ഏഷ്യാകപ്പിന്റെ സൂപ്പർ ഫോറിലെ ശ്രീലങ്ക – അഫ്ഗാനിസ്ഥാൻ പോരാട്ടത്തിനിടെ വാക്ക് പോരിൽ ഏർപ്പെട്ട് റാഷിദ് ഖാനും ധനുഷ്‌ക ഗുണതിലകയും. 17ആം ഓവറിലെ ആദ്യ പന്തിൽ ശ്രീലങ്കൻ താരം റാഷിദ് ഖാനെതിരെ ബൗണ്ടറി നേടിയതിന് പിന്നാലെയായിരുന്നു സംഭവം, അതിന് ശേഷം അഫ്ഗാനിസ്ഥാൻ ബൗളർ ഗുണതിലകയോട് എന്തോ പറയുന്നതായി കാണപ്പെട്ടു.
ക്രീസിൽ ഉണ്ടായിരുന്ന രാജപക്ഷ സമയോചിതമായി ഇടപ്പെട്ടതോടെ തർക്കം വഷളായില്ല. പിച്ചിന്റെ മധ്യത്തിൽ വാക്ക് പൊരുമായി അൽപ്പനേരം നീണ്ടുനിൽക്കുകയായിരുന്നു. ഏറ്റുമുട്ടിയതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പിന്നീട് അതേ ഓവറിലെ നാലാം പന്തിൽ ഗുണതിലകയുടെ സ്തംപ് തെറിപ്പിച്ചായിരുന്നു റാഷിദ് ഖാൻ മറുപടി നൽകിയത്. സ്ലോഗ് സ്വീപ് ചെയ്യാൻ നോക്കിയ ഗുണതിലകയുടെ സ്തംപ് മനോഹരമായ ഡെലിവറിയിലൂടെ പിഴുതെടുക്കുകയായിരുന്നു.
അതേസമയം ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 175 റൺസ് നേടിയിരുന്നുവെങ്കിലും ചെയ്‍സിങ്ങിന് ഇറങ്ങിയ ശ്രീലങ്കയെ പിടിച്ചുകെട്ടാനായില്ല. 5 പന്തുകൾ ബാക്കി നിൽക്കെ 6 വിക്കറ്റ് നഷ്ട്ടത്തിൽ ശ്രീലങ്ക ലക്ഷ്യം കണ്ടു. നിസ്സങ്ക (28 പന്തിൽ 35), കുസാൽ മെൻഡിസ് (19 പന്തിൽ 36), ഗുണത്തിലക (20 പന്തിൽ 33), രാജപക്ഷ (14 പന്തിൽ 31) എന്നിവരുടെ പ്രകടനമാണ് അഫ്ഗാനിസ്ഥാന്റെ മികച്ച ബൗളിങ് നിരയ്ക്ക് മുന്നിൽ ശ്രീലങ്കയ്ക്ക് വിജയം സമ്മാനിച്ചത്.
4 ഓവറിൽ 39 റൺസ് വിട്ടു നൽകി 1 വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാൻ ബൗളിങ് മികവ് പുലർത്താനായില്ല.
4 ഓവറിൽ 30 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ മുജീദബുർ റഹ്‌മാനാണ് മികച്ച ബൗളിങ് പ്രകടനം നടത്തിയത്. നേരെത്തെ ബാറ്റിങ്ങിനിടെ 45 പന്തിൽ 6 സിക്‌സും 4 ഫോറും ഉൾപ്പെടെ 84 റൺസ് നേടിയ ഓപ്പണർ ഗുർബാസിന്റെ ഇന്നിംഗ്സാണ് അഫ്ഗാനിസ്ഥാൻ മികച്ച സ്‌കോർ സമ്മാനിച്ചത്. ഒരുവേള അഫ്ഗാനിസ്ഥാൻ 200ന് അടുത്തെങ്കിലും സ്‌കോർ ചെയ്യുമെന്ന് കരുതിയെങ്കിലും മധ്യനിരയിൽ പെട്ടെന്ന് വിക്കറ്റ് വീണത് സ്‌കോർ 175ൽ ഒതുങ്ങി.