പതിനാറാം ഐപിഎൽ സീസണിന്റെ കലാശപോരാട്ടത്തിനായി തയ്യാറെടുക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. ഞായറാഴ്ച രാത്രി ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സ്, ഹോംടീമായ ഗുജറാത്ത് ടൈറ്റൻസിനെയാണ് നേരിടുന്നത്. നീണ്ട രണ്ട് മാസക്കാലത്തെ ആവേശപോരാട്ടങ്ങൾക്ക് ശേഷം ടൂർണമെന്റിൽ ഏറ്റവും മികവ് പുലർത്തിയ രണ്ട് ടീമുകൾ തന്നെയാണ് ഫൈനലിൽ ഏറ്റുമുട്ടാൻ പോകുന്നത്.
നാലുതവണ ജേതാക്കളായ ചെന്നൈ ഇതിഹാസതാരം ധോണിയുടെ കീഴിൽ ഇറങ്ങുമ്പോൾ, യുവഇന്ത്യയുടെ ഭാവി ക്യാപ്റ്റൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹർദിക് പാണ്ഡ്യയുടെ കീഴിലാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ഇറങ്ങുന്നത്. ഐപിഎൽ കിരീടം നിലനിർത്താൻ ലക്ഷ്യമിട്ട് ഗുജറാത്തും, ഒരു കിരീടംകൂടി നേടി മുംബൈയുടെ അഞ്ച് കിരീടങ്ങളുടെ റെക്കോർഡിനൊപ്പമെത്താൻ ചെന്നൈയും ഇറങ്ങുമ്പോൾ പോരാട്ടം തീപാറുമെന്നുറപ്പ്.
ലീഗ് ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാമതും രണ്ടാമതും എത്തിയ ഗുജറാത്തും ചെന്നൈയും തമ്മിൽ നടന്ന ഒന്നാം ക്വാളിഫയർ മത്സരത്തിൽ, 15 റൺസിന് വിജയിച്ചാണ് ചെന്നൈ ഫൈനലിലെത്തുന്ന ആദ്യ ടീമായത്. ഇന്നലെ രാത്രി നടന്ന രണ്ടാം ക്വാളിഫയർ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 62 റൺസിന് കീഴടക്കിയാണ് ചെന്നൈയുമായുളള മറ്റൊരു പോരാട്ടത്തിന് ഗുജറാത്ത് എത്തുന്നത്. സീസൺ ഉദ്ഘാടനമത്സരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഗുജറാത്ത് ആയിരുന്നു വിജയിച്ചത്.
അതിനിടെ ഫൈനൽ മത്സരത്തിന് മുൻപ്, ഇന്ത്യൻ ക്രിക്കറ്റിന് നാണക്കേടായി ഒരു സംഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിനുമുന്നിൽ ടിക്കറ്റ് എടുക്കാനായി എത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ഒരുപാട് പേർക്ക് പരുക്കേൽക്കുന്ന സംഭവമുണ്ടായി. ബിസിസിഐയുടെ കെടുകാര്യസ്ഥതയാണ് സംഭവത്തിന് കാരണമായതെന്ന് ആരാധകർ പറയുന്നു.
തിരക്ക് ഒഴിവാക്കാനായി ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്കുപോലും, അതിന്റെ പ്രിന്റ് ഔട്ട് ടിക്കറ്റ് എടുക്കണമെന്ന നിബന്ധന വച്ചതാണ് സംഭവം വഷളാകാൻ കാരണമായി പറയപ്പെടുന്നത്. മാത്രമല്ല, പറഞ്ഞ സമയത്തിന് ടിക്കറ്റ് കൗണ്ടർ തുറക്കുകയും ചെയ്തില്ല. ഏറെനേരം കഴിഞ്ഞ് തുറന്നപ്പോൾ, അഞ്ച് ടിക്കറ്റ് കൗണ്ടർ ഉള്ളതിൽ ഒരെണ്ണം മാത്രം തുറന്നുകൊടുത്തതും തള്ളിക്കയറ്റത്തിന് കാരണമായി. അതും 45°C പൊള്ളുന്ന വെയിലിൽ നിർത്തി ആളുകളെ കഷ്ടപ്പെടുത്തിയെന്നും ആരോപണമുണ്ട്.
വീഡിയോ..