ഐപിഎൽ പതിനാറാം സീസണിൽ എലിമിനേറ്റർ മത്സരം കൂടി പൂർത്തിയായപ്പോൾ, കിരീടപ്പോരിൽ ഇനി മത്സരിക്കുന്നത് മൂന്നേ മൂന്ന് ടീമുകൾ. ഒന്നാം ക്വാളിഫയർ മത്സരത്തിൽ ഗുജറാത്തിനെ തോൽപ്പിച്ച ചെന്നൈ, നേരത്തെതന്നെ ഫൈനലിൽ എത്തിയിരുന്നു. ഇന്നലെ നടന്ന പോരാട്ടത്തിൽ ലഖ്നൗവിനെ കീഴടക്കിയ മുംബൈ ഇന്ത്യൻസ്, രണ്ടാം ക്വാളിഫയർ മത്സരത്തിന് യോഗ്യത നേടിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി നടക്കുന്ന ആ മത്സരത്തിൽ, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മുംബൈയും ഗുജറാത്തും ഏറ്റുമുട്ടും. ഇതേ സ്റ്റേഡിയത്തിൽ ഞായറാഴ്ചയാണ് ഫൈനൽ.
ഇന്നലെ മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയ മുംബൈ 81 റൺസിനാണ് ലഖ്നൗവിനെ കീഴടക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അവർ, നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എടുത്തശേഷം, ലഖ്നൗവിനെ 16.3 ഓവറിൽ വെറും 101 റൺസിന് ഓൾഔട്ടാക്കുകയായിരുന്നു. 3.3 ഓവറിൽ വെറും 5 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി, കളിയിലെ താരമായ പേസർ ആകാശ് മധ്വാലാണ് അവരെ തകർത്തത്. അനാവശ്യമായി സൃഷ്ടിച്ച മൂന്ന് റൺഔട്ടുകളും ലഖ്നൗവിന്റെ പരാജയത്തിന് കാരണമായി.
അതിൽ ഏറ്റവും അപകടകാരിയായ ബാറ്റർ ഓസീസ് താരം മാർക്കസ് സ്റ്റോയിനിസിനെ പുറത്താക്കിയതാണ് മത്സരത്തിൽ ഏറ്റവും നിർണായകമായത്. കാരണം ഒരറ്റത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നപ്പോഴും, ഒട്ടും കൂസലില്ലാതെ ബാറ്റ് വീശുകയായിരുന്നു അദ്ദേഹം. 27 പന്തിൽ നിന്നും 5 ഫോറും ഒരു സിക്സും അടക്കം 40 റൺസാണ് നേടിയത്. അദ്ദേഹത്തിന്റെ പുറത്താകൽ ഇരു ബാറ്റർമാരുടേയും ശ്രദ്ധക്കുറവ് കൊണ്ടാണെന്ന് പറയേണ്ടിവരും.
ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ എറിഞ്ഞ പന്ത്രണ്ടാം ഓവറിന്റെ അഞ്ചാം പന്തിൽ ആയിരുന്നു പുറത്തായത്. ഡീപ് മിഡ് വിക്കറ്റ് ബൗണ്ടറിയിലേക്ക് പ്ലേസ് ചെയ്ത് ഡബിൾ എടുക്കാനായിരുന്നു സ്റ്റോയിനിസ് ശ്രമിച്ചത്. ദീപക് ഹൂഡയായിരുന്നു നോൺസ്ട്രൈക്കർ എൻഡിൽ. ഒരു റൺ ഓടിപ്പൂർത്തിയാക്കിയ ശേഷം, ഇരുതാരങ്ങളും പന്ത് എടുക്കുന്നത് നോക്കിയോടിയതാണ് വിനയായത്. രണ്ടാം റൺ എടുക്കുന്നതിനിടെ പിച്ചിന്റെ മധ്യത്തിൽവെച്ച് ഇരുവരും കൂട്ടിയിടിക്കുകയായിരുന്നു. എന്നിട്ടും സ്റ്റോയിനിസ് ഓടിയെങ്കിലും, ടിം ഡേവിഡ് എറിഞ്ഞ ത്രോയിൽ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ അപ്പോഴേക്കും വിക്കറ്റിൽ കൊള്ളിച്ചു.
വീഡിയോ കാണാം..