Categories
Uncategorized

നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടെ! രോമാഞ്ചം ട്രെൻഡിങ് റീലുമായി സഞ്ജുവിൻ്റെ പട ; വീഡിയോ കാണാം

കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാമത് നിൽക്കുന്നത് മലയാളി താരം സഞ്ജു വി സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസാണ്. ഈ സീസണിൽ കളിച്ച ആറ് മത്സരങ്ങളിൽ രണ്ട് തോൽവിയും 4 ജയവുമായി 8 പോയിന്റാണ് അവർക്കുള്ളത്. പട്ടികയിൽ രണ്ടാമതും മൂന്നാമതും നിൽക്കുന്ന ലഖ്നൗ സൂപ്പർ ജയന്റ്‌സിനും ചെന്നൈ സൂപ്പർ കിംഗ്സിനും 8 പോയിന്റ് ഉണ്ടെങ്കിലും നെറ്റ് റൺറേറ്റിൽ അവർ പിന്നിലാണ്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

ഗ്രൗണ്ടിലെ തകർപ്പൻ പ്രകടനം നടത്തുന്നതോടൊപ്പം കളത്തിനുപുറത്തുമുള്ള മികച്ച മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നതിൽ പേരുകേട്ട ഒരു ടീമാണ് റോയൽസ്. ഒരു കുടുംബംപോലെയാണ് താരങ്ങളും കോച്ചിംഗ് സ്റ്റാഫും കഴിയുന്നത് എന്ന് അവരുടെ പല സമൂഹമാധ്യമ വീഡിയോകളിൽ നിന്നും വ്യക്തമാണ്. രണ്ട് വർഷം മുമ്പ് സഞ്ജു നായകസ്ഥാനം ഏറ്റെടുത്തതോടെ ടീമിലെ അന്തരീക്ഷം തന്നെ ആകെ മാറ്റിമറിച്ചിരിക്കുകയാണ്. ജൂനിയർ-സീനിയർ എന്നോ അന്താരാഷ്ട്ര-ആഭ്യന്തര താരമെന്നോ യാതൊരു വേർതിരിവും ഇല്ലാതെ ടീമംഗങ്ങൾ എല്ലാവരും വളരെ കൂളായി ഒത്തൊരുമയോടെ ടൂർണമെന്റ് എൻജോയ് ചെയ്യുന്നു.

അതിന് ഉത്തമ ഉദാഹരണമായി നായകൻ സഞ്ജു സാംസൺ തന്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോൾ തരംഗമായിരിക്കുകയാണ്. ഇന്നലെ രാത്രി വാച്ചിങ് ‘രോമാഞ്ചം’ മൂവി എന്നൊരു സ്റ്റോറി സഞ്ജു പോസ്റ്റ് ചെയ്തിരുന്നു. ഇന്ന് രാവിലെ ടീമിലെ ഒട്ടുമിക്ക താരങ്ങളും ചേർന്ന് അതിലെ പ്രസിദ്ധമായ തലകൊണ്ടുള്ള സ്റ്റെപ്പ്‌ കാണിക്കുന്ന വീഡിയോയാണ് സഞ്ജു ഷെയർ ചെയ്തിരിക്കുന്നത്. സൂപ്പർഹിറ്റായ മലയാളം ചലച്ചിത്രം ‘രോമാഞ്ച’ത്തിലെ അർജുൻ അശോകൻ അവതരിപ്പിച്ച സിനു സോളമൻ എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങളിൽപെട്ടതാണ് തലകൊണ്ടുള്ള ഈ അഭിവാദ്യപ്രകടനം. കഴിഞ്ഞ സീസണിൽ കേരളീയശൈലിയിൽ എല്ലാ താരങ്ങളും സഞ്ജുവിനൊപ്പം മുണ്ടുടുത്ത് നിൽക്കുന്ന ചിത്രങ്ങളും ഇന്റർനെറ്റിൽ വൈറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *