Categories
Uncategorized

ഞമ്മള് മലയാളി പുലിയല്ലേ; വൈറലായി ഉത്തപ്പയുടെ മലയാളം അഭിമുഖം.. വീഡിയോ കാണാം

സിംബാബ്‌വെ ആഫ്രോ ടി10 ലീഗിൻ്റെ പ്രഥമ സീസൺ അതിൻ്റെ പരിസമാപ്തിയിലേക്ക് കടക്കുന്നു. ശനിയാഴ്ച രാത്രി നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടുന്ന രണ്ട് ടീമുകളെ ഇന്നറിയാം. ഒന്നാം ക്വാളിഫയർ മത്സരത്തിൽ ഡർബൻ ക്വാലണ്ടേഴ്സ്, ജോബർഗ് ബഫല്ലോസിനെ നേരിടുകയാണ്. ഇതിൽ വിജയിക്കുന്നവർ നേരിട്ട് ഫൈനലിലെത്തും. തുടർന്ന് നടക്കുന്ന എലിമിനേറ്റർ മത്സരത്തിൽ കേപ്പ്ടൗൺ സാമ്പ് ആർമിയും ഹരാരെ ഹറിക്കെയ്ൻസും ഏറ്റുമുട്ടും. ഇതിൽ ജയിക്കുന്നവരും ആദ്യ ക്വാളിഫയറിൽ പരാജയപ്പെട്ടവരും തമ്മിൽ തുടർന്ന് രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടി രണ്ടാം ഫൈനലിസ്റ്റുകളെ തീരുമാനിക്കും.

മുൻ ഇംഗ്ലണ്ട് താരം ഒയിൻ മോർഗൻ നയിക്കുന്ന ഹരാരെ ഹറിക്കൈൻസ് ടീമിൽ ഇന്ത്യൻ താരങ്ങളായി ഓൾറൗണ്ടർ ഇർഫാൻ പഠാൻ, വിക്കറ്റ് കീപ്പർ റോബിൻ ഉത്തപ്പ, പേസർ മലയാളി താരം എസ്. ശ്രീശാന്ത് എന്നിവരും കളിക്കുന്നുണ്ട്. ആദ്യ കുറച്ച് മത്സരങ്ങൾക്ക് ശേഷമാണ് ശ്രീശാന്തിന് ടീമിൽ അവസരം ലഭിക്കുന്നത്. സമ്പ് ആർമിക്ക് എതിരായ മത്സരത്തിൽ അവർക്ക് അവസാന ഓവറിൽ ജയിക്കാൻ 8 റൺസ് വേണ്ടപ്പോൾ ഇംപാക്ട് പ്ലെയർ ആയാണ് ശ്രീ എത്തിയത്.

ടൂർണമെൻ്റിൽ തൻ്റെ ആദ്യ ഓവർ എറിഞ്ഞ അദ്ദേഹം, മികച്ച രീതിയിൽ പന്തെറിഞ്ഞു. മത്സരം ടൈ ആവുകയും സൂപ്പർ ഓവറിലേക്ക് നീട്ടിയെടുക്കുകയും ചെയ്തു. ആ മത്സരം ഹറിക്കെയ്ൻസ് വിജയിക്കുകയും ചെയ്തു. അതിനുശേഷം അവർ കളിച്ച മത്സരത്തിൽ റോബിൻ ഉത്തപ്പയുടെ വെടിക്കെട്ട് അർദ്ധസെഞ്ചുറി മികവിൽ അവർ ഡർബൻ ടീമിനെയും കീഴടക്കി. ആ മത്സരശേഷം റോബിൻ ഉത്തപ്പയുടെ മലയാളത്തിലുള്ള വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

“ഒരുപാട് സന്തോഷമുണ്ട്, ഇന്നലെ ശ്രീ ജയിപ്പിച്ചു. ഇന്ന് ഞാൻ ജയിപ്പിച്ചു.. ഞമ്മള് മലയാളി പുലിയല്ലെ..” എന്നിങ്ങനെ പോകുന്നു നല്ല പച്ച മലയാളത്തിൽ ഉത്തപ്പയുടെ വാക്കുകൾ. പാതി മലയാളിയായ റോബിൻ ഉത്തപ്പ ആഭ്യന്തര ക്രിക്കറ്റിൽ കർണാടക ടീമിൻ്റെ താരമായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ഒരു അതിഥി താരമായി കേരള ടീമിലും കളിച്ചിരുന്നു. ടി10 ടൂർണമെൻ്റിൽ തങ്ങളുടെ ടീം ഇനിയും മികച്ച വിജയങ്ങൾ നേടുമെന്നും എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണമെന്നും ഉത്തപ്പ പറഞ്ഞു.

വീഡിയോ..

Leave a Reply

Your email address will not be published. Required fields are marked *