ഹോങ്കോങ്ങിനെതിരായ ഏഷ്യ കപ്പ് പോരാട്ടത്തിൽ വിരാട് കോഹ്‌ലിയെ സാക്ഷിയാക്കി സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് വെടിക്കെട്ട്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ടീം ഇന്ത്യക്ക് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങേണ്ടിവന്നു.
പതിഞ്ഞ താളത്തിൽ തുടങ്ങിയ ഇന്ത്യൻ ഇന്നിങ്സ് അവസാന ഓവറുകളിൽ കത്തിക്കയറിയത് സൂര്യയുടെ 360° ബാറ്റിംഗ് വിസ്ഫോടനത്തിലാണ്.
39 പന്തിൽ നിന്നും 36 റൺസ് എടുത്ത കെ എൽ രാഹുൽ പതിമൂന്നാം ഓവറിൽ പുറത്തായതോടെയാണ് അദ്ദേഹം ക്രീസിൽ എത്തിയത്. മൈതാനത്തിന്റെ തലങ്ങും വിലങ്ങുമായി ഒന്നിനു പിറകെ ഒന്നായി ബൗണ്ടറികൾ വന്നുകൊണ്ടിരുന്നു.
നേരിട്ട ആദ്യ രണ്ടു പന്തും സ്വീപ് ചെയ്ത് സ്ക്വയർ ലേഗിൽ ബൗണ്ടറി നേടിയാണ് തുടങ്ങിയത്. അതുവരെ തട്ടിമുട്ടി നീങ്ങിയിരുന്ന ഇന്ത്യൻ ഇന്നിംഗ്സിന് ജീവൻ വച്ചത് സൂര്യ വന്നതോടെയാണ്. നായകൻ രോഹിത് ശർമ 21 റൺസ് നേടി ആദ്യം പുറത്തായി. പിന്നീട് വന്ന കോഹ്‌ലിയും രാഹുലും വളരെ ശ്രദ്ധാപൂർവം കളിക്കുകയായിരുന്നു. കോഹ്‌ലിയെ ഒരു അറ്റത്ത് കാഴ്ചക്കാരനായി നിർത്തിയായിരുന്നു സൂര്യയുടെ അഴിഞ്ഞാട്ടം.
സൂര്യ ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ അതുവരെ മറ്റുള്ളവർ കളിച്ച പിച്ച് ആണെന്ന് തോന്നുകയേ ഇല്ല എന്നാണ് കമന്റേറ്റർ ഹർഷ ഭോഗ്ലെ ട്വീറ്റ് ചെയ്തത്. ഹാറൂൺ അർഷദ് എറിഞ്ഞ അവസാന ഓവറിൽ ആണ് വെടിക്കെട്ട് ഉച്ചസ്ഥായിയിൽ ആയത്. ആദ്യ മൂന്നു പന്തുകളും സിക്സ്, നാലാം പന്ത് ബാറ്റിൽ കൊണ്ടില്ല. അഞ്ചാം പന്തിൽ വീണ്ടും ഒരു സിക്സ്. ലാസ്റ്റ് ബോൾ ഡബിള്, അങ്ങനെ 26 റൺസാണ് അവസാന ഓവറിൽ പിറന്നത്.
മത്സരശേഷം ഗ്രൗണ്ടിൽ നിന്നും മടങ്ങുന്ന വഴി കോഹ്‌ലി സൂര്യയെ വണങ്ങുന്ന ദൃശ്യം കാണാമായിരുന്നു. എല്ലാവരും എഴുന്നേറ്റുനിന്ന് കയ്യടിക്കുകയായിരുന്നു അപ്പോൾ. നിമിഷനേരം കൊണ്ട് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറി. നേരത്തെ ഒരു ഐപിഎൽ മത്സരത്തിനിടെ സൂര്യ കുമാർ മുംബൈ ഇന്ത്യൻസ് ടീമിനായി ബാറ്റ് ചെയ്യുമ്പോൾ ഫീൽഡ് ചെയ്യുകയായിരുന്ന ബംഗളൂരിന്റേ വിരാട് കോഹ്‌ലി കടുപ്പമേറിയ വാക്കുകളുമായി സൂര്യയുടെ അടുത്തേക്ക് വരുകയുണ്ടായി. അപ്പോൾ തെല്ലും കൂസലില്ലാതെ കോഹ്‌ലിയെ നോക്കിനിന്ന ആ പയ്യനെ ആരും പെട്ടെന്ന് മറക്കാൻ ഇടയില്ല. അന്ന് ഇന്ത്യൻ ടീമിൽ ഇടം പിടിക്കാത്ത താരമായിരുന്നു അദ്ദേഹം. ഇപ്പോൾ ഇന്ത്യൻ T20 ടീമിന്റെ അവിഭാജ്യ ഘടകമായി മാറി.
തലകുനിച്ച് വണങ്ങി സൂര്യയെ അഭിനന്ദിച്ച് കിങ് കോഹ്ലി ; വൈറൽ വീഡിയോ കാണാം
വെറും 22 പന്തുകളിൽ നിന്നാണ് സൂര്യകുമാർ യാദവ് തന്റെ അർദ്ധ ശതകം പൂർത്തിയാക്കിയത്. 10 ഓവറിൽ 70/1 എന്ന നിലയിൽ നിന്നും 20 ഓവറിൽ 192/2 എന്ന നിലയിലേക്ക് ഇന്ത്യ എത്തി. കോഹ്‌ലി 59 റൺസോടെ പുറത്താകാതെ നിന്നു. 26 പന്തുകളിൽ 6 വീതം സിക്സും ഫോറുമടക്കം 68 റൺസൊടെ നിന്നു സൂര്യകുമാർ.