Categories
Uncategorized

6,6,വാഴ എന്ന് വിളിച്ചവർ കയ്യടിച്ച നിമിഷം,റബാടയെ സിക്സ് അടിച്ചു കളിയുടെ ഗതി മാറ്റി പരാഗ്

ഐപിഎല്ലിൽ വെള്ളിയാഴ്ച രാത്രി ധരംശാലയിൽ നടന്ന മത്സരത്തിൽ, പഞ്ചാബിനെ കീഴടക്കിയ രാജസ്ഥാൻ പ്ലേഓഫിൽ എത്താനുള്ള വിദൂരസാധ്യത നിലനിർത്തി. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബ്, നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് നേടിയത്. 19.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ റോയൽസ് വിജയലക്ഷ്യം മറികടന്നു. ഇപ്പോൾ 14 പോയിന്റുള്ള അവർക്ക്, ഇനി നടക്കുന്ന മത്സരങ്ങളിൽ ഹൈദരാബാദ് മുംബൈയെയും, ഗുജറാത്ത് ബംഗളൂരുവിനെയും പരാജയപ്പെടുത്തിയാൽ പ്ലേഓഫ് സാധ്യതയുണ്ട്.

നേരത്തെ ആദ്യ ബാറ്റിങ്ങിൽ ടോപ് ഓർഡർ തകർന്നപ്പോൾ, 6.3 ഓവറിൽ 50/4 എന്ന നിലയിൽ പതറിയ പഞ്ചാബിന്, സാം കറന്റെയും(49), ജിതേഷ് ശർമയുടെയും(44), ഷാരുഖ് ഖാന്റെയും(41) വെടിക്കെട്ട് ഇന്നിങ്സുകളാണ് പൊരുതാവുന്ന ടോട്ടലിൽ എത്തിച്ചത്. അഞ്ചാം വിക്കറ്റിൽ കറനും ജിതേഷും 64 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചപ്പോൾ, വേർപിരിയാത്ത ആറാം വിക്കറ്റിൽ കറനും ഷാരൂഖും 73 റൺസിന്‍റെയും കൂട്ടുകെട്ട് സൃഷ്ടിച്ചു. രാജസ്ഥാൻ നിരയിൽ മടങ്ങിവരവിൽ 3 വിക്കറ്റുമായി പേസർ നവദീപ് സെയ്നി തിളങ്ങി.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർ ജോസ് ബട്ട്‌ലർ പൂജ്യത്തിന് പുറത്തായെങ്കിലും, ജെയ്‌സ്‌വാളും പഠിക്കലും ചേർന്ന് രണ്ടാം വിക്കറ്റിൽ 72 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. ഇരുവരും അർദ്ധസെഞ്ചുറി നേടിയ ശേഷമാണ് പുറത്തായത്. പഠിക്കൽ പുറത്തായശേഷം എത്തിയ നായകൻ സഞ്ജു സാംസൺ 2 റൺസ് മാത്രമാണ് എടുത്തത്. എങ്കിലും ഹെറ്റ്മേയറും ജെയ്സ്വാളും 47 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. ജയ്‌സ്വാൾ മടങ്ങിയശേഷം എത്തിയത് റിയാൻ പാരാഗ്‌ ആയിരുന്നു.

ആദ്യം അൽപം സമയമെടുത്ത് കളിച്ചെങ്കിലും ഒടുവിൽ അദ്ദേഹം നേടിയ രണ്ട് സിക്സുകളാണ് മത്സരം രാജസ്ഥാന് അനുകൂലമാക്കി തിരിച്ചത്. റബാട എറിഞ്ഞ പതിനെട്ടാം ഓവറിലെ ആദ്യ പന്ത് നോബോൾ ആയിരുന്നു. ഫ്രീഹിറ്റ് പന്തിൽ ഡീപ്മിഡ് വിക്കറ്റിലേക്ക് പുൾ ഷോട്ട് കളിച്ച പരാഗ് സിക്സ് നേടി. അതേശൈലിയിൽ ചുഴറ്റിയടിച്ച് രണ്ടാം പന്തിലും കൂറ്റൻ സിക്സ്. തുടർന്നുള്ള പന്തുകളിൽ റണ്ണൊന്നും എടുക്കാൻ കഴിയാതിരുന്ന അദ്ദേഹം അവസാന പന്തിൽ പുറത്താവുകയും ചെയ്തു.

എങ്കിലും നിർണായകനിമിഷത്തിൽ അദ്ദേഹം നേടിയ രണ്ട് സിക്‌സുകൾ വളരെ വിലപ്പെട്ടതായിരുന്നു. 12 പന്തിൽ നിന്നും ആ രണ്ട് സിക്‌സും ഒരു ഫോറും അടക്കം 20 റൺസാണ് നേടിയത്. 28 പന്തിൽ 46 റൺസെടുത്ത ഹെറ്റ്‌മേയർ, ഇംപാക്ട് പ്ലെയർ ജൂറെലിനെ കൂട്ടുപിടിച്ച് വിജയത്തിൽ എത്തിക്കുമെന്ന് കരുതിയെങ്കിലും, പത്തൊമ്പതാം ഓവറിന്റെ അഞ്ചാം പന്തിൽ പുറത്തായതോടെ മത്സരം വീണ്ടും മുറുകി. അവസാന ഓവറിൽ 9 റൺസാണ് ജയിക്കാനായി വേണ്ടിയിരുന്നത്. നാലാം പന്തിൽ സിക്സ് അടിച്ച ജൂറെൽ മത്സരം ഫിനിഷ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *