Categories
Uncategorized

ആവേശ് ഖാനേക്കാൾ മികച്ച രീതിയിൽ പന്തെറിഞ്ഞു കോഹ്ലി; വീഡിയോ കാണാം

ഹോങ്കോങ് ടീമിനെതിരെ ഏഷ്യ കപ്പ് മത്സരത്തിൽ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പന്തെറിയാനെത്തിയത് ആരാധകരെ ആവേശത്തിലാക്കി. 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അവരുടെ ഇന്നിംഗ്സിലെ പതിനേഴാം ഓവറിലാണ് കോഹ്‌ലി പന്തുമായി തിളങ്ങിയത്. ഒരു ബൗണ്ടറി പോലും വഴങ്ങാതെ ആകെ 6 റൺസ് മാത്രമാണ് കോഹ്‌ലി ഒരോവറിൽ വിട്ടുകൊടുത്തത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ വളരെ നാളുകൾക്ക് ശേഷമാണ് അദ്ദേഹം പന്തെറിയുന്നത്‌. തന്റെ കരിയറിന്റെ തുടക്കക്കാലത്ത് ഒരു പാർട്ട് ടൈം ബോളർ ആയിരുന്നു കോഹ്‌ലി. പിന്നീട് ടീമിന്റെ നായകനായി ചുമതല ഏറ്റെടുത്തതോടെ പന്തെറിയൽ കുറഞ്ഞുവന്നു. ട്വന്റി ട്വന്റി ക്രിക്കറ്റിൽ 4 അന്താരാഷ്ട്ര വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

നേരത്തെ ടോസ് നഷ്ടപ്പെട്ട ഇന്ത്യൻ നായകൻ രോഹിത് ശർമയെ ആദ്യം ബാറ്റ് ചെയ്യാൻ ഹോങ്കോങ് നായകൻ നിസാഖത് ഖാൻ ക്ഷണിക്കുകയായിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങിയ സൂര്യകുമാർ യാദവിന്റെയും (26 പന്തിൽ നിന്നും 68* റൺസ്, 6×4s, 6×6s) ഉത്തമ പങ്കാളിയായ കോഹ്‌ലിയുടെയും (44 പന്തിൽ നിന്നും 59* റൺസ്, 1×4s, 3×6s) മികവിലാണ് ഇന്ത്യ 20 ഓവറിൽ 192/2 എന്ന സ്കോർ കണ്ടെത്തിയത്‌.

13 പന്തിൽ നിന്നും 21 റൺസ് എടുത്ത രോഹിത് ശർമയാണ് ആദ്യം പുറത്തായത്. രാഹുൽ വളരെ പതിഞ്ഞ താളത്തിൽ ആണ് കളിച്ചത്. 39 പന്തിൽ നിന്നും 36 റൺസ് നേടിയ രാഹുൽ പതിമൂന്നാം ഓവറിൽ പുറത്തായതോടെയാണ് സൂര്യകുമാർ യാദവ് ക്രീസിൽ എത്തിയത്. വേർപിരിയാത്ത മൂന്നാം വിക്കറ്റിൽ കോഹ്‌ലിയും സൂര്യയും 98 റൺസ് ആണ് നേടിയത്.

ഇന്നലത്തെ മത്സരത്തിൽ ഒരു ആറാം ബോളിങ് ഓപ്ഷൻ ഇല്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങിയത്. കഴിഞ്ഞ പാക്കിസ്ഥാന് എതിരെ നടന്ന മത്സരത്തിലെ ഹീറോ ഹാർദിക് പാണ്ഡ്യക്ക് ഇന്ത്യ വിശ്രമം അനുവദിക്കുകയായിരുന്നു. ഹർദിക്കിന് പകരം വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെയാണ് മാനേജ്മെന്റ് ടീമിൽ ഉൾപ്പെടുത്തിയത്.

മത്സരത്തിൽ ഇന്ത്യൻ ബൗളർ ആവേശ്‌ ഖാനെ തലങ്ങും വിലങ്ങുമായി പ്രഹരിച്ച ഹോങ്കോങ് ബാറ്റർമാർ അനായാസം റൺസ് നേടിയിരുന്നു. ഇതോടെയാണ് ഒരോവർ കോഹ്‌ലിയെക്കൊണ്ട് ചെയ്യിപ്പിക്കാൻ രോഹിത് നിർബന്ധിതനായത്. 4 ഓവറിൽ 53 റൺസ് വഴങ്ങി ആവേശ്‌. അദ്ദേഹത്തിന്റെ രണ്ട് ഓവറുകൾ കൂടി കോഹ്‌ലിക്ക് കൊടുക്കാമായിരുന്നു എന്നാണ് മത്സരശേഷം ആരാധകർ കളിയാക്കുന്നത്. ഹോങ്കോങ്ങ് ഇന്നിങ്സ് 20 ഓവറിൽ 152/5 എന്ന നിലയിൽ അവസാനിച്ചു.

കോഹ്‌ലിയുടെ ബൗളിംഗ് വീഡിയോ :

https://twitter.com/cricket82182592/status/1565037329852821504?t=csdwW2fydRbPtU_ziPsleQ&s=19

Leave a Reply

Your email address will not be published. Required fields are marked *