനെയും 18 പന്തിൽ 20 റൺസ് എടുത്ത രാഹുലിനെയും അലി അടുത്തടുത്ത ഓവറുകളിൽ മടക്കി. പിന്നീട് എറിഞ്ഞ രണ്ട് ഓവറുകളിലായി ക്രുണൽ പാണ്ഡ്യയെയും സ്റ്റോയിനിസിനെയും അലിതന്നെ മടക്കിയതോടെ ചെന്നൈ വിജയത്തിലേക്കടുത്തു. 18 പന്തിൽ 32 റൺസെടുത്ത നികോളസ് പുരൻ പൊരുതിനോക്കിയെങ്കിലും പതിനാറാം ഓവറിൽ പുറത്തായതോടെ ലഖ്നൗവിന്റെ പ്രതീക്ഷകൾ അസ്തമിച്ചു.

അതിനിടെ മത്സരത്തിൽ ചെന്നൈ താരം ശിവം ദുബേ അടിച്ച ഒരു സിക്സ് 102 മീറ്ററാണ് പോയത്. ഇതോടെ ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും നീളമേറിയ സിക്സ് ആയി ഇതുമാറി. രവി ബിഷ്‌നോയ്‌ എറിഞ്ഞ പതിനാലാം ഓവറിന്റെ രണ്ടാം പന്തിൽ ആയിരുന്നു ഈ തകർപ്പൻ ഷോട്ട്.

ഇന്നിംഗ്സിന്റെ തുടക്കത്തിൽ സെറ്റാവാൻ അൽപം പാടുപെട്ട അദ്ദേഹം കുറച്ച് ഡോട്ട് ബോളുകൾ കളിച്ചത് ആരാധകരെ നിരാശരാക്കിയിരുന്നു. എങ്കിലും അദ്ദേഹം കളിച്ച അവസാന നാല് പന്തുകളിൽ നിന്നും 22 റൺസ് എടുത്താണ് പുറത്തായത്. 16 പന്ത് നേരിട്ട അദ്ദേഹം 3 സിക്സും ഒരു ഫോറും അടക്കം 27 റൺസാണ് നേടിയത്

Leave a Reply

Your email address will not be published. Required fields are marked *