ഡൽഹി ടെസ്റ്റിൽ രണ്ടാം ദിനമായ ഇന്ന് ഓസ്ട്രേലിയൻ ഒന്നാം ഇന്നിംഗ്സ് സ്കോറായ 263 റൺസ് പിന്തുടരുന്ന ടീം ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാനായി പൊരുതുന്നു. ചായക്ക് പിരിയുമ്പോൾ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് എന്ന നിലയിലാണ്. ഓൾറൗണ്ടർമാരായ രവിച്ചന്ദ്രൻ അശ്വിനും അക്ഷർ പട്ടേലുമാണ് ക്രീസിൽ. കോഹ്‌ലി 44 റൺസും നായകൻ രോഹിത് ശർമ 32 റൺസും ജഡേജ 26 റൺസും എടുത്ത് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നർ നതാൻ ലയനാണ് ഇന്ത്യയെ തകർത്തത്.
മത്സരത്തിൽ ഇന്ത്യ 66/4 എന്ന നിലയിൽ പ്രതിസന്ധിയിൽ നിൽക്കെ ജഡേജയെ കൂട്ടുപിടിച്ച് ടീമിനെ കരകയറ്റി അർഹിച്ച അർദ്ധസെഞ്ചുറി നേട്ടം കൈവരിക്കാൻ നിൽക്കെയാണ് ഒരു ദൗർഭാഗ്യകരമായ രീതിയിലൂടെ കോഹ്‌ലി 44 റൺസിൽ പുറത്താകുന്നത്. അരങ്ങേറ്റമത്സരം കളിക്കുന്ന മാത്യൂ കൻഹെമാനിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് കോഹ്‌ലി ഔട്ടായത്. എന്നാൽ അദ്ദേഹം റിവ്യൂ നൽകിയിരുന്നു. പന്ത് ഒരേസമയം ബാറ്റിനും പാഡിനും ഇടയിൽ ഇരുന്ന സമയത്താണ് അമ്പയർ നിതിൻ മേനോൻ ഔട്ട് വിളിക്കുന്നത്. ആദ്യം ബാറ്റാണോ അതോ പാഡ് ആണോ എന്ന് ഉറപ്പിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അതോടെ തേർഡ് അമ്പയർ ഓൺഫീൽഡ് അമ്പയറുടെ തീരുമാനത്തിൽ തുടരുകയായിരുന്നു.
മൈതാനത്ത് നിന്നും മടങ്ങിയശേഷം ഡ്രസ്സിംഗ് റൂമിൽ സഹതാരങ്ങൾക്കും പരിശീലകർക്കും അരികിൽ നിന്നുകൊണ്ട് തന്റെ വിക്കറ്റ് വീഡിയോ റീപ്ലേ കാണുന്ന വിരാട് കോഹ്‌ലിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വളരെ അക്ഷമനായി വീഡിയോ കണ്ടുകൊണ്ടിരുന്ന കോഹ്‌ലി മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനോട് അതൊരിക്കലും ഔട്ട് അല്ല എന്നു പറഞ്ഞുകൊണ്ടാണ് നിരാശനായി അകത്തേക്ക് കയറിപ്പോകുന്നത്. ഇതിനുമുൻപും പല സന്ദർഭങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് നിൽക്കുന്നതിനിടയിൽ ഇത്തരം ദൗർഭാഗ്യകരമായ പുറത്താകൽ ഒരുപാട് തവണ സംഭവിച്ചിട്ടുള്ള ഒരു താരമാണ് വിരാട് കോഹ്‌ലി.
വിക്കറ്റ് വിഡിയോ :