വ്യാഴാഴ്ച രാത്രി നടന്ന ഐപിഎൽ പോരാട്ടത്തിൽ ഹൈദരാബാദിനെ 8 വിക്കറ്റിന് കീഴടക്കിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, പ്ലേഓഫിലേക്ക് ഒരു പടികൂടി അടുത്തു. ഹെൻറിച്ച് ക്ലാസ്സന്റെ സെഞ്ചുറിയ്‌ക്ക് വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയിലൂടെ മറുപടി നൽകിയാണ് അവരുടെ വിജയം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസാണ് നേടിയത്. 51 പന്തിൽ 104 റൺസെടുത്ത ക്ലാസ്സൻ ടോപ് സ്കോററായി.
മറുപടി ബാറ്റിങ്ങിൽ നായകൻ ഡു പ്ലെസ്സി 47 പന്തിൽ 71 റൺസും വിരാട് കോഹ്‌ലി 63 പന്തിൽ 100 റൺസും എടുത്തതോടെ അവരുടെ വിജയം അനായാസമായി. സെഞ്ചുറി പൂർത്തിയാക്കിയ ഉടനെ കോഹ്‌ലിയും മൂന്നു പന്തുകൾ കഴിഞ്ഞ് ഡു പ്ലസ്സിയും പുറത്തായെങ്കിലും, മാക്സ്‌വെല്ലും ബ്രൈസ്‌വെല്ലും ചേർന്ന് അവരെ 19.2 ഓവറിൽ വിജയത്തിൽ എത്തിക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ 172 കൂട്ടിച്ചേർത്ത കോഹ്‌ലിയും ഡു പ്ലസിയും ഈ സീസണിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.
മത്സരത്തിൽ തന്റെ കരിയറിലെ ആറാം ഐപിഎൽ സെഞ്ചുറിയാണ് വിരാട് കോഹ്‌ലി സ്വന്തമാക്കിയത്. ഇതോടെ, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരത്തിന്റെ റെക്കോർഡിൽ ക്രിസ് ഗെയിലിനൊപ്പം എത്തുകയും ചെയ്തു. 2019ൽ അവസാനമായി സെഞ്ചുറി നേടിയ കോഹ്‌ലിയ്‌ക്ക്, തന്റെ ആറാം സെഞ്ചുറിയ്‌ക്കായി നാല് വർഷത്തോളം കാത്തിരിക്കേണ്ടിവന്നു. ഭുവനേശ്വർ കുമാർ എറിഞ്ഞ പതിനെട്ടാം ഓവറിലെ നാലാം പന്തിൽ സിക്സ് അടിച്ചാണ് സെഞ്ചുറി നേട്ടം പൂർത്തിയാക്കിയത്.
പിച്ചിൽ മുട്ടിന്മേൽ ഇരുന്ന് ആകാശത്തേക്ക് അല്പനേരം നോക്കിയാണ് അദ്ദേഹം നേട്ടം ആഘോഷിച്ചത്. അന്നേരം ബംഗളൂരു ഡഗ്ഔട്ടിൽ നിന്നിരുന്ന ടീമിലെ യുവതാരങ്ങൾ എല്ലാവരും, കോഹ്‌ലിയെ നോക്കി ഇരുകൈകളും ഉയർത്തി താണുവണങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ട്വന്റി ട്വന്റി ബാറ്റിങ്ങിന് വേഗം പോരാ എന്നുള്ള വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി നൽകിയ ഇന്നിങ്സ്!