Categories
Uncategorized

ഒറ്റക്കൈ വണ്ടർ ക്യാച്ചുമായി റാണ; എമേർജിങ് ഏഷ്യ കപ്പിൽ പാക്കിസ്ഥാനെ കീഴടക്കി ഇന്ത്യ.. വീഡിയോ കാണാം

ശ്രീലങ്കയിൽ നടക്കുന്ന എസിസി പുരുഷ എമേർജിങ് ടീമുകളുടെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ, ഇന്ത്യയുടെ ‘എ’ ടീം ഗ്രൂപ്പ് ജേതാക്കളായി സെമിഫൈനലിൽ കടന്നിരിക്കുകയാണ്. ബി ഗ്രൂപ്പിൽ പരാജയമറിയാതെയാണ് ഇന്ത്യയുടെ കുതിപ്പ്. ആദ്യ മത്സരത്തിൽ യുഎഇ ‘എ’ ടീമിനെ 8 വിക്കറ്റിന് കീഴടക്കിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ നേപ്പാൾ ‘എ’ ടീമിനെ 9 വിക്കറ്റിനും പരാജയപ്പെടുത്തിയിരുന്നു. ഇന്നലെ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ പാക്കിസ്ഥാൻ ‘എ’ ടീമിനെയും 8 വിക്കറ്റിന് അവർ തോൽപ്പിക്കുകയുണ്ടായി.

ഇന്നലെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ, 48 ഓവറിൽ 205 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യയ്ക്കായി രാജ് വർദ്ധൻ ഹംഗർഗേകർ അഞ്ച് വിക്കറ്റും മാനവ് സുതർ മൂന്ന് വിക്കറ്റും വീഴ്ത്തി ബോളിങ്ങിൽ തിളങ്ങി. മറുപടി ബാറ്റിങ്ങിൽ സെഞ്ചുറി നേടി പുറത്താകാതെ നിന്ന ഓപ്പണർ സായി സുദർശൻ്റെ മികവിൽ ടീം ഇന്ത്യ, 36.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. നികിൻ ജോസ് അർദ്ധസെഞ്ചുറി നേടിയപ്പോൾ, നായകൻ യാഷ് ദൂൽ 21 റൺസോടെ പുറത്താകാതെ നിന്നു. വെള്ളിയാഴ്ച നടക്കുന്ന ആദ്യ സെമിഫൈനലിൽ ശ്രീലങ്ക പാകിസ്താനെയും, രണ്ടാം സെമിഫൈനലിൽ ഇന്ത്യ ബംഗ്ലാദേശിനെയും നേരിടും.

അതിനിടെ ഇന്നലെ നടന്ന മത്സരത്തിൽ ടൂർണമെൻ്റിലെ തന്നെ മികച്ചൊരു വണ്ടർ ക്യാച്ച് പിറന്നിരുന്നു. രാജ് വർദ്ധൻ ഹംഗർഗേകർ എറിഞ്ഞ നാൽപ്പത്തിയാറാം ഓവറിൻ്റെ നാലാം പന്തിൽ ആയിരുന്നു അത്. പാക്കിസ്ഥാൻ്റെ ടോപ് സ്കോററായ കാസിം അക്രത്തെ പുറത്താക്കാൻ ഇന്ത്യയുടെ ഹർഷിത് റാണ എടുത്ത ക്യാച്ചാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ഓഫ് സ്റ്റമ്പിന് വെളിയിൽ വന്ന പന്തിൽ ബാറ്റ് വെച്ച അക്രം, ഒരു ബൗണ്ടറി പ്രതീക്ഷിച്ചു. എന്നാൽ ഷോർട്ട് തേർഡ്മാനിൽ നിന്നിരുന്ന റാണ, വായുവിൽ കുതിച്ചുയർന്നുകൊണ്ട് വലത്തെ കൈയ്യിൽ പന്ത് പിടിച്ചെടുക്കുകയായിരുന്നു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമാണ് അദ്ദേഹം.

വീഡിയോ..

