Categories
Uncategorized

ഈ വഴി പോകാൻ പറ്റില്ല; രണ്ടാം സ്ലിപ്പിൽ കോഹ്‌ലിയുടെ സ്റ്റൈലൻ ക്യാച്ച്.. വീഡിയോ കാണാം

ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിൻ്റെ ആത്മവിശ്വാസത്തിൽ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് എത്തിയ ടീം ഇന്ത്യ, ഇന്നലെ 5 വിക്കറ്റ് വിജയവുമായി ആവേശത്തുടക്കം കുറിച്ചിരുന്നു. ബർബഡോസിലെ കെൻസിങ്ടൻ ഓവലിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ, ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ടെസ്റ്റിൽ അരങ്ങേറിയ പേസർ മുകേഷ് കുമാറിന്, ഇന്നലെ ഏകദിന അരങ്ങേറ്റ മത്സരം ലഭിച്ചു. 

മൂന്നോവറിൽ രണ്ട് മെയ്ഡൻ ഉൾപ്പെടെ വെറും ആറു റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായ കുൽദീപിൻ്റെയും, 3 വിക്കറ്റ് വീഴ്ത്തിയ ജഡേജയുടെയും മികവിൽ ഇന്ത്യ അവരെ 23 ഓവറിൽ 114 റൺസിന് ഓൾഔട്ടാക്കി. 43 റൺസുമായി നായകൻ ഷായ് ഹോപ് ഒരറ്റത്ത് ചെറുത്തുനിന്നെങ്കിലും പിന്തുണ നൽകാൻ ആരും ഉണ്ടായില്ല. ഇന്ത്യൻ സ്പിന്നർമാരെ സമർത്ഥമായി നേരിടാൻ കഴിയാതെ അവർ ഓരോരുത്തരായി പവലിയനിലേക്ക് മടങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, കിഷൻ – ഗിൽ പുതിയ ഓപ്പണിംഗ് ജോഡിയെയാണ് ഇറക്കിയത്. ഗിൽ പുറത്തായപ്പോൾ സൂര്യകുമാർ മൂന്നാമനായി ഇറങ്ങി. നായകൻ രോഹിത് ശർമയും വിരാട് കോഹ്‌ലിയും യുവതാരങ്ങൾക്ക് ബാറ്റിംഗ് സമയം കിട്ടാനായി ഡഗ് ഔട്ടിൽ തുടർന്നു. വന്നവരെല്ലാം പെട്ടെന്ന് പെട്ടെന്ന് മടങ്ങിയെങ്കിലും ഇഷൻ അർദ്ധസെഞ്ചുറി നേട്ടം പൂർത്തിയാക്കിയ ശേഷമാണ് പുറത്തായത്. ഒടുവിൽ ഇന്ത്യ 97/5 എന്ന നിലയിൽ എത്തിയപ്പോൾ രോഹിത് കളത്തിലിറങ്ങി. 12 റൺസുമായി രോഹിത്തും 16 റൺസുമായി ജഡേജയും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

മത്സരത്തിൽ ഇന്ത്യൻ ഫീൽഡിംഗ് സമയത്ത് വിരാട് കോഹ്‌ലിയുടെ ഒരു തകർപ്പൻ ക്യാച്ച് ഉണ്ടായിരുന്നു. ജഡേജ എറിഞ്ഞ പതിനെട്ടാം ഓവറിൻ്റെ നാലാം പന്തിൽ രോമാരിയോ ഷെപ്പേർഡിനെ പുറത്താക്കാനായിരുന്നു അത്. ജഡേജയെ ഡ്രൈവ് ചെയ്യാനുള്ള ശ്രമത്തിൽ അദ്ദേഹത്തിൻ്റെ ബാറ്റിൽ തട്ടി എഡ്‌ജായി പന്ത് പിന്നിലേക്ക് പോകുകയായിരുന്നു. രണ്ടാം സ്ലിപ്പിൽ നിന്നിരുന്ന കോഹ്‌ലി, തൻ്റെ വലതുവശത്തേക്ക് ചാഞ്ഞുകൊണ്ട് ഞൊടിയിടയിൽ ഒറ്റക്കൈ കൊണ്ട് പന്ത് പിടിച്ചെടുക്കുകയായിരുന്നു. പന്ത് വളരെ പെട്ടെന്ന് താണു വന്നതുകൊണ്ട് ക്യാച്ച് എടുക്കുക ദുഷ്കരമായ ഒന്നായിരുന്നു. എങ്കിലും കോഹ്‌ലി അനായാസം അത് കൈപ്പിടിയിൽ ഒതുക്കി.

വീഡിയോ..

Leave a Reply

Your email address will not be published. Required fields are marked *