Categories
Cricket Latest News

4,4,4 തോൽവിയിൽ നിന്നും ഇന്ത്യയെ കര കയറ്റിയ റിച്ച ഘോഷിൻ്റെ വെടിക്കെട്ട് ;വീഡിയോ

വനിതാ ട്വന്റി ട്വന്റി ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് ടീം ഇന്ത്യക്ക് വിജയത്തുടക്കം. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്ക് വനിതകൾ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എന്ന ഭേദപ്പെട്ട സ്കോർ കണ്ടെത്തിയപ്പോൾ ടീം ഇന്ത്യ ഒരോവർ ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടന്നു. അർദ്ധസെഞ്ചുറി നേടിയ ജെമൈമാ റോഡ്രിഗസ് ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

12 ഓവറിൽ 68/4 എന്ന നിലയിൽ പതറിയ പാക്കിസ്ഥാനെ കരകയറ്റിയത് നായിക ബിസ്മ മറൂഫും അയേഷ നസീമും ചേർന്ന് വേർപിരിയാതെ നേടിയ 81 റൺസിന്റെ കൂട്ടുകെട്ട് ആയിരുന്നു. ബിസ്മ 55 പന്തിൽ 7 ഫോർ അടക്കം 68 റൺസോടെയും അയേഷ 25 പന്തിൽ രണ്ടുവീതം ഫോറും സിക്സുമടക്കം 43 റൺസോടെയും പുറത്താകാതെ നിന്നു. ഇന്ത്യൻ ഫീൽഡർമാരുടെ ഒരുപാട് ക്യാച്ച് പാഴാക്കുന്ന നിമിഷങ്ങളും അവരെ സഹായിച്ചു. ഇന്ത്യക്കായി രാധ യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ പൂജ വസ്ത്രക്കറും ദീപ്തി ശർമയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

വിരലിന് ഏറ്റ പരിക്കുമൂലം സ്റ്റാർ ഓപ്പണർ സ്മൃതി മന്ദനയുടെ അഭാവത്തിൽ അവസരം ലഭിച്ച യസ്തിക ബട്ട്യ 17 റൺസ് മാത്രം എടുത്ത് നിരാശപ്പെടുത്തി. സഹഓപ്പണർ ഷഫാലി വർമ 25 പന്തിൽ 33 റൺസ് നേടി പുറത്തായി. 16 റൺസ് എടുത്ത നായിക ഹർമൻപ്രീത് കൗറിന്റെയും വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായപ്പോൾ ഇന്ത്യൻ ആരാധകർ തലയിൽ കൈവച്ച നിമിഷങ്ങൾ.. അപ്പോഴാണ് ജെമൈമ റോഡ്രിഗസും വിക്കറ്റ് കീപ്പർ റിച്ച ഘോഷും ഒന്നിക്കുന്നത്.

വേർപിരിയാത്ത നാലാം വിക്കറ്റിൽ ഇരുവരും 58 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. ജെമൈമാ 38 പന്തിൽ 53 റൺസോടെയും റിച്ച 20 പന്തിൽ 31 റൺസോടെയും പുറത്താകാതെ നിന്നു. പതിനേഴാം ഓവർ അവസാനിക്കുമ്പോൾ ഇന്ത്യൻ സ്കോർ 122/3 എന്ന നിലയിൽ ആയിരുന്നു. പിന്നീട് വേണ്ടത് 18 പന്തിൽ 28 റൺസ്. എയ്മൻ അൻവർ എറിഞ്ഞ പതിനെട്ടാം ഓവറിന്റെ രണ്ട്, മൂന്ന്, നാല് പന്തുകൾ തുടരെത്തുടരെ ബൗണ്ടറി നേടിയ റിച്ച ഘോഷാണ് മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയത്. അതിനുശേഷം ഇന്ത്യക്ക് സിംഗിളുകൾ മാത്രം എടുത്ത് ജയിക്കാൻ കഴിയുന്ന അവസ്ഥയായി.

വീഡിയോ :

Leave a Reply

Your email address will not be published. Required fields are marked *