ഞായറാഴ്ച രാത്രി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന പതിനാറാം ഐപിഎൽ സീസൺ കലാശപ്പോരാട്ടത്തിൽ, ചെന്നൈ സൂപ്പർ കിംഗ്സിന്റെ എതിരാളികൾ ആരെന്ന് അറിയാനുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇതേ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി നടക്കുന്ന പ്ലേഓഫിലെ രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടുകയാണ്.
ചൊവ്വാഴ്ച നടന്ന ആദ്യ ക്വാളിഫയർ മത്സരത്തിൽ ഗുജറാത്തിനെ 15 റൺസിന് കീഴടക്കിയാണ്, ചെന്നൈ ഫൈനലിന് യോഗ്യത നേടിയത്. അതിനുശേഷം ബുധനാഴ്ച നടന്ന എലിമിനേറ്ററിൽ ലഖ്നൗവിനെ കീഴടക്കി എത്തുന്ന മുംബൈയും, ഗുജറാത്തും തമ്മിൽ മത്സരിച്ച് ഇന്ന് വിജയിക്കുന്നവർ ഫൈനലിലെത്തും. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തും, അഞ്ചുതവണ ജേതാക്കളായ മുംബൈയും പരസ്പരം കൊമ്പുകോർക്കുമ്പോൾ പോരാട്ടം തീപാറുമെന്നുറപ്പ്.
അതിനിടെ ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ ഒരു പ്രവർത്തി സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ചെന്നൈയിൽനിന്നും ഫൈനലിൽ പങ്കെടുക്കാനായി അഹമ്മദാബാദിലേക്ക് പുറപ്പെടുന്നതിന് മുൻപായി, ചെപ്പോക്ക് സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിനോട് അവരുടെ പ്രവർത്തനങ്ങൾക്ക് നന്ദി അറിയിക്കാനായി എത്തിയതായിരുന്നു അദ്ദേഹം.
ടൂർണമെന്റിൽ ഉടനീളം മികച്ച രീതിയിൽ മൈതാനം കാത്തുസൂക്ഷിച്ച മുതിർന്ന ഗ്രൗണ്ട് സ്റ്റാഫിനും, പിച്ച് മാർക്കർമാർക്കും ടീമിന്റെ പേരിലുള്ള കടപ്പാട് അറിയിച്ച ധോണി, അവരോടൊപ്പം നല്ല സമയം ചിലവഴിക്കുകയും ചെയ്തു. എല്ലാവർക്കും വേണ്ടിയിരുന്നത് ധോണിയുടെ ഓട്ടോഗ്രാഫ് ആയിരുന്നു. ഒട്ടും മടി കാണിക്കാതെ എല്ലാവർക്കും അത് നൽകുകയും, ഓരോരുത്തരോടും വ്യക്തിപരമായി സംസാരിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ടീം മാനേജ്മെന്റ് നൽകുന്ന ചെറിയൊരു പാരിതോഷികം എല്ലാവർക്കും ധോണിയുടെ കൈകൊണ്ട് വിതരണം ചെയ്യുന്നതും കാണാമായിരുന്നു.
വീഡിയോ..