Categories
Uncategorized

ആർസിബി ടീം തന്നോട് ചെയ്തത് കൊടുംചതി; വൻ വെളിപ്പെടുത്തലുമായി ചഹൽ.. വീഡിയോ കാണാം

ഏറെക്കാലമായി ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ ഇന്ത്യയുടെ പ്രീമിയർ ലെഗ് സ്പിന്നറാണ് യുസ്വേന്ദ്ര ചാഹൽ. അന്താരാഷ്ട്ര ക്രിക്കറ്റിലെ മിന്നും പ്രകടനത്തോടൊപ്പം ഇന്ത്യൻ പ്രീമിയർ ലീഗിലും അദ്ദേഹം മികവ് പുലർത്തുന്നു. കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിൽ രാജസ്ഥാൻ റോയൽസ് ടീമിലാണ് അദ്ദേഹം കളിച്ചത്. അതിനുമുൻപ് നീണ്ട എട്ട് വർഷത്തോളം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിൻ്റെ താരമായിരുന്നു ചഹാൽ. 2014-2021 കാലയളവിൽ 114 മത്സരങ്ങളിൽ നിന്നും 139 വിക്കറ്റുകൾ വീഴ്ത്തി ബംഗളൂരു ടീമിൻ്റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതാണ് ചഹാൽ. 

എങ്കിലും 2022 താരലേലത്തിനു മുൻപായി അദ്ദേഹത്തെ ടീം നിലനിർത്താതിരുന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. കോഹ്‌ലി, സിറാജ്, മാക്സ്വെൽ എന്നിവരെ ടീം നിലനിർത്തി. എങ്കിലും താരലേലത്തിൽവെച്ച് തന്നെ ടീം എന്തു വിലകൊടുത്തും തിരിച്ചെടുക്കുമെന്ന് ഉറപ്പുനൽകിയതായി ചഹാൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ അതുണ്ടായില്ല, ബംഗളൂരു വലിയ താല്പര്യം കാണിക്കാതിരുന്നതോടെ, രാജസ്ഥാൻ റോയൽസ് താരത്തെ ടീമിൽ എത്തിച്ചു. ആദ്യ സീസണിൽ തന്നെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തി പർപ്പിൾ തൊപ്പി അദ്ദേഹം സ്വന്തമാക്കി.

റോയൽ ചലഞ്ചേഴ്സ് മാനേജ്മെൻ്റിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവം കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ചഹാൽ വെളിപ്പെടുത്തിയിരുന്നു. താൻ എട്ട് വർഷത്തോളം ബംഗളൂരു ടീമിനുവേണ്ടി പോരാടി, അവർ അവസരം തന്നതുകൊണ്ട് എനിക്ക് മികവ് തെളിയിക്കാനും ക്രമേണ ഇന്ത്യൻ ടീമിൽ കളിക്കാനും സാധിച്ചു. എങ്കിലും താൻ കൂടുതൽ ശമ്പളം ചോദിച്ചതുകൊണ്ടാണ് ആർസിബി തന്നെ നിലനിർത്താതിരുന്നത് എന്നൊക്കെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ താൻ അങ്ങനെയൊന്നും ആവശ്യപ്പെട്ടിരുന്നില്ല എന്നതാണ് വാസ്തവം.

മാത്രമല്ല, ഇതിനെക്കാളൊക്കെ തനിക്ക് സങ്കടം ഉണ്ടാക്കിയത്, ടീം മാനേജ്മെൻ്റിൻ്റെ ഭാഗത്തുനിന്നും തന്നെ ഒഴിവാക്കുന്നതായി യാതൊരു അറിയിപ്പോ ഫോൺകോളോ  ഉണ്ടായില്ല എന്നതാണ്. ലേലത്തിൽ തന്നെ ഉറപ്പായും ടീമിൽ എത്തിക്കുമെന്ന്, നിലനിർത്താതിരുന്ന അവസരത്തിൽ അവർ വാക്ക് നൽകിയതുമാണ്. താൻ സമ്മതം മൂളുകയും ചെയ്തു, എന്നാൽ ലേലത്തിൽ വാങ്ങാൻ അവർ തയ്യാറാകാതിരുന്ന നിമിഷം എനിക്ക് വളരെ ദേഷ്യം തോന്നി. താൻ അവർക്ക് തൻ്റെ 8 വർഷങ്ങൾ നൽകി, ചിന്നസ്വാമി തൻ്റെ ഏറ്റവും പ്രിയപ്പെട്ട സ്റ്റേഡിയമായിരുന്നു. ആദ്യമായി അവർക്കെതിരെ കളിച്ച മത്സരത്തിൽ താൻ കോച്ചുമാരോടും, ടീമിലെ ആരോടും സംസാരിച്ചില്ല എന്നും ചഹാൽ വെളിപ്പെടുത്തുന്നു.

വീഡിയോ..