ഐപിഎല്ലിൽ ഇന്നലെ രാത്രി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ രണ്ടാം ക്വാളിഫയർ മത്സരത്തിൽ മുംബൈയേ കീഴടക്കി, ഗുജറാത്ത് ചെന്നൈയുമായുള്ള കലാശപോരാട്ടത്തിന് യോഗ്യത നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 60 പന്തിൽ 129 റൺസെടുത്ത ഓപ്പണർ ഗില്ലിന്റെയും മികച്ച പിന്തുണ നൽകിയ സുദർശന്റെയും നായകൻ പാണ്ഡ്യയുടെയും മികവിൽ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 233 റൺസ്! മറുപടി ബാറ്റിങ്ങിൽ 18.2 ഓവറിൽ 171 റൺസിന് മുംബൈ ഓൾഔട്ടായി. സൂര്യകുമാറും തിലക് വർമയും പൊരുതിനോക്കിയെങ്കിലും വിജയത്തിന് അത് മതിയായിരുന്നില്ല.
മത്സരത്തിൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് സെഞ്ചുറിവീരൻ ഗിൽ ആണെങ്കിലും, അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങിയ പേസർ മോഹിത് ശർമയുടെയും പ്രകടനം നിർണായകമായിരുന്നു. ഈ സീസണിൽ ഗുജറാത്ത് ടീമിൽ എത്തുന്നതിന് മുൻപ് അദ്ദേഹം അവസാനമായി ഒരു ഐപിഎൽ മത്സരം കളിച്ചത് 3 വർഷം മുൻപായിരുന്നു. കഴിഞ്ഞ വർഷം ലേലത്തിൽ വാങ്ങാൻ ആളില്ലാതെപോയ അദ്ദേഹത്തെ ഒരു നെറ്റ് ബോളറായി ടൈറ്റൻസ് ഉൾപ്പെടുത്തുകയും, അതിൽ മികവ് പുലർത്തിയതോടെ ഈ സീസണിൽ ടീമിൽ എത്തിക്കുകയുമായിരുന്നു.
സീസണിന്റെ തുടക്കത്തിൽ കൊൽക്കത്തയ്‌ക്കെതിരെ നടന്ന മത്സരത്തിൽ, പേസർ യാഷ് ദയാലിനേ റിങ്കു സിംഗ് ഇരുപതാം ഓവറിലെ അവസാന അഞ്ച് പന്തുകളും സിക്സ് അടിച്ചതോടെയാണ് മോഹിത് ശർമയ്‌ക്ക് അവസരം ലഭിക്കുന്നത്. കളിച്ച ആദ്യ മത്സരത്തിൽ തന്നെ മാൻ ഓഫ് ദി മാച്ചായി ടീം തന്നിൽ അർപ്പിച്ച വിശ്വാസം കാത്ത അദ്ദേഹം, പിന്നീട് പ്ളയിങ് ഇലവനിൽ സ്ഥിരസാന്നിധ്യമായി. ചുരുങ്ങിയ മത്സരങ്ങൾ കളിച്ചുകൊണ്ട് വിക്കറ്റ് വേട്ടക്കാരുടെ പർപ്പിൾ തൊപ്പി ലിസ്റ്റിലും അദ്ദേഹം മൂന്നാമതെത്തി.
ഇന്നലെ ടോപ് ഓർഡർ തകർന്നപ്പോഴും ഒരറ്റത്ത് ലോക ഒന്നാം നമ്പർ ട്വന്റി ട്വന്റി ബാറ്ററായ സൂര്യകുമാർ യാദവ് മുംബൈയ്ക്ക് വേണ്ടി മികച്ച പോരാട്ടവീര്യം കാഴ്ച്ചവെച്ചിരുന്നു. ഇന്നിംഗ്സിലെ പതിനഞ്ചാം ഓവറിലാണ് മോഹിത് ശർമയ്‌ക്ക് ആദ്യ ഓവർ ലഭിക്കുന്നത്. രണ്ടാം പന്തിൽതന്നെ സിക്സ് അടിച്ച് സൂര്യ നയം വ്യക്തമാക്കി. എങ്കിലും തൊട്ടടുത്ത പന്തിൽ അദ്ദേഹത്തെ ക്ലീൻ ബോൾഡ് ആക്കിയാണ് മോഹിത് മറുപടി നൽകിയത്.
ഓവറിലെ അഞ്ചാം പന്തിൽ ഇഷാൻ കിഷന് പകരം കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് ആയിറങ്ങിയ മലയാളി താരം വിഷ്ണു വിനോദിനെയും മടക്കി. അതോടെ മുംബൈയുടെ കഥകഴിഞ്ഞു. 3 വിക്കറ്റുകൾ കൂടി വീഴ്ത്തിയ അദ്ദേഹം മുംബൈ വാലറ്റത്തെ ചുരുട്ടിക്കെട്ടി, ഗുജറാത്തിന് 62 റൺസിന്റെ ആധികാരികവിജയം സമ്മാനിക്കുകയായിരുന്നു.
5 വിക്കറ്റ് വിഡിയോ: