Categories
Cricket Latest News

ജയിക്കാൻ വേണ്ടത് 6 ബോളിൽ 6 റൺസ് ! ഓരോ ബോളും ആവേശം നിറഞ്ഞ അവസാന ഓവറിൻ്റെ ഫുൾ വീഡിയോ കാണാം

ലഖ്നൗവിൽ നടന്ന ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തിൽ 6 വിക്കറ്റിന് ന്യൂസിലൻഡിനെ തകർത്ത ടീം ഇന്ത്യ പരമ്പരയിൽ 1-1ന് ഒപ്പമെത്തി. സ്പിൻ പറുദീസയായ പിച്ചിൽ ഇരു ടീമിലെയും താരങ്ങൾ കഷ്ടപ്പെട്ട പോരാട്ടത്തിൽ ഒരു പന്ത് ശേഷിക്കെ ആയിരുന്നു ഇന്ത്യൻ വിജയം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എടുത്തപ്പോൾ 19.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. കഴിഞ്ഞ മത്സരത്തിലേതുപോലെ ടോപ് ഓർഡർ ഒരിക്കൽ കൂടി നിരാശപ്പെടുത്തിയപ്പോൾ 26 റൺസ് എടുത്ത സൂര്യകുമാർ യാദവും 15 റൺസ് എടുത്ത നായകൻ ഹാർദിക് പാണ്ഡ്യയും ചേർന്നാണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്.

മത്സരത്തിലെ അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ 6 പന്തിൽ 6 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തിൽ നായകൻ പാണ്ഡ്യ സിംഗിൾ എടുത്ത് സ്ട്രൈക്ക് സൂര്യക്ക്‌ കൈമാറി. രണ്ടാം പന്തിൽ സൂര്യ ഓഫ് സൈഡിലേക്ക് കളിക്കാൻ ശ്രമിച്ചെങ്കിലും ബാറ്റിൽ കൊള്ളിക്കാൻ കഴിഞ്ഞില്ല. അതോടെ 4 പന്തിൽ 5 റൺസ്. അടുത്ത പന്തിൽ മുന്നോട്ട് കളിച്ച സൂര്യയുടെ ബാറ്റിൽ തട്ടി പന്ത് നേരെ ബോളർ ബ്ലയർ ടിക്ക്‌നെറുടെ കയ്യിലേക്ക് ക്യാച്ച് വന്നെങ്കിലും ഫോളോ ത്രൂവിൽ അദ്ദേഹത്തിന് പന്ത് പിടിച്ചെടുക്കാൻ സാധിച്ചില്ല. അതിനിടയിൽ ഒരു സിംഗിൾ കൂടി ഇന്ത്യ നേടിയെടുത്തു.

നാലാം പന്ത് നേരിട്ട പാണ്ഡ്യ മിഡ് ഓണിലേക്ക് കളിച്ചുകൊണ്ട് ഒരു സിംഗിൾ കൂടി നേടി. ഭാഗ്യംകൊണ്ടാണ് അത് ഔട്ട് ആകാതിരുന്നത്. പന്ത് നേരെ ഫീൽഡറുടെ കയ്യിൽ എത്തിയെന്ന് മനസ്സിലാക്കിയ പാണ്ഡ്യ ഔട്ടാകും എന്ന് കരുതി ഓട്ടത്തിന്റെ വേഗം കുറച്ചു. പക്ഷേ ഫിൻ അലന് ഡയറക്ട് ത്രോയിൽ വിക്കറ്റിൽ കൊള്ളിക്കാൻ കഴിഞ്ഞില്ല. പന്ത് കൈക്കലാക്കിയ ബോളർ ടിക്ക്‌നർ, എന്നിട്ടും അത് വിക്കറ്റിൽ കൊള്ളിക്കുകയും ചെയ്തില്ല. അപ്പോഴും ഹാർദിക് ക്രീസിൽ എത്തിയിരുന്നില്ല. ജീവൻ ലഭിച്ച സന്തോഷം പാണ്ഡ്യയുടെ മുഖത്ത് കാണാമായിരുന്നു. ശേഷം രണ്ട് പന്തിൽ 3 റൺസ് വേണ്ടപ്പോൾ മിഡ് ഓഫിന് മുകളിലൂടെ ഉയർത്തിയടിച്ച് സൂര്യകുമാർ യാദവ് ബൗണ്ടറി നേടിയതോടെയാണ് ഇന്ത്യൻ ആരാധകരുടെ ശ്വാസം നേരെ വീണത്.

ലാസ്റ്റ് ഓവറിൻ്റെ ഫുൾ വീഡിയോ :

Leave a Reply

Your email address will not be published. Required fields are marked *