Categories
Cricket Latest News

സൂപ്പർ ഓവറിൽ സൂപ്പറായി ഇന്ത്യൻ പെൺപ്പട ! വാശിയേറിയ സൂപ്പർ ഓവറിൻ്റെ ഫുൾ വീഡിയോ കാണാം

വനിതാ ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഇന്ത്യ ഓസ്ട്രേലിയ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടീം ഇന്ത്യക്ക് തകർപ്പൻ വിജയം. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യ പരമ്പരയിൽ മികച്ചൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായിക ഹർമൻപ്രീത് കൗർ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എങ്കിലും ഓസീസ് തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. 15 പന്തിൽ 5 ബൗണ്ടറി അടക്കം 25 റൺസ് എടുത്ത നായിക അലീസ ഹീലിയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. വേർപിരിയാത്ത രണ്ടാം വിക്കറ്റിൽ ബേത്ത് മൂണിയും തലിയ മഗ്രാത്തും ചേർന്ന് 158 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചപ്പോൾ അവർ നിശ്ചിത 20 ഓവറിൽ 187 റൺസ് നേടി. മൂണി 82 റൺസും മഗ്രാത് 70 റൺസും എടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയും അതേ നാണയത്തിൽ തിരിച്ചടിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഒന്നാം വിക്കറ്റിൽ 8.4 ഓവറിൽ 76 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് 34 റൺസ് എടുത്ത ഷഫാലി വർമ പുറത്തായത്. ഒരറ്റത്ത് വിക്കറ്റ് വീണുകൊണ്ടിരുന്നപ്പോഴും ഓപ്പണർ സ്മൃതി മന്താന വെടിക്കെട്ട് ബാറ്റിംഗിലൂടെ റൺനിരക്ക് കുറയാതെ കാത്തു. ഒടുവിൽ 79 റൺസ് എടുത്ത സ്മൃതിയുടെ വിക്കറ്റ് നഷ്ടമായി ഇന്ത്യ അൽപം പ്രതിസന്ധിയിൽ ആയെങ്കിലും 13 പന്തിൽ 3 സിക്സ് അടക്കം 26 റൺസ് എടുത്ത വിക്കറ്റ് കീപ്പർ റിച്ച ഘോഷും 5 പന്തിൽ രണ്ട് ബൗണ്ടറി അടക്കം 11 റൺസ് നേടിയ ദേവിക വൈദ്യയും ചേർന്ന് ആഞ്ഞുവീശി നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയും 187 റൺസിൽ എത്തിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക്..

സൂപ്പർ ഓവറിൽ ഇന്ത്യക്കായി ഇറങ്ങിയത് വിക്കറ്റ് കീപ്പർ റിച്ച ഘോഷ്, ഓപ്പണർ സ്മൃതി മന്ഥാന എന്നിവരായിരുന്നു. ആദ്യ പന്തിൽ തന്നെ റിച്ച സിക്സ് നേടി. അടുത്ത പന്തിൽ ക്യാച്ച് ഔട്ട് ആകുകയും ചെയ്തു. പിന്നീട് വന്ന നായിക ഹർമൻ സിംഗിൾ എടുത്ത് സ്മൃതിക്ക് സ്ട്രൈക്ക് കൈമാറി. നാലാം പന്തിൽ ബൗണ്ടറി, അഞ്ചാം പന്തിൽ സിക്സ്, അവസാന പന്തിൽ ട്രിപ്പിൾ എന്നിങ്ങനെ നേടി സ്മൃതി ഇന്ത്യയെ 20 റൺസിൽ എത്തിച്ചു.

ഇന്ത്യക്ക് വേണ്ടി സൂപ്പർ ഓവർ എറിഞ്ഞത് പേസർ രേണുക സിംഗ് താക്കൂർ ആയിരുന്നു. ആദ്യ പന്തിൽ തന്നെ ഓസീസ് നായിക ഹീലി ബൗണ്ടറി നേടി. രണ്ടാം പന്തിൽ സിംഗിൾ നേടുന്ന സമയത്ത് ഒരു റൺ ഔട്ട് അവസരം ഇന്ത്യ പാഴാക്കിയെങ്കിലും മൂന്നാം പന്തിൽ ഗർഡനേർ ലോങ് ഓഫിൽ ക്യാച്ച് നൽകി പുറത്തായി. പിന്നീട് വന്ന താലിയ മഗ്രാത്ത് സിംഗിൾ എടുത്ത് ഹീലിക്ക്‌ നൽകി. അഞ്ചാമത്തെ പന്തിൽ ഒരു ബൗണ്ടറിയും അവസാന പന്തിൽ ഒരു സിക്സും നേടിയെങ്കിലും സ്കോർ 16 റൺസ് മാത്രമേ ഉണ്ടായുള്ളൂ. ഇന്ത്യക്ക് സൂപ്പർ ഓവറിൽ 4 റൺസിന്റെ ആവേശവിജയം. ഇതോടെ പരമ്പരയിൽ ഇരു ടീമുകളും ഇപ്പോൾ ഒപ്പത്തിനൊപ്പം.

വീഡിയോ :

Leave a Reply

Your email address will not be published. Required fields are marked *