ഇന്നലെ ട്വന്റി ട്വന്റി ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി മികച്ച തുടക്കം കുറിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നടന്ന പോരാട്ടത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്ക് വനിതകൾ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എടുത്തപ്പോൾ, ടീം ഇന്ത്യ 19 ഓവറിൽ വെറും 3 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. അർദ്ധസെഞ്ചുറി നേടി പുറത്താകാതെ നിന്ന ജെമൈമ റോഡ്രിഗസാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
നേരത്തെ ഒരു ഘട്ടത്തിൽ 68/4 എന്ന നിലയിൽ ആയെങ്കിലും പുറത്താകാതെ നിന്നു 68 റൺസ് നേടിയ നായിക ബിസ്മാ മറൂഫിന്റെയും 43 റൺസ് നേടിയ അയേഷാ നസീമിന്റെയും മികവിലാണ് അവർ 149 എന്ന ടോട്ടൽ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ഓപ്പണർമാർക്ക് മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ കഴിഞ്ഞില്ല. യാസ്തിക ഭാട്ട്യ 17 റൺസും ഷഫാലി വർമ 33 റൺസും എടുത്ത് പുറത്തായി. നായിക ഹർമൻപ്രീത് കൗർ 16 റൺസിലും പുറത്തായപ്പോൾ ഇന്ത്യയുടെ നില പരുങ്ങലിലായി. സൂപ്പർ താരം ഓപ്പണർ സ്മൃതി മന്ദന വിരലിനേറ്റ പരിക്കുമൂലം കളിച്ചിരുന്നില്ല.
എങ്കിലും മൂന്നാം നമ്പറിൽ ഇറങ്ങിയ ജെമൈമ റോഡ്രിഗസ്, വിക്കറ്റ് കീപ്പർ റിച്ച ഘോഷിനെ കൂട്ടുപിടിച്ച് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ജെമൈമ ഒരറ്റത്ത് നങ്കൂരമിട്ട് കളിച്ചപ്പോൾ അറ്റാക്ക് ചെയ്ത് കളിക്കാൻ റിച്ചയ്ക്ക് സാധിച്ചു. 20 പന്തിൽ അഞ്ച് ബൗണ്ടറി അടക്കം 31 റൺസോടെ റിച്ച പുറത്താകാതെ നിന്നു. ജെമൈമയാകട്ടെ, 38 പന്തിൽ 8 ബൗണ്ടറി അടക്കം 53 റൺസോടെയും പുറത്താകാതെ നിന്നു. 45 റൺസിൽ നിൽക്കുകയായിരുന്ന റോഡ്രിഗസ്, പത്തൊമ്പതാം ഓവറിന്റെ അവസാന രണ്ട് പന്തുകളിൽ ബൗണ്ടറി പായിച്ചാണ് ഇന്ത്യയുടെ വിജയവും തന്റെ അർദ്ധസെഞ്ചുറി നേട്ടവും ഒന്നിച്ച് പൂർത്തിയാക്കിയത്.
അതിനു ശേഷം വായുവിൽ ഉയർന്നു വലത്തുകൈ മുഷ്ടി ചുരുട്ടി തനി വിരാട് കോഹ്‌ലി സ്റ്റൈലിൽ ഉള്ള ആഘോഷവും ഇന്നിങ്സിന് മാറ്റുകൂട്ടി. കഴിഞ്ഞ ട്വന്റി ട്വന്റി പുരുഷ ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ അന്ന് മൂന്നാം നമ്പറിൽ ഇറങ്ങി മികച്ച പ്രകടനം കാഴ്ചവെച്ച വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ വിജയത്തിന് കഠിനാധ്വാനം ചെയ്തത്. കോഹ്‌ലിയുടെ ആ ഇന്നിങ്സിനെ ഓർമ്മിപ്പിക്കും വിധമുള്ള ഒരു ഇന്നിങ്സ് തന്നെയാണ് ഇന്നലെ ജമൈമ കാഴ്ചവച്ചത്. മൂന്നാം നമ്പറിൽ ഇറങ്ങി ഇന്ത്യയുടെ വിജയം ഉറപ്പിച്ച ഒരു മികച്ച ആങ്കറിങ് ഇന്നിങ്സ്.
വീഡിയോ :