Categories
Uncategorized

4 വർഷത്തെ കാത്തിരിപ്പാണ്; ആറാം ഐപിഎൽ സെഞ്ചുറി നേടിയ കോഹ്‌ലിയുടെ ഇന്നിങ്സ് ഹൈലൈറ്റ്സ്.. വീഡിയോ കാണാം

ഹൈദരാബാദിൽ ഇന്നലെ നടന്ന ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ 8 വിക്കറ്റ് വിജയം നേടിയ ബംഗളൂരു പ്ലേഓഫ് പ്രതീക്ഷകൾ സജീവമായി നിലനിർത്തി. സീസണിലെ അവസാന ലീഗ് മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെയാണ് ഇനി അവർക്ക് നേരിടേണ്ടത്. ടൂർണമെന്റിൽ നിന്നും നേരത്തെതന്നെ പുറത്തായ ഹൈദരാബാദിനായി വിക്കറ്റ് കീപ്പർ ക്ലാസ്സൻ തകർപ്പൻ സെഞ്ചുറിയുമായി തിളങ്ങിയെങ്കിലും, നാല് വർഷത്തിന് ശേഷമുള്ള വിരാട് കോഹ്‌ലിയുടെ ഐപിഎൽ സെഞ്ചുറിയിലൂടെ ബംഗളൂരു മറുപടി നൽകുകയായിരുന്നു.

ആദ്യ ബാറ്റിങ്ങിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് നേടിയ 186 റൺസ്, വെറും രണ്ടു വിക്കറ്റ് നഷ്ടത്തിൽ നാല് പന്തുകൾ ശേഷിക്കെ റോയൽ ചലഞ്ചേഴ്സ് മറികടക്കുകയായിരുന്നു. 47 പന്തിൽ 71 റൺസെടുത്ത നായകനും സഹഓപ്പണറുമായ ഡു പ്ലെസ്സി കോഹ്‌ലിയ്‌ക്ക് മികച്ച പിന്തുണ നൽകി. 63 പന്ത് നേരിട്ട കോഹ്‌ലി, 12 ഫോറും 4 കൂറ്റൻ സിക്സും അടക്കമാണ്‌ 100 റൺസ് നേടിയത്. ഐപിഎല്ലിലെ അദ്ദേഹത്തിന്റെ ആറാം സെഞ്ചുറി നേട്ടമാണ് ഇത്. ഈ പ്രകടനത്തോടെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ക്രിസ് ഗെയിലിന്റെ റെക്കോർഡിനൊപ്പം എത്തുകയും ചെയ്തു.

ഓപ്പണറായി ഇറങ്ങിയിട്ടും പവർപ്ലെ ഓവറുകളിൽ വേഗത്തിൽ റൺസ് കണ്ടെത്താൻ സാധിക്കുന്നില്ല എന്ന വിമർശനങ്ങൾ ഒരുപാട് കേൾക്കേണ്ടിവന്ന കോഹ്‌ലി, ഇന്നലെ തന്റെ ബാറ്റിംഗ് ക്ലാസ്സ് തെളിയിക്കുകയായിരുന്നു. മത്സരത്തിലെ ആദ്യ ഓവറിൽ താൻ നേരിട്ട ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തിയാണ്‌ ഇന്നിങ്സ് തുടങ്ങിയത്. പവർപ്ലെയിലെ ബാറ്റിംഗ് വെടിക്കെട്ട്, പവർപ്ലെ കഴിഞ്ഞിട്ടും തുടർന്നു. അതോടെ ഹൈദരാബാദ് ബോളർമാർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒൻപതാം ഓവറിന്റെ ആദ്യ പന്തിൽ 103 മീറ്ററിന്റെ ഒരു കൂറ്റൻ സിക്സും നേടിയ കോഹ്‌ലി, 94 റൺസിൽ നിൽക്കെ മറ്റൊരു സിക്‌സിലൂടെയാണ് തന്റെ സെഞ്ചുറിനേട്ടം പൂർത്തിയാക്കിയതും.

Leave a Reply

Your email address will not be published. Required fields are marked *