ശ്രീലങ്കയിൽ നടക്കുന്ന എസിസി പുരുഷ എമേർജിങ് ടീമുകളുടെ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ, ഇന്ത്യയുടെ ‘എ’ ടീം ഗ്രൂപ്പ് ജേതാക്കളായി സെമിഫൈനലിൽ കടന്നിരിക്കുകയാണ്. ബി ഗ്രൂപ്പിൽ പരാജയമറിയാതെയാണ് ഇന്ത്യയുടെ കുതിപ്പ്. ആദ്യ മത്സരത്തിൽ യുഎഇ ‘എ’ ടീമിനെ 8 വിക്കറ്റിന് കീഴടക്കിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ നേപ്പാൾ ‘എ’ ടീമിനെ 9 വിക്കറ്റിനും പരാജയപ്പെടുത്തിയിരുന്നു. ഇന്നലെ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ പാക്കിസ്ഥാൻ ‘എ’ ടീമിനെയും 8 വിക്കറ്റിന് അവർ തോൽപ്പിക്കുകയുണ്ടായി.
ഇന്നലെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ, 48 ഓവറിൽ 205 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യയ്ക്കായി രാജ് വർദ്ധൻ ഹംഗർഗേകർ അഞ്ച് വിക്കറ്റും മാനവ് സുതർ മൂന്ന് വിക്കറ്റും വീഴ്ത്തി ബോളിങ്ങിൽ തിളങ്ങി. മറുപടി ബാറ്റിങ്ങിൽ സെഞ്ചുറി നേടി പുറത്താകാതെ നിന്ന ഓപ്പണർ സായി സുദർശൻ്റെ മികവിൽ ടീം ഇന്ത്യ, 36.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. നികിൻ ജോസ് അർദ്ധസെഞ്ചുറി നേടിയപ്പോൾ, നായകൻ യാഷ് ദൂൽ 21 റൺസോടെ പുറത്താകാതെ നിന്നു. വെള്ളിയാഴ്ച നടക്കുന്ന ആദ്യ സെമിഫൈനലിൽ ശ്രീലങ്ക പാകിസ്താനെയും, രണ്ടാം സെമിഫൈനലിൽ ഇന്ത്യ ബംഗ്ലാദേശിനെയും നേരിടും.
അതിനിടെ ഇന്നലെ നടന്ന മത്സരത്തിൽ ടൂർണമെൻ്റിലെ തന്നെ മികച്ചൊരു വണ്ടർ ക്യാച്ച് പിറന്നിരുന്നു. രാജ് വർദ്ധൻ ഹംഗർഗേകർ എറിഞ്ഞ നാൽപ്പത്തിയാറാം ഓവറിൻ്റെ നാലാം പന്തിൽ ആയിരുന്നു അത്. പാക്കിസ്ഥാൻ്റെ ടോപ് സ്കോററായ കാസിം അക്രത്തെ പുറത്താക്കാൻ ഇന്ത്യയുടെ ഹർഷിത് റാണ എടുത്ത ക്യാച്ചാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ഓഫ് സ്റ്റമ്പിന് വെളിയിൽ വന്ന പന്തിൽ ബാറ്റ് വെച്ച അക്രം, ഒരു ബൗണ്ടറി പ്രതീക്ഷിച്ചു. എന്നാൽ ഷോർട്ട് തേർഡ്മാനിൽ നിന്നിരുന്ന റാണ, വായുവിൽ കുതിച്ചുയർന്നുകൊണ്ട് വലത്തെ കൈയ്യിൽ പന്ത് പിടിച്ചെടുക്കുകയായിരുന്നു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമാണ് അദ്ദേഹം.
വീഡിയോ..