ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആദ്യ ദിനത്തിലെ പോരാട്ടം അവസാനിക്കുമ്പോൾ, ടീം ഇന്ത്യ മത്സരത്തിൽ പിടിമുറുക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഇന്ന് നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ആരംഭിച്ച മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ഫീൽഡിംഗിനിറങ്ങിയ ഇന്ത്യ, ഓസീസിനെ ആദ്യ ഇന്നിംഗ്സിൽ വെറും 177 റൺസിൽ ഓൾഔട്ട് ആക്കുകയും മറുപടി ബാറ്റിങ്ങിൽ 24 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എടുക്കുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഓസീസിനെ ഇന്ത്യൻ പേസർമാരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ചേർന്ന് തുടക്കത്തിലേ പ്രതിരോധത്തിലാക്കി. മത്സരത്തിൽ താൻ എറിഞ്ഞ ആദ്യ പന്തിൽതന്നെ ഉസ്മാൻ ഖവാജയെ സിറാജ് വിക്കറ്റിന് മുന്നിൽ കുരുക്കി പുറത്താക്കി. ഡേവിഡ് വാർണറെ ഷമി ക്ലീൻ ബോൾഡ് ആക്കുകയും ചെയ്തു. എങ്കിലും സ്മിത്തും ലബുഷൈനും ചേർന്ന കൂട്ടുകെട്ട് അവരെ കരകയറ്റി. 82 റൺസിന്റെ ഈ കൂട്ടുകെട്ട് പൊളിച്ചത് ജഡേജയായിരുന്നു. തുടർന്ന് അദ്ദേഹം 5 വിക്കറ്റ് നേട്ടം കൈവരിച്ചു. അശ്വിൻ 3 വിക്കറ്റും വീഴ്ത്തി.
ആദ്യ നാല് പന്തിൽ തന്നെ മൂന്ന് ബൗണ്ടറി നേടിയാണ് രോഹിത് ശർമ ഇന്ത്യൻ ഒന്നാം ഇന്നിംഗ്സ് ആരംഭിച്ചത്. ഏകദിനശൈലിയിൽ ബാറ്റ് വീശിയ രോഹിത് അനായാസം അർദ്ധസെഞ്ചുറി നേടി. മത്സരം അവസാനിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് 20 റൺസ് എടുത്ത രാഹുലിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. എങ്കിലും നൈറ്റ് വാച്ച്മാനായി എത്തിയ അശ്വിൻ കൂടുതൽ വിക്കറ്റ് നഷ്ടമാകാതെ ഇന്നത്തെ ദിവസം അവസാനിപ്പിച്ചു. രോഹിത് 56 റൺസോടെ പുറത്താകാതെ നിൽക്കുന്നു.
അതിനിടെ ആദ്യം ദിവസം തന്നെ പരമ്പരയിൽ ഒരു വിവാദ ആരോപണം ഉയർന്നിരിക്കുകയാണ്. ഓസീസ് 120-5 എന്ന നിലയിൽ നിൽക്കുന്ന സമയത്ത് ആയിരുന്നു സംഭവം. പന്ത് എറിയുകയായിരുന്ന ജഡേജയുടെ കയ്യിൽ പന്ത് കിട്ടിയ സമയത്ത് സിറാജും അവിടെ വന്നുചേർന്ന്, ജഡേജ തന്റെ ബോളിങ് വിരലിൽ എന്തോ ഉരയ്‌ക്കുന്ന ഒരു വീഡിയോ ആണ് ചില ഓസീസ് മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. കയ്യിൽ ഇങ്ങനെ ജഡേജ ഇത്തരം പ്രവർത്തി ചെയ്യുന്നത് മുൻപൊരിക്കലും കണ്ടിട്ടില്ല എന്നാണ് മുൻ ഇംഗ്ലണ്ട് താരവും കമന്റേറ്റർറുമായ മൈക്കൽ വോൺ ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്തായാലും ഇതിലെ സത്യാവസ്ഥ എന്താണെന്ന വിവരം ഇന്ത്യൻ ക്യാമ്പിൽ നിന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. അതുവരെ ഇത് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കും എന്ന് തീർച്ച.