Categories
Cricket Latest News

തെറ്റ് ചെയ്തത് സൂര്യ ,ബലിയായത് സുന്ദർ ,സൂര്യക്ക് വേണ്ടി തൻ്റെ വിക്കറ്റ് ത്യാഗം ചെയ്തു സുന്ദർ : വീഡിയോ കാണാം

അവസാന ഓവറുവരെ ആവേശം നിറഞ്ഞുനിന്ന ട്വന്റി ട്വന്റി പോരാട്ടത്തിനൊടുവിൽ ടീം ഇന്ത്യക്ക് വിജയം. ലഖ്നൗവിൽ നടന്ന ഇന്ത്യ ന്യൂസിലൻഡ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ 6 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. നേരത്തെ ആദ്യ മത്സരം പരാജയപ്പെട്ടിരുന്ന ഇന്ത്യ, ഇതോടെ പരമ്പരയിൽ 1-1 ന് ഒപ്പമെത്തി. പരമ്പരയിലെ നിർണായകമായ അവസാന മത്സരം ബുധനാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും.

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് ടീമിന് ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വന്നു. പേസർ ഉമ്രാൻ മാലിക്കിന് പകരം ടീമിലെത്തിയ സ്പിന്നർ ചഹാൽ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നീട് മറ്റുള്ളവരും ചേർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി അവരെ പ്രതിസന്ധിയിലാക്കി. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ വെറും 99 റൺസ് എടുക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ. പുറത്താകാതെ നിന്ന് 19 റൺസ് എടുത്ത നായകൻ മിച്ചൽ സാന്റ്നറാണ് അവരുടെ ടോപ് സ്കോറർ.

ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്കും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ട മുൻനിര ഇന്നും അത് ആവർത്തിച്ചപ്പോൾ ഇന്ത്യ പ്രതിസന്ധിയിലായി. എങ്കിലും ആദ്യം വാഷിങ്ടൺ സുന്ദറിനെയും ശേഷം നായകൻ ഹാർദിക് പാണ്ഡ്യയേയും കൂട്ടുപിടിച്ച് ലോക ഒന്നാം നമ്പർ ട്വന്റി ട്വന്റി താരം സൂര്യകുമാർ യാദവാണ് ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. സൂര്യ 26 റൺസോടെയും പാണ്ഡ്യ 15 റൺസോടെയും പുറത്താകാതെ നിന്നു. സൂര്യ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

മത്സരത്തിൽ ഇന്ത്യ വിജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമയത്താണ് വാഷിങ്ടൺ സുന്ദർ അപ്രതീക്ഷിതമായി റൺഔട്ട് ആകുന്നത്. ഗ്ലെൻ ഫിലിപ്സ് എറിഞ്ഞ പതിനഞ്ചാം ഓവറിന്റെ മൂന്നാം പന്തിൽ ആയിരുന്നു സംഭവം. റിവേഴ്സ് സ്വീപ്പ് ചെയ്യാൻ ശ്രമിച്ച സൂര്യയുടെ ബാറ്റിൽ തട്ടി പാഡിൽ കൊണ്ട ശേഷം പന്ത് ബാക്ക്വേഡ് പോയിന്റിലേക്ക്‌ നീങ്ങി. നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന സുന്ദർ, റൺ ഓടാൻ താൽപര്യം കാണിച്ചില്ല. കാരണം അത് നേരെ ഫീൽഡറുടെ കയ്യിലേക്ക് ആയിരുന്നു പോയത്. പക്ഷേ സൂര്യ ആകട്ടെ, ഓടി നോൺ സ്ട്രൈക്കർ എൻഡിൽ എത്തുകയും ചെയ്തു. വേറെ നിവൃത്തിയില്ലാതായതോടെ സുന്ദർ വിക്കറ്റ് ഏറ്റുവാങ്ങി പവലിയനിലേക്ക്‌ മടങ്ങി. എങ്കിലും സൂര്യയുടെ വിക്കറ്റ് തന്നെ കിട്ടാനായി ന്യൂസിലൻഡ് താരങ്ങൾ എൽബിഡബ്ല്യൂ അപ്പീൽ ചെയ്യുകയും അമ്പയർ നൽകാതിരുന്നതോടെ റിവ്യൂ എടുക്കുകയും ചെയ്തു. പക്ഷേ ആദ്യം ബാറ്റിൽ തട്ടിയ ശേഷമാണ് പന്ത് പാഡിൽ കൊണ്ടത് എന്ന് വ്യക്തമായി.

വീഡിയോ :

Leave a Reply

Your email address will not be published. Required fields are marked *