അഹമ്മദാബാദിൽ നടക്കുന്ന ഐപിഎൽ പതിനാറാം സീസണിലെ രണ്ടാം ക്വാളിഫയർ മത്സരത്തിൽ, ഗുജറാത്ത് ടൈറ്റൻസിനെ നേരിടുന്ന മുംബൈയ്ക്ക് കൂറ്റൻ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത്, നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 233 റൺസാണ് നേടിയത്. ഇത് ഐപിഎൽ പ്ലേഓഫ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടലാണ്. സീസണിലെ മൂന്നാം സെഞ്ചുറി നേടിയ ഓപ്പണർ ഗില്ലിന്റെ വെടിക്കെട്ട് ഇന്നിങ്സ് അവർക്ക് മുൻതൂക്കം നൽകി. സായി സുദർശൻ 43 റൺസും, നായകൻ പാണ്ഡ്യ 13 പന്തിൽ 28 റൺസും എടുത്തു.
ഈ സീസണിൽ മുംബൈ ബോളിങ് നിരയുടെ കുന്തമുനയായ ആകാശ് മധ്വാളിനെ പോലും ഗിൽ വെറുതെ വിട്ടില്ല. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മുംബൈയുടെ അവസാന ലീഗ് മത്സരത്തിൽ 4 വിക്കറ്റും, ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ എലിമിനേറ്ററിൽ 5 വിക്കറ്റ് വീഴ്ത്തി കളിയിലെ താരവുമായതാണ് ആകാശ്. അദ്ദേഹം എറിഞ്ഞ പന്ത്രണ്ടാം ഓവറിൽ 3 സിക്‌സാണ് ഗിൽ പറത്തിയത്.
സീസണിൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 6 റൺസെടുത്ത ഗില്ലിനെ ക്ലീൻബോൾഡ് ആക്കിയ താരമാണ് ആകാശ്. അതിനുള്ള ഗില്ലിന്റെ മധുരപ്രതികാരം കൂടിയായി ഈ വെടിക്കെട്ട് ഓവർ. ആദ്യ പന്തിൽ ബാക്ക്വേർഡ് സ്ക്വയർ ലെഗ്ഗിലേക്കും, രണ്ടാം പന്തിൽ പുൾഷോട്ട് കളിച്ച് ഡീപ് മിഡ് വിക്കറ്റിലേക്കും, അഞ്ചാം പന്തിൽ ഫ്ളിക്ക് ഷോട്ടിലൂടെ വീണ്ടും ഡീപ് മിഡ് വിക്കറ്റിലേക്ക് മറ്റൊരു സിക്സും. ഒടുവിൽ 60 പന്തിൽ 129 റൺസെടുത്ത അദ്ദേഹത്തെ മധ്വാൾ തന്നെയാണ് പുറത്താക്കിയത്.
6,6,6 വീഡിയോ…