പാക്കിസ്ഥാൻ താരം ഫഖര്‍ സമാനേ പുറത്താക്കാൻ ബൗണ്ടറി ലൈനിൽ ഉഗ്രൻ ക്യാച്ച് എടുത്ത് ശ്രീലങ്കൻ താരം വനിന്ദു ഹസരംഗ. ഏഷ്യ കപ്പ് സൂപ്പർ ഫോർ ഘട്ടത്തിലെ അവസാന മത്സരത്തിൽ പാകിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടുകയാണ്. ഇരു ടീമുകളും നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചതിനാൽ ഇന്നത്തെ മത്സരം അപ്രസക്തമാണ്. ഞായറാഴ്ചയാണ് ഫൈനൽ മത്സരം.
മത്സരത്തിന്റെ പത്താം ഓവറിൽ ആയിരുന്നു സൂപ്പർ ക്യാച്ച്. ചാമിക കരുണരത്‌നെ എറിഞ്ഞ ഓവറിന്റെ രണ്ടാം പന്തിൽ അപ്പർ കട്ടിലൂടെ സിക്സ് നേടാൻ ശ്രമിച്ച സമാനു പിഴച്ചു. സ്വീപ്പർ കവർ ബൗണ്ടറിയിൽ നിൽക്കുകയായിരുന്ന ഹസരംഗ പന്ത് കൃത്യമായി ജഡ്ജ് ചെയ്ത് നിമിഷനേരംകൊണ്ട് വായുവിൽ ഉയർന്ന് പന്ത് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.
ക്യാച്ച് ആയത് വിശ്വസിക്കാനാവാതെ ക്രീസിൽ നിലയുറപ്പിച്ച സമാൻ മടങ്ങാൻ കൂട്ടാക്കാതെ നിന്നു. ഒടുവിൽ റീപ്ലേ കണ്ടപ്പോൾ വ്യക്തമായി കാൽ ബൗണ്ടറി ക്യൂഷനിൽ തട്ടാതെയാണ് ഈസിയായി ക്യാച്ച് എടുത്തതെന്ന്. 18 പന്തിൽ 13 റൺസ്സുമായി അദ്ദേഹത്തിന് മടങ്ങേണ്ടിവന്നു.
ഫീൽഡിൽ മാത്രമല്ല, ബോളിങിലും ഇന്ന് ഹസരങ്കയുടെ ദിവസമായിരുന്നു. 4 ഓവറിൽ വെറും 21 റൺസ് വഴങ്ങി മൂന്ന് പാക്കിസ്ഥാൻ വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. മൂന്നും ക്ലീൻ ബോൾഡ് വിക്കറ്റുകൾ. ആദ്യം 29 പന്തിൽ 30 റൺസ് എടുത്ത പാക്ക് നായകൻ ബാബർ അസമിന്റെ വിക്കറ്റ്. പിന്നീട് തന്റെ നാലാം ഓവറിന്റെ അവസാന രണ്ട് പന്തുകളിൽ ഇഫ്തിക്കാർ അഹമ്മദ്, ആസിഫ് അലി എന്നിവരെയും പുറത്താക്കി.
നേരത്തെ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ നായകൻ ദാസും ശനാക ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ചരിത്ത് അസലങ്കക്ക് പകരം ദനഞ്ജയ ഡെ സിൽവയും അസിത്ത ഫെർണാണ്ടോക്ക് പകരം അരങ്ങേറ്റം കുറിക്കുന്ന ബോളർ പ്രമോദ് മധുശനും ശ്രീലങ്കൻ നിരയിൽ ഇടംനേടി. പാക്കിസ്ഥാൻ നസീം ഷാക്കും ശദാബ് ഖാനും വിശ്രമം നൽകിയപ്പോൾ ഉസ്മാൻ ഖാദിരും ഹസൻ അലിയും ടീമിൽ ഇടംപിടിച്ചു.
വളരെ അച്ചടക്കത്തോടെ പന്തെറിഞ്ഞ ശ്രീലങ്കൻ ബോളർമാർ പാക്കിസ്ഥാനെ വലിയ സ്കോർ നേടുന്നതിൽ നിന്നും തടഞ്ഞു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നേടി പാക്ക് ബാറ്റിംഗ് നിരയെ സമ്മർദ്ദത്തിൽ ആക്കിക്കൊണ്ട് 19.1 ഓവറിൽ വെറും 121 റൺസിന് ഓൾഔട്ടാക്കി. അവസാന ഓവറുകളിൽ 18 പന്തിൽ ഒരു ബൗണ്ടറിയും രണ്ട് സിക്സും അടക്കം 26 റൺസ് നേടിയ മുഹമ്മദ് നവാസ് ആണ് അവരെ നൂറുകടത്തിയത്.
ബൗണ്ടറി ലൈനിൽ നിന്നുള്ള ഹസരങ്കയുടെ ക്യാച്ച് കണ്ട് പാകിസ്താൻ ഫാൻസിൻ്റെ വരെ കിളി പോയി ;വീഡിയോ കാണാം.