Categories
Cricket

ഓസ്‌ട്രേലിയൻ മണ്ണിൽ ചരിത്രം കുറിച്ച് സിംബാബ്‌വെ! ; ആദ്യമായി ഏകദിനത്തിൽ ഓസ്‌ട്രേലിയയെ അവരുടെ നാട്ടിൽ തോല്പിച്ച് സിംബാബ്‌വെ

ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ 3 വിക്കറ്റിന്റെ ജയം നേടി ചരിത്രം കുറിച്ച് സിംബാബ്‌വെ. ഓസ്‌ട്രേലിയൻ മണ്ണിൽ ഇതാദ്യമായിട്ടാണ് സിംബാബ്‌വെ ഏകദിനത്തിൽ ജയം നേടുന്നത്. 142 വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെ 3 വിക്കറ്റ് ബാക്കി നിൽക്കെ 39ആം ഓവറിൽ ലക്ഷ്യം കാണുകയായിരുന്നു.
47 പന്തിൽ 35 റൺസ് നേടിയ മറുമനി, 72 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്ന് ചകബ്വ എന്നിവരാണ് സിംബാബ്‌വെയ്ക്ക് വേണ്ടി ബാറ്റിങ്ങിൽ തിളങ്ങിയത്.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഹെസ്ൽവുഡ് 3 വിക്കറ്റും സ്റ്റാർക്ക്, ഗ്രീൻ, സ്റ്റോയ്നിസ്, അഗർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 5ന് 77 എന്ന നിലയിലേക്ക് വീണ സിംബാബ്‌വെ ഒരു ഘട്ടത്തിൽ പരാജയപ്പെടുമെന്ന് കരുതിയെങ്കിലും മുൻയോംഗയും ചകബ്വയും ചേർന്ന് ജാഗ്രതയോടെ റൺസ് ഉയർത്തുകയായിരുന്നു. ആറാം വിക്കറ്റ് നഷ്ട്ടപ്പെടും മുമ്പേ ഇരുവരും ചേർന്ന് 38 റൺസ് കൂട്ടിച്ചേർത്തു.

നേരെത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയയുടെ ദയനീയ ബാറ്റിങ് പ്രകടനമാണ് ക്രിക്കറ്റ് ലോകം കണ്ടത്. 141 റൺസിൽ ഓൾ ഔട്ട് ആവുകയായിരുന്നു. ഓപ്പണറായി എത്തി ഒരു ഭാഗത്ത് 94 റൺസുമായി പൊരുതിയ വാർണറിന്റെ ഇന്നിങ്സാണ് ഓസ്‌ട്രേലിയയെ മൂന്നക്കം കടത്തിയത്. മറ്റുള്ളവർ ചേർന്ന് നേടിയത് വെറും 38 റൺസാണ്.

സ്റ്റീവ് സ്മിത്ത് (1), ഫിഞ്ച് (5), സ്റ്റോയ്നിസ് (3), മാക്‌സ്വെൽ (19) എന്നിങ്ങനെയായിരുന്നു ഓസ്‌ട്രേലിയയുടെ മുൻനിര ബാറ്റർമാരുടെ സ്‌കോർ. ഓപ്പണറായി എത്തിയ വാർണർ എട്ടാം വിക്കറ്റ് വരെ ക്രീസിൽ ഉണ്ടായിരുന്നു. സെഞ്ചുറിക്ക് അരികെ ബൗണ്ടറിക്ക് ശ്രമിച്ച വാർണർ ക്യാച്ചിലൂടെ പുറത്താവുകയായിരുന്നു. സിംബാബ്‌വെയ്ക്ക് വേണ്ടി റിയാൻ ബർൽ 5 വിക്കറ്റ് വീഴ്ത്തി, ഒപ്പം ബ്രാഡ് ഇവാൻസ് 2 വിക്കറ്റും.

Leave a Reply

Your email address will not be published. Required fields are marked *