Categories
Cricket Latest News Malayalam

ഇനി കളി മാറും, പന്ത് കരുതിയിരുന്നോളൂ,സഞ്ജുവിനെ പിന്തുണച്ച് കമന്റേറ്റർമാരും.. വൈറൽ വീഡിയോ കാണാം

ഇന്ന് നടന്ന ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ അവസാനമത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ആദ്യ ഏകദിനം വിജയിച്ച കിവീസ് പരമ്പര സ്വന്തമാക്കി. നേരത്തെ രണ്ടാം ഏകദിനവും മഴമൂലം ഉപേക്ഷിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 47.3 ഓവറിൽ വെറും 219 റൺസിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിൽ ന്യൂസിലൻഡ് 18 ഓവറിൽ 108/1 എന്ന നിലയിൽ നിൽക്കെ മഴയെത്തി, പിന്നീട് മത്സരം തുടരാനാകാതെ വന്നു. ‘ഡക്ക്വർത്ത് ലൂയിസ് സ്റ്റേൺ’ മഴനിയമപ്രകാരം സ്കോർ നിർണയിക്കാൻ ഏകദിനത്തിൽ രണ്ടാം ഇന്നിംഗ്സ് 20 ഓവർ പൂർത്തിയാകേണ്ടതുണ്ട്. അതോടെയാണ് മത്സരം ഫലമില്ലാതെയായത്.

51 റൺസ് എടുത്ത ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ, 49 റൺസ് എടുത്ത ശ്രേയസ് അയ്യർ, 28 റൺസ് എടുത്ത നായകൻ ശിഖർ ധവാൻ എന്നിവരൊഴികെ മറ്റാർക്കും സ്കോർബോർഡിലേക്ക്‌ കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. 3 വിക്കറ്റ് വീതം വീഴ്ത്തി ആദം മിൽനെയും ദാരിൽ മിച്ചലും ബോളിങ്ങിൽ തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസിന് ഓപ്പണർമാരായ ഫിൻ അലനും ഡെവൺ കോൺവെയും ചേർന്ന് ഒന്നാം വിക്കറ്റിൽ 97 റൺസ് കൂട്ടുകെട്ടോടെ മികച്ച തുടക്കമാണ് സമ്മാനിച്ചത്. 57 റൺസ് എടുത്ത അലെനെ ഉമ്രൻ മാലിക്കാണ് പുറത്താക്കിയത്. കോൺവെ 38 റൺസ് എടുത്തു പുറത്താകാതെ നിന്നു.

ക്രൈസ്റ്റ് ചർച്ചിലെ ഹാഗ്ലെയ് ഓവലിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ മലയാളി താരം സഞ്ജു വി സാംസണ് വീണ്ടും ഒരിക്കൽകൂടി അവസരം നിഷേധിച്ചു. വിക്കറ്റ് കീപ്പർ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത് ആകട്ടെ ഇന്നും നിരാശപ്പെടുത്തി, വെറും 10 റൺസ് മാത്രം എടുത്ത് പുറത്തായി. ആദ്യ ഏകദിനത്തിൽ 15 റൺസ് മാത്രമാണ് പന്ത് നേടിയത്. സഞ്ജു ആകട്ടെ 36 റൺസ് നേടിയിരുന്നു, കൂടാതെ ശ്രേയസ് അയ്യരുമൊത്ത് 94 റൺസിന്റെ കൂട്ടുകെട്ടിലും പങ്കാളിയായിരുന്നു. മഴമൂലം ഉപേക്ഷിച്ച രണ്ടാം ഏകദിനത്തിൽ സഞ്ജുവിന് പകരം ദീപക് ഹൂഡക്ക് ടീമിൽ ഇടംനൽകിയിരുന്നു.

മത്സരത്തിനിടെ കമന്റേറ്റർമാരിൽ ഒരാളായ സൈമൺ ഡൗൾ, ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ വീണ്ടും വീണ്ടും കളിപ്പിക്കുന്നതിൽ ടീം മാനേജ്മെന്റിനെ വിമർശിച്ച് സംസാരിക്കുന്ന ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്. ഇത്രയും മോശം ഫോമിലുള്ള പന്തിനെ എന്ത് അടിസ്ഥാനത്തിലാണ് ടീം മാനേജ്മെന്റ് ഇറക്കുന്നത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനമാണോ അദ്ദേഹത്തിന് വൈറ്റ് ബോൾ മത്സരങ്ങളിൽ അവസരം നൽകാൻ കാരണം അതോ ഇടംകൈയ്യൻ ബാറ്റർ ആണെന്നതോ എന്നും അദ്ദേഹം ആശ്ചര്യപ്പെടുന്നു. വെറും 11 ഏകദിനമത്സരം മാത്രം കളിച്ച സഞ്ജുവിന് 66 റൺസ് ശരാശരിയുണ്ട്. മുപ്പതോളം മത്സരം ലഭിച്ചിട്ടും വെറും 34 റൺസ് ശരാശരിയിൽ കളിക്കുന്ന പന്തിനെ, ഒരിക്കലും സഞ്ജുവിനെ പുറത്തിരുത്തി കളിപ്പിക്കേണ്ട ആവശ്യമില്ലെന്നും സൈമൺ ഡൗള്‍ പറയുന്നു.

വീഡിയോ :

Leave a Reply

Your email address will not be published. Required fields are marked *