Categories
Uncategorized

ഇതെന്താ ബുള്ളറ്റൊ! എല്ലാവരെയും അമ്പരപ്പിച്ചു ജഡേജയുടെ ത്രോ ; വീഡിയോ കാണാം

ഏഷ്യകപ്പിൽ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് 40 റൺസിന്റെ വിജയം, ഇതോടെ ഗ്രൂപ്പിലെ 2 മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി ഇന്ത്യ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടി, അർധ സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ച് വന്ന വിരാട് കോഹ്ലിയും (59) വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ച ഇന്ത്യയുടെ 360 ഡിഗ്രി ബാറ്റർ എന്നറിയപ്പെടുന്ന സൂര്യകുമാർ യാദവിന്റെ (68) ഇന്നിങ്ങ്സുമാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 192/2 എന്ന മികച്ച നിലയിൽ എത്തിച്ചത്.

മത്സരത്തിൽ ടോസ്സ് നേടിയ ഹോങ്കോങ് ക്യാപ്റ്റൻ നിസാഖത്ത് ഖാൻ ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു, പാകിസ്താനെതിരായ കഴിഞ്ഞ കളിയിലെ ഇന്ത്യയുടെ വിജയ ശില്പി ഓൾ റൗണ്ടർ ഹാർദിക്ക് പാണ്ഡ്യക്ക്‌ ഇന്നത്തെ കളിയിൽ ഇന്ത്യ വിശ്രമം അനുവദിച്ചു, ഹർദിക്കിന് പകരം വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഇന്ത്യൻ നിരയിൽ ഇടം നേടി, പവർ പ്ലേ ഓവറുകളിൽ ക്യാപ്റ്റൻ രോഹിത് ശർമ ആക്രമിച്ച് കളിച്ചെങ്കിലും ആ ഇന്നിങ്ങ്സിനു അധികം ആയുസ്സ് ഉണ്ടായിരുന്നില്ല, മറു വശത്ത് കെ.എൽ രാഹുൽ ഏകദിന ശൈലിയിൽ പതുക്കെ ആണ് ബാറ്റ് വീശിയത്, രാഹുലിന്റെ ഈ മെല്ലെപ്പോക്ക് ഇന്ത്യൻ ഇന്നിങ്സിന്റെ വേഗത നന്നേ കുറച്ചു, 39 പന്തുകൾ നേരിട്ടാണ് രാഹുൽ 36 റൺസ് നേടിയത് സ്ട്രൈക്ക് റേറ്റ് 100ന് താഴെയും.

രാഹുൽ പുറത്തായതിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് ഹോങ്കോങ് ബോളർമാരെ തുടക്കത്തിൽ തന്നെ കടന്നാക്രമിച്ചു, ക്രിക്കറ്റിന്റെ കോപ്പി ബുക്ക്‌ ഷോട്ടുകളുടെ ലിസ്റ്റിൽ ഇല്ലാത്ത പല ഷോട്ടുകളും ആ ഇന്നി‌ങ്ങ്സിൽ പിറന്നു, ചില ഷോട്ടുകൾ എ.ബി ഡിവില്ലിയേഴ്സിനെ ഓർമിപ്പിക്കുന്നതായിരുന്നു, സ്കൂപ്പ് ഷോട്ടുകളും, ഫ്ലിക്ക് ഷോട്ടുകളുമൊക്കെ അടിച്ച് സൂര്യ കുമാർ കളം നിറഞ്ഞാടിയപ്പോൾ ഇന്ത്യൻ സ്കോർ അതി വേഗത്തിൽ ചലിച്ചു, വെറും 26 പന്തിലാണ് 6 ഫോറും 6 സിക്സും അടക്കം താരം പുറത്താകാതെ 68 റൺസ് അടിച്ചെടുത്തത്,ഹോങ്കോങ് ബോളർ ഹാറൂൺ അർഷാദ് എറിഞ്ഞ അവസാന ഓവറിൽ 4 സിക്സർ അടക്കം 26 റൺസ് ആണ് സൂര്യകുമാർ വാരിക്കൂട്ടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഹോങ്കോങ് ഓപ്പണർ യാസിം മുർത്താസയെ (9) തുടക്കത്തിൽ തന്നെ വീഴ്ത്തി അർഷ് ദീപ് സിംഗ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു, ഇതിനിടെ ആറാം ഓവറിൽ ഹോങ്കോങ് ക്യാപ്റ്റൻ നിസാഖത്ത് ഖാനെ മികച്ച ഫീൽഡിങ്ങിലൂടെ രവീന്ദ്ര ജഡേജ റൺ ഔട്ട്‌ ആക്കി, സിംഗിളിന് ശ്രമിച്ച ഹോങ്കോങ് നായകനെ ഡയറക്റ്റ് ത്രോയിലൂടെ ജഡേജ റൺ ഔട്ട്‌ ആക്കുകയായിരുന്നു, നിലവിലെ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡർ ആയ ജഡേജയുടെ കൈയിൽ ഇട്ട് ഇല്ലാത്ത റണ്ണിനായി ഓടിയ ഹോങ്കോങ് ക്യാപ്റ്റന്റെ തീരുമാനം ആത്മഹത്യാപരമായി.

https://twitter.com/PubgtrollsM/status/1565023944218132480?t=zPniiOsnSZJZ9SZfoE71pg&s=19
https://twitter.com/cricket82182592/status/1565028524800454656?t=pTsbbxVyJkjhb8tHwQMCyA&s=19

41 റൺസ് എടുത്ത ബാബർ ഹയത്തും, 30 റൺസ് എടുത്ത കെ.ഡി ഷായും അവസാന ഓവറുകളിൽ നന്നായി കളിച്ച
സീഷൻ അലിയും (26*) ഹോങ്കോങ്ങിനായി പൊരുതി നോക്കിയെങ്കിലും ഇന്ത്യ ഉയർത്തിയ വലിയ വിജയലക്ഷ്യം മറികടക്കാൻ അതൊന്നും മതിയാകുമായിരുന്നില്ല, ഒടുവിൽ നിശ്ചിത 20 ഓവറിൽ 152/5 എന്ന നിലയിൽ ഹോങ്കോങ് ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു, ഭുവനേശ്വർ കുമാർ, അർഷ് ദീപ് സിംഗ്, രവീന്ദ്ര ജഡേജ, ആവേശ് ഖാൻ, എന്നിവർ ഇന്ത്യക്കായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി, പുറത്താകാതെ 68 റൺസ് നേടി ഇന്ത്യൻ ഇന്നിങ്സിന്റെ നെടുംതൂൺ ആയി മാറിയ സൂര്യകുമാർ യാദവ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

Written By: അഖിൽ. വി.പി. വള്ളിക്കാട്.

Leave a Reply

Your email address will not be published. Required fields are marked *