ഇന്നലെ ഹൈദരാബാദിന്റെ ക്ലാസ്സനും ബംഗളൂരുവിന്റെ കോഹ്‌ലിയും മത്സരിച്ച് സെഞ്ചുറി നേടിയ പോരാട്ടത്തിനൊടുവിൽ ബംഗളൂരുവിന് 8 വിക്കറ്റിന്റെ ആവേശവിജയം. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ്, നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എടുത്തു. വിരാട് കോഹ്‌ലി 63 പന്തിൽ 100 റൺസും നായകൻ ഡു പ്ലസ്സി 47 പന്തിൽ 71 റൺസും എടുത്ത് പുറത്തായപ്പോൾ, അവർ അനായാസം നാലു പന്തുകൾ ശേഷിക്കേ വിജയലക്ഷ്യം മറികടന്നു.
നേരത്തെ ആദ്യ ബാറ്റിങ്ങിൽ വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ച വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച്ച് ക്ലാസ്സന്റെ ഇന്നിങ്സാണ് ഹൈദരാബാദിന് ഭേദപ്പെട്ട സ്കോർ കണ്ടെത്താൻ സഹായിച്ചത്. 51 പന്ത് നേരിട്ട അദ്ദേഹം 8 ഫോറും 6 സിക്സും അടക്കം 104 റൺസാണ് നേടിയത്. ഹാരി ബ്രൂക്ക് 19 പന്തിൽ 27 റൺസോടെ പുറത്താകാതെ നിന്നു. മറ്റാർക്കും കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. ബംഗളൂരു നിരയിൽ നാലോവറിൽ വെറും 17 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് സിറാജ് തിളങ്ങി.
മറുപടി ബാറ്റിങ്ങിൽ കോഹ്‌ലിയും ഡു പ്ലസിയും തുടക്കം മുതലേ തകർത്തടിച്ചപ്പോൾ അവർ യാതൊരു ബുദ്ധിമുട്ടും കൂടാതെ വിജയത്തിലെത്തി. 63 പന്ത് നേരിട്ട വിരാട് കോഹ്‌ലി 12 ഫോറും 4 സിക്സും അടക്കമാണ് തന്റെ ആറാം ഐപിഎൽ സെഞ്ചുറിനേട്ടം പൂർത്തിയാക്കിയത്. 94 റൺസിൽ നിൽക്കെ ഭുവനേശ്വർ കുമാറിനെ സിക്സിന് തൂക്കിയായിരുന്നു അത്. ഇതോടെ, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരത്തിന്റെ റെക്കോർഡിൽ ക്രിസ് ഗെയിലിനൊപ്പം എത്തുകയും ചെയ്തു.
മത്സരത്തിൽ 103 മീറ്റർ ദൂരത്തിൽ ഒരു പടുകൂറ്റൻ സിക്സറും കോഹ്‌ലിയുടെ ബാറ്റിൽ നിന്നും പിറന്നിരുന്നു. അരങ്ങേറ്റമത്സരം കളിക്കുന്ന പേസർ നിതീഷ് റെഡ്ഡി എറിഞ്ഞ ഒൻപതാം ഓവറിന്റെ ആദ്യ പന്തിൽ ആയിരുന്നു അത്. ഡീപ് മിഡ് വിക്കറ്റിലേക്ക് കോഹ്‌ലി കളിച്ച പുൾഷോട്ട് ഗാലറിയിൽ വളരെ ഉയരത്തിലാണ് പതിച്ചത്. അതുകണ്ട് അമ്പരന്നുപോയ നോൺസ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന ഡു പ്ലെസ്സിയുടെ ദൃശ്യങ്ങളും ഇന്റർനെറ്റിൽ തരംഗമായി.