തീർത്തും ഏകപക്ഷീയമായ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യൻ വനിതകൾ പ്രഥമ അണ്ടർ-19 ട്വന്റി ട്വന്റി ലോകകപ്പിൽ മുത്തമിട്ടു. ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച ടൂർണമെന്റിൽ ഇന്ന് പൊച്ചെഫ്സ്ട്രൂമിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഇന്ത്യൻ വിജയം. ടോസ് നേടി ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 17.1 ഓവറിൽ വെറും 68 റൺസിൽ അവരെ ഓൾഔട്ട് ആക്കുകയായിരുന്നു. ഇന്ത്യ 14 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.
ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ബോളർ ടൈറ്റസ് സന്ധു നാലോവറിൽ വെറും 6 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. അർച്ചനാ ദേവിയും പർഷവി ചോപ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. യാതൊരു ഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ പോന്ന ബാറ്റിംഗ് ഇംഗ്ലണ്ട് ടീമിൽ നിന്നും ഉണ്ടായില്ല. കുഞ്ഞൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് തുടക്കത്തിലേ ഓപ്പണർമാരെ നഷ്ടമായെങ്കിലും 24 റൺസ് വീതം എടുത്ത സൗമ്യ തിവാരിയും ഗോങ്കടി തൃഷയും ചേർന്ന് ഇന്ത്യയെ വിജയത്തിൽ എത്തിച്ചു.
കിരീടം നേടിയ ശേഷം നടന്ന പോസ്റ്റ് മാച്ച് പ്രസന്റേഷൻ സമയത്ത് ഇന്ത്യൻ നായിക ഷഫാലി വർമയ്ക്ക് സന്തോഷം അടക്കാനായില്ല. അന്നേരം ആനന്ദക്കണ്ണീർ പൊഴിക്കുന്ന വർമയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. ഇന്ത്യൻ വനിതകൾ നേടുന്ന ആദ്യ അന്താരാഷ്ട്ര കിരീടമാണിത്. അതിൽതന്നെ ടീമിനെ നയിക്കാൻ ലഭിച്ച ഭാഗ്യമോർത്താണ് ഇന്ത്യൻ സീനിയർ ടീമിലെ ഓപ്പണർ കൂടിയായ ഷഫാലി വികാരാധീനയായത്.
വീഡിയോ :