ഇന്ന് ഹൈദരബാദിൽ നടന്ന പോരാട്ടത്തിൽ സൺറൈസേഴ്‌സിനെ 8 വിക്കറ്റിന് കീഴടക്കിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി. മൽസരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ്, നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസാണ് നേടിയത്. കന്നി ഐപിഎൽ സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ ക്ലാസ്സന്റെ ഇന്നിങ്സാണ് അവരെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. എങ്കിലും വിരാട് കോഹ്‌ലിയുടെ സെഞ്ചുറി മികവിൽ തിരിച്ചടിച്ച ബംഗളൂരു വെറും 2 വിക്കറ്റ് നഷ്ടത്തിൽ 19.2 ഓവറിൽ വിജയത്തിലെത്തി.
നേരത്തെ ആദ്യ ബാറ്റിങ്ങിൽ ഇന്നിങ്സിലെ അഞ്ചാം ഓവറിൽ ഓപ്പണർമാരായ അഭിഷേക് ശർമയെയും(11) രാഹുൽ ത്രിപാഠിയെയും(15) ഹൈദരാബാദിനു നഷ്ടമായി. എങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന നായകൻ മാർക്രവും ക്ലാസ്സനും 76 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. അതിൽ മാർക്രമിന്റെ സംഭാവന വെറും 18 റൺസ് മാത്രം. അദ്ദേഹം പുറത്തായശേഷം എത്തിയ ഹാരി ബ്രൂക്കിനെ കൂട്ടുപിടിച്ച് ക്ലാസ്സൻ സെഞ്ചുറി നേട്ടം പൂർത്തിയാക്കി മടങ്ങി. 51 പന്തിൽ 8 ഫോറും 6 സിക്സും അടക്കം 104 റൺസാണ് അദ്ദേഹം നേടിയത്. ബ്രൂക്ക് 19 പന്തിൽ 27 റൺസോടെ പുറത്താകാതെ നിന്നു.
ഈ ഐപിഎൽ സീസണിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് (172) സൃഷ്ടിച്ചുകൊണ്ട് വിരാട് കോഹ്‌ലിയും നായകൻ ഡു പ്ലെസ്സിയും ബംഗളൂരുവിന് വെടിക്കെട്ട് തുടക്കമാണ് സമ്മാനിച്ചത്. ഹൈദരാബാദ് താരങ്ങളുടെ മോശം ഫീൽഡിംഗും ക്യാച്ചുകൾ പാഴാക്കുന്നതും കൂടിയായപ്പോൾ ഇരുവരുടെയും പടയോട്ടം അനായാസമായി. സെഞ്ചുറി പൂർത്തിയാക്കിയ ഉടനെ കോഹ്‌ലിയും, 47 പന്തിൽ 71 റൺസുമായി ഡു പ്ലെസ്സിയും മടങ്ങിയെങ്കിലും, മാക്സ്‌വെല്ലും ബ്രൈസ്‌വെല്ലും ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ടമാകാതെ വിജയത്തിൽ എത്തിച്ചു.
വിരാട് കോഹ്‌ലി ഐപിഎല്ലിൽ തന്റെ ആറാം സെഞ്ചുറി നേടുന്നത് കാണാനായി ആരാധകർക്ക് കാത്തിരിക്കാൻ തുടങ്ങിയിട്ട് 4 വർഷത്തോളമായിരുന്നു. ഇതിനുമുൻപ് 2019ലാണ് അദ്ദേഹം തന്റെ അഞ്ചാം ഐപിഎൽ സെഞ്ചുറി നേടിയത്. ഇന്നത്തെ മത്സരത്തിൽ നേരിട്ട ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തിയ കോഹ്‌ലി നയം വ്യക്തമാക്കി. തുടർന്നും ബോളർമാരെ കടന്നാക്രമിച്ചു കളിച്ച കോഹ്‌ലി, വിമർശകരുടെ വായടപ്പിക്കുന്ന ഷോട്ടുകളാണ് പായിച്ചത്. പതിനെട്ടാം ഓവറിലെ നാലാം പന്തിൽ ഭുവനേശ്വർ കുമാറിനെ സിക്സ് പറത്തിയാണ് അദ്ദേഹം സെഞ്ചുറിനേട്ടം പൂർത്തിയാക്കിയത്. തൊട്ടടുത്ത പന്തിൽ പുറത്താവുകയും ചെയ്തു, 63 പന്തിൽ 12 ഫോറും 4 സിക്സും അടക്കം 100 റൺസ്!