അവസാന ഓവർ വരെ നാടകീയത നിറഞ്ഞ അവസാന ഏകദിനത്തിൽ, ഇന്ത്യ ഉയർത്തിയ വലിയ വിജയ ലക്ഷ്യം സിക്കന്ദർ റാസയുടെ സെഞ്ച്വറിയുടെ (115) പിൻബലത്തിൽ അവസാന ഓവർ വരെ പൊരുതിയാണ് സിബാബ് വെ വെറും 13 റൺസിനു പരാജയപ്പെട്ടത്, റാസയ്ക്ക് പിന്തുണയുമായി മറ്റൊരു താരം കൂടി ക്രീസിൽ നിന്നിരുന്നെങ്കിൽ ഫലം മറിച്ചായേനെ.
മത്സരത്തിൽ ടോസ്സ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കെ.എൽ രാഹുൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു, ഇന്ത്യൻ നിരയിൽ പ്രസിദ് കൃഷ്ണയ്ക്കും, മുഹമ്മദ് സിറാജിനും പകരം ദീപക് ചഹറും, ആവേശ് ഖാനും ഇടം പിടിച്ചപ്പോൾ സിബാബ് വെയും 2 മാറ്റങ്ങളുമായാണ് ഇന്ന് കളത്തിലിറങ്ങിയത്, വെസ്‌ലി മാധവേരയ്ക്കും, തനാക്ക ചിവാൻഗയ്ക്കും പകരമായി, ടോണി മുന്യോഗയും, റിച്ചാർഡ് നഗ്രാവയും സിബാബ് വെൻ നിരയിൽ ഇടം നേടി.
ശിഖർ ധവാനും, കെ.എൽ. രാഹുലുമാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനിറങ്ങിയത്, ആക്രമിച്ച് കളിക്കുന്നതിൽ പേരു കേട്ട ഇരുവരും വളരെ പതിയെ ആണ് ഇന്നത്തെ മത്സരത്തിൽ കളിച്ചത്, ഓപ്പണിങ് വിക്കറ്റിൽ 63 റൺസ് കൂട്ട് കെട്ട് ഉണ്ടാക്കിയതിന് പിന്നാലെ 46 പന്തിൽ 1 ഫോറും 1 സിക്സും അടക്കം 30 റൺസ് നേടിയ ക്യാപ്റ്റൻ രാഹുലിനെ ബ്രാഡ് ഇവാൻസ് ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു, പിന്നാലെ 40 റൺസ് എടുത്ത ശിഖർ ധവാനെയും ഇവാൻസ് വില്യംസിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു,
മികച്ച ഫോമിലുള്ള ശുഭ്മാൻ ഗിൽ ക്രീസിലെത്തിയതോടെ ഇന്ത്യൻ സ്കോർ ബോർഡ് വേഗത്തിൽ ചലിക്കാൻ തുടങ്ങി, തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിച്ച് ബൗണ്ടറികളിലൂടെ റൺസ് നേടാൻ ഗില്ലിന് സാധിച്ചു, 44ആം ഓവറിൽ തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി നേടാൻ ശുഭ്മാൻ ഗില്ലിന് സാധിച്ചു. പതുക്കെ തുടങ്ങി പിന്നീട് ബൗണ്ടറികൾ കണ്ടെത്തി ഗില്ലിന് പിന്തുണയുമായി മറുവശത്ത് ഇഷാൻ കിഷനും നന്നായി ബാറ്റ് ചെയ്തതോടെ ഇന്ത്യ മികച്ച നിലയിൽ എത്തി.
ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറി മികവിൽ 50 ഓവറിൽ 289/8 എന്ന മികച്ച സ്കോർ നേടാൻ ഇന്ത്യക്ക് സാധിച്ചു, സിബാബ് വെക്ക് വേണ്ടി 10 ഓവറിൽ 54 റൺസ് വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തിയ ബ്രാഡ് ഇവാൻസ് ബോളിങ്ങിൽ തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിബാബ് വെക്ക് ഇടവേളകളിൽ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോൾ 290 എന്ന ലക്ഷ്യം ബാലികേറാമലയായി, 169/7 എന്ന നിലയിൽ സിബാബ് വെൻ മുൻനിര ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞു, സീൻ വില്യംസ് പൊരുതി നോക്കിയെങ്കിലും 45 റൺസിൽ ആ പോരാട്ടവും അവസാനിച്ചു, പക്ഷെ അത്ര പെട്ടന്ന് തോറ്റു കൊടുക്കാൻ സിക്കന്ദർ റാസ ഒരുക്കമല്ലായിരുന്നു,
8ആം വിക്കറ്റിൽ പേസ് ബോളർ ഇവാൻസുമായി ചേർന്ന് സിക്കന്ദർ റാസ 104 റൺസിന്റെ കൂട്ട്കെട്ടുണ്ടാക്കി, മറുവശത്ത് 28 റൺസുമായി ഇവാൻസ് റാസയ്ക്ക് മികച്ച പിന്തുണ നൽകി, 48ആം ഓവറിൽ ബ്രാഡ് ഇവാൻസിനെ വിക്കറ്റിനു മുന്നിൽ കുടുക്കി ആവേശ് ഖാൻ ഇന്ത്യയ്ക്ക് നിർണായക വിക്കറ്റ് സമ്മാനിച്ചു, പിന്നാലെ അടുത്ത ഓവറിൽ റാസയെ ഉജ്വല ക്യാച്ചിലൂടെ ശുഭ്മാൻ ഗിൽ മടക്കിയപ്പോൾ ഇന്ത്യ വിജയത്തിലെത്തുകയായിരുന്നു.
ഇന്ത്യൻ താരങ്ങളുടെ വിജയഘോഷം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്, സൂപ്പർ ഹിറ്റ് ഹിന്ദി പാട്ടിനൊപ്പം ചടുലമായി ഡാൻസ് കളിക്കുന്ന താരങ്ങളുടെ വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.