Categories
Uncategorized

0, 6, 4, 6NB, 0, 0, W പരാജയം സമ്മതിക്കാതെ ലിവിങ്സ്റ്റൺ; ത്രില്ലിംഗ് ഫൈനൽ ഓവർ.. വീഡിയോ കാണാം

ഐപിഎല്ലിൽ ബുധനാഴ്ച രാത്രി നടന്ന അത്യന്തം ആവേശകരമായ മത്സരത്തിൽ, ‍ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിംഗ്സിനെ 15 റൺസിന് കീഴടക്കി. ഇതോടെ പഞ്ചാബിന്റെ പ്ലേഓഫ് പ്രതീക്ഷകൾക്ക്‌ വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഡൽഹി നേരത്തെതന്നെ പ്ലേഓഫ് കാണാതെ പുറത്തായിരുന്നു. ഹിമാചൽപ്രദേശിലെ നയനമനോഹരമായ ധരംശാലയിലെ സ്റ്റേഡിയത്തിൽവെച്ച് നടന്ന മത്സരത്തിൽ, ടോസ് നേടിയ പഞ്ചാബ് ‍ഡൽഹിയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.

ഡൽഹിക്കായി ബാറ്റെടുത്തവരെല്ലാം തിളങ്ങിയപ്പോൾ അവർ നിശ്ചിത 20 ഓവറിൽ കുറിച്ചത് 2 വിക്കറ്റ് നഷ്ടത്തിൽ 213 റൺസെന്ന കൂറ്റൻ സ്കോർ. ഓപ്പണർമാരായ നായകൻ ഡേവിഡ് വാർണർ 31 പന്തിൽ 46 റൺസും, പൃഥ്വി ഷാ 38 പന്തിൽ 54 റൺസും എടുത്തു പുറത്തായി. അതിനുശേഷം എത്തിയ കളിയിലെ താരമായ റിലേ റൂസ്സോ 37 പന്തിൽ ആറു വീതം സിക്സും ഫോറും അടക്കം 82 റൺസോടെ പുറത്താകാതെ നിന്നു. അദ്ദേഹത്തിന് കൂട്ടായി 14 പന്തിൽ രണ്ടു വീതം സിക്സും ഫോറും അടക്കം 26 റൺസോടെ ഫിൽ സാൾട്ടും.

മറുപടി ബാറ്റിങ്ങിൽ നായകൻ ശിഖർ ധവാൻ പൂജ്യത്തിന് പുറത്തായശേഷം പ്രബ്സിമ്രാൻ സിംഗും അഥർവ തൈദേയും രണ്ടാം വിക്കറ്റിൽ അർദ്ധസെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചു. 22 റൺസെടുത്ത സിംഗ് പുറത്തായശേഷം പിന്നീട് എത്തിയത് ലിയാം ലിവിങ്സ്റ്റൺ. തൈദേയും ലിയാമും മൂന്നാം വിക്കറ്റിൽ 78 റൺസിന്റെയും കൂട്ടുകെട്ട് സൃഷ്ടിച്ചു. 42 പന്തിൽ 55 റൺസെടുത്ത തൈദേ, ബിഗ് ഹിറ്റർമാർക്ക് അവസരം നൽകാനായി സ്വയം റിട്ടയർ ചെയ്തു. എങ്കിലും പിന്നീടെത്തിയവർക്ക് യാതൊന്നും ചെയ്യാൻ കഴിഞ്ഞില്ല.

എങ്കിലും ഒരറ്റത്ത് നിന്ന് വിക്കറ്റുകൾ വീഴുന്നത് കാര്യമാക്കാതെ, തുടരെ ബൗണ്ടറികൾ പറത്തിക്കൊണ്ട് ലിവിങ്സ്റ്റൺ പഞ്ചാബിന് പ്രതീക്ഷ നൽകി. ഇഷാന്ത് ശർമ എറിഞ്ഞ സംഭവബഹുലമായ അവസാന ഓവറിൽ പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത് 33 റൺസായിരുന്നു. ആദ്യ പന്തിൽ അദ്ദേഹത്തിന് പന്ത് ബാറ്റിൽ കൊള്ളിക്കാൻ കഴിഞ്ഞില്ല. രണ്ടാം പന്ത് ലോ ഫുൾടോസ് ആയപ്പോൾ ലോങ് ഓണിലേക്ക് സിക്സ്. എങ്കിലും ശേഷിക്കുന്ന 4 പന്തിൽ നിന്നും 27 റൺസ് വേണ്ടിയിരുന്നു. നാലും സിക്സ് അടിച്ചാൽപോലും ജയിക്കാൻ കഴിയാത്ത അവസ്ഥ. മൂന്നാം പന്തിൽ വീണ്ടുമൊരു ലോ ഫുൾടോസ്, ഇത്തവണ കവറിലൂടെ ഫോർ.

നാലാം പന്തിൽ ഹൈ ഫുൾടോസ് അദ്ദേഹം സിക്‌സിന് പറത്തുകയും, അമ്പയർ അരക്കെട്ട് നോബോൾ വിളിക്കുകയും ചെയ്തു. ഡൽഹി താരങ്ങൾ റിവ്യൂ പോയെങ്കിലും അമ്പയർ തീരുമാനത്തിൽ ഉറച്ചുനിന്നു. ഉദ്വേഗജനകമായ നിമിഷങ്ങൾ.. പിന്നീടുള്ള 3 പന്തുകളിലും ബൗണ്ടറി ഷോട്ടുകൾ കളിക്കാനായാൽ പഞ്ചാബിന് ജയിക്കാമെന്ന അവസ്ഥ. എങ്കിലും സമചിത്തതയോടെ പന്തെറിഞ്ഞ ഇഷാന്ത് ശർമ അടുത്ത രണ്ട് പന്തുകളും ഡോട്ട് ബോളാക്കി. അവസാന പന്തിൽ 94 റൺസിൽ നിന്നിരുന്ന ലിവിങ്സ്റ്റൺ സിക്സ് അടിച്ച് ആശ്വാസസെഞ്ചുറി നേടുമെന്ന് തോന്നിപ്പിച്ചെങ്കിലും, ബൗണ്ടറിലൈനിൽ അക്സർ പട്ടേൽ ക്യാച്ച് എടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *