മികച്ച ടീം വർക്കിലൂടെ നേടിയെടുത്ത വിജയവുമായി മുംബൈ ഇന്ത്യൻസ് ഐപിഎൽ പ്ലേഓഫിലെ രണ്ടാം ക്വാളിഫയർ മത്സരത്തിന് യോഗ്യത നേടിയിരിക്കുകയാണ്. ഇന്നലെ ചെന്നൈയിൽ നടന്ന എലിമിനേറ്ററിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ 81 റൺസിനാണ് അവർ തറപറ്റിച്ചത്. വെള്ളിയാഴ്ച രാത്രി നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസാണ് അഞ്ചുതവണ ജേതാക്കളായ മുംബൈയുടെ എതിരാളികൾ.
ഇന്നലെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈക്കായി വലിയ ഇന്നിങ്സ് കളിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. എങ്കിലും എല്ലാവരും ടീം സ്കോറിലേക്ക് കൊച്ചുകൊച്ചു സംഭാവനകൾ നൽകിയിരുന്നു. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് അവർ നേടിയെടുത്തത്. ഇത് ഐപിഎൽ പ്ലേഓഫ് ചരിത്രത്തിലെ ഒരു റെക്കോർഡാണ്. ടീമിലെ ഒരു താരവും അർദ്ധസെഞ്ചുറി നേടാതെയുള്ള ഏറ്റവും ഉയർന്ന ടീം ടോട്ടൽ. 41 റൺസെടുത്ത ഗ്രീനും 33 റൺസെടുത്ത സൂര്യയുമാണ് ടോപ് സ്കോറർമാർ.
മറുപടി ബാറ്റിങ്ങിൽ ലഖ്നൗ നിരയിൽ ഉത്തരവാദിത്വത്തോടെ കളിക്കാൻ ആരും ശ്രമിച്ചില്ല. മോശം ഷോട്ടുകൾക്കൊപ്പം അനാവശ്യ റണ്ണിനായി ഓടി 3 റൺഔട്ടുകൾ കൂടിയായതോടെ, അവർ 16.3 ഓവറിൽ വെറും 101 റൺസിൽ ഓൾഔട്ടായി. ടീമിൽ ഒരേയൊരു താരമാണ് 20 റൺസിന് മുകളിൽ സ്കോർ കണ്ടെത്തിയത്. 27 പന്തിൽ 40 റൺസെടുത്ത മർകസ് സ്റ്റോയിനിസ്, അദ്ദേഹവും ഒരു റൺഔട്ടിലൂടെയാണ് മടങ്ങിയത്.
മത്സരത്തിൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് മുംബൈയുടെ പേസർ ആകാശ് മധ്വാൾ ആയിരുന്നു. 3.3 ഓവർ എറിഞ്ഞ് വെറും 5 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് ആണ് അദ്ദേഹം നേടിയത്. ഇത് ഐപിഎൽ പ്ലേഓഫ് ചരിത്രത്തിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണ്. ഈ സീസണിൽ ഇതുവരെ അവസരം ലഭിച്ചപ്പോൾ ഒക്കെയും നല്ല ബോളിംഗാണ് അദ്ദേഹം കാഴ്ചവെച്ചിരുന്നത്. ഏറ്റവും നിർണായകമായ ഹൈദരാബാദിനെതിരെ നടന്ന അവസാന ലീഗ് മത്സരത്തിൽ 4 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിരുന്നു.
അഞ്ച് വിക്കറ്റ് വിഡിയോ കാണാം..