ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ട്രോഫിയിലെ രണ്ടാം മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ ഇന്ത്യക്കെതിരെ നേരിയ മുൻതൂക്കം നേടിയെടുത്തിട്ടുണ്ട്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 263 റൺസാണ് ഇന്ത്യയ്ക്കെതിരെ സ്വന്തമാക്കിയത്. ഉസ്മാൻ ഖ്വാജയുടെ മികച്ച ബാറ്റിംഗ് ആയിരുന്നു ആദ്യം ഇന്നിങ്സിൽ ഓസ്ട്രേലിയയെ മികച്ച സ്കോറിൽ എത്തിച്ചത്. 81 റൺസ് ആണ് ഖ്വാജ നേടിയത്.
ഓസ്ട്രേലിയക്കായി പീറ്റർ ഹാൻസ്കോമ്പും മികച്ച രീതിയിൽ ബാറ്റ് ചെയ്തു. ഹാൻസ്കോമ്പ് 72 റൺ നേടി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 33 റൺസ് നേടി. ഹാൻസ്കോമ്പ് പാറ്റ് കമ്മിൻസ് കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ 200 കടത്തിയത്. മുഹമ്മദ് ഷമി നാലു വിക്കറ്റ് സ്വന്തമാക്കിയപ്പോൾ രവീന്ദ്ര ജഡേജയും അശ്വിനും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ തകർന്നടിഞ്ഞു.
ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ വീണ്ടും നിരാശപ്പെടുത്തി. 17 റൺസ് ആണ് രാഹുലിന്റെ സമ്പാദ്യം. വളരെ മനോഹരമായ രീതിയിൽ ബാറ്റ് ചെയ്ത രോഹിത് ശർമയെ 32 റൺസ് നേടി നിൽക്കവേ ലിയോൺ ബൗൾഡ് ചെയ്തു. തന്റെ നൂറാം മത്സരത്തിനായി ഇറങ്ങിയ ചെതേശ്വർ പൂജാര പൂർണ്ണമായും നിരാശപ്പെടുത്തി. പുജാര റൺസ് ഒന്നും നേടിയില്ല. ശ്രേയസ് അയ്യർ നാലു റൺസ് മാത്രം നേടി പുറത്തായി.
വിരാട് കോലിയും രവീന്ദ്ര ജഡേജയും ഇന്ത്യയെ കരകയറ്റാനായി ശ്രമിച്ചു എങ്കിലും 26 റൺസിൽ നിൽക്കവേ ജഡേജ എൽ ബി ഡബ്ല്യു ആയി മടങ്ങി. ബോളർമാർക്ക് ഒരു പഴുതുപോലും നൽകാതെ ബാറ്റ് ചെയ്ത വിരാട് കോലി അപ്രതീക്ഷിതമായി 44 റൺസിൽ നിൽക്കവേ പുറത്തായി. വരുംദിവസങ്ങളിൽ വലിയ വിവാദമാകാൻ സാധ്യതയുള്ള പുറത്താക്കാൻ ആയിരുന്നു വിരാട് കോലിയുടെത്.
കെ എസ് ഭരത്തും പെട്ടെന്ന് തന്നെ പുറത്തായി. പക്ഷേ പിന്നീട് കണ്ടത് ഇന്ത്യയുടെ വാലറ്റത്തിന്റെ ചെറുത്തുനിൽപ്പായിരുന്നു. ഓൾ റൗണ്ടർമാരായ അശ്വിനും അക്സർ പട്ടേലും ചേർന്ന് ഇന്ത്യയെ കര കയറ്റി. മികച്ച രീതിയിൽ ആയിരുന്നു ഇരുവരും ബാറ്റ് ചെയ്തത്. ഓസ്ട്രേലിയയുടെ സ്കോറിന്റെ അടുത്തെത്തുമെന്ന് ഒരുതരത്തിലും തോന്നാത്ത സ്ഥലത്ത് നിന്നും ഇന്ത്യ അതിവേഗം മുന്നോട്ട് നീങ്ങി. അക്സർ പട്ടേൽ 74ഉം രവിചന്ദ്രൻ അശ്വിൻ 37 ഉം റൺസ് നേടി.
ഇന്ത്യ 262 റൺസ് നേടി പുറത്തായി എങ്കിലും ഓസ്ട്രേലിയക്ക് ഒരു റണ്ണിന്റെ ലീഡ് മാത്രമാണ് ഇന്ത്യ നൽകിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ തകർത്ത് അടിക്കുകയാണ്. രണ്ടാം ഇന്നിങ്സിൽ 12 ഓവർ ആണ് ഇന്ന് ബോൾ ചെയ്തത് എങ്കിലും ഓസ്ട്രേലിയ 61 റൺസ് നേടി നിൽക്കുകയാണ്. ഉസ്മാൻ ഖ്വാജയുടെ വിക്കറ്റ് മാത്രമാണ് നഷ്ടപ്പെട്ടത്. രവീന്ദ്ര ജഡേജയാണ് ഈ വിക്കറ്റ് സ്വന്തമാക്കിയത്. 200 നു മുകളിൽ ഓസ്ട്രേലിയ ലീഡ് സ്വന്തമാക്കിയാൽ ഇന്ത്യക്ക് പിന്തുടരുക എന്നത് ചിലപ്പോൾ അപ്രാപ്യമായേക്കാം.
ജഡേജയുടെ പന്തിൽ ഉസ്മാൻ ഖ്വാജ സ്വീപ്പ് കളിക്കാൻ ശ്രമിച്ചാണ് പുറത്തായത്. ആ ഓവറിൽ ഒരു ബൗണ്ടറിൽ നേടി നിൽക്കെയാണ് ഉസ്മാൻ ഖ്വാജ അനാവശ്യ ഷോട്ടിന് മുതിർന്നത്. ശ്രേയസ് അയ്യർ മികച്ച ക്യാച്ച് ആണ് ഇന്ത്യക്കായി ഉസ്മാൻ ഖ്വാജയുടെ വിക്കറ്റ് നേടാനായി കൈക്കൂള്ളിൽ ആക്കിയത്. ശ്രേയസ് അയ്യറിന്റെ ഈ ഗംഭീര ഫീൽഡിങ് പ്രകടനത്തിന്റെ വീഡിയോ ദൃശ്യം കാണാം.