പതിനാറാം ഐപിഎൽ സീസൺ അതിന്റെ അവസാന ആഴ്‌ച്ചയിലാണ് എത്തിനിൽക്കുന്നത്. രണ്ട് മാസത്തോളം നീണ്ട ആവേശപോരാട്ടങ്ങൾക്കൊടുവിൽ ഇനി അവശേഷിക്കുന്നത് രണ്ടേ രണ്ട് മത്സരങ്ങൾ. ആദ്യ ക്വാളിഫയർ വിജയിച്ച ചെന്നൈ സൂപ്പർ കിംഗ്സ് നേരത്തെത്തന്നെ ഫൈനലിൽ എത്തിയിരുന്നു. അവരുടെ എതിരാളികളെ കണ്ടെത്താനുള്ള രണ്ടാം ക്വാളിഫയർ മത്സരം ഇന്ന് രാത്രി നടക്കാൻ പോകുകയാണ്.
നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും, അഞ്ചുതവണ ജേതാക്കളായ മുംബൈ ഇന്ത്യൻസും തമ്മിലാണ് മത്സരം. ടേബിൾ ടോപ്പേഴ്‌സായി പ്ലേഓഫിലേക്ക് കുതിച്ചെത്തിയ ഗുജറാത്തിന് പക്ഷേ, ചെന്നൈയ്ക്ക് മുന്നിൽ കാലിടറി. നാലാം സ്ഥാനക്കാരായി എത്തിയ മുംബൈ, മൂന്നാം സ്ഥാനക്കാരായ ലഖ്നൗവിനെ എലിമിനേറ്റ് ചെയ്താണ് വരവ്. ആ ആധികാരികവിജയത്തിന്റെ ആത്മവിശ്വാസത്തിൽ വരുന്ന മുംബൈയ്ക്ക് പക്ഷേ, സന്തുലിതമായ ഗുജറാത്ത് ടീമിനോടാണ് ഏറ്റുമുട്ടേണ്ടത്.
അതിനിടെ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയ്ക്ക് നേരിട്ട ഒരു അപ്രതീക്ഷിത നിമിഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. കനത്ത പോലീസ് സുരക്ഷയിൽ ടീം ബസിലേക്ക് കയറാൻ തുടങ്ങിയ രോഹിത്തിന്റെ നേർക്ക്, ആൾക്കൂട്ടത്തിൽ നിന്നും ഒരു യുവാവ് പാഞ്ഞടുക്കുകയായിരുന്നു.
പെട്ടെന്നുള്ള നിമിഷത്തിൽ അദ്ദേഹം ഫോൺ നീട്ടി സെൽഫിയെടുക്കാൻ തുടങ്ങിയെങ്കിലും രോഹിത് അനിഷ്ടം പ്രകടിപ്പിച്ചു. തുടർന്ന് അയാൾ ഒരു വിചിത്രമായ ആവശ്യമാണ് ഉന്നയിച്ചത്. തന്റെ കവിൾത്തടത്തിൽ ചൂണ്ടിക്കാണിച്ചുകൊണ്ട് മുത്തം നൽകണമെന്ന് ആവർത്തിച്ചുകൊണ്ടിരുന്നു. യുവാവിന്റെ ഞെട്ടിക്കുന്ന ആവശ്യം കേട്ട് രോഹിത് ശർമ തെല്ലൊന്ന് അമ്പരന്നുപോയി. തുടർന്ന്, അയാളെ വശത്തേക്ക് മാറ്റി ഒരുവിധത്തിൽ ബസിൽ കയറിപ്പറ്റി. അപ്പോഴേക്കും സമീപത്ത് നിന്നിരുന്നവർ അയാളെ പിടിച്ചുമാറ്റുന്നതും കാണാം.
വീഡിയോ